കേരളത്തിന്റെ കണ്ണ് തുറപ്പിക്കട്ടെ

Thursday 5 May 2016 7:40 pm IST

നിയമവിദ്യാര്‍ത്ഥിനിയായ ഒരു ദളിത് പെണ്‍കുട്ടിയുടെ ക്രൂരമായ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ ചില സാമൂഹ്യയാഥാര്‍ത്ഥ്യങ്ങള്‍ തുറന്നുകാട്ടുകയാണ് ഈ കുറിപ്പിന്റെ ലക്ഷ്യം. അതിനെ രാഷ്ട്രീയമെന്ന ചെറിയ ചട്ടക്കൂടില്‍ മാത്രം കാണരുതെന്നാണ് അപേക്ഷ. ജിഷയുടെ ദാരുണ മരണം ഉയര്‍ത്തുന്നത് ഒരുപാട് ചോദ്യങ്ങളാണ്. കേരളത്തെയും മലയാളി സമൂഹത്തെയും അപമാനക്കടലിലേക്ക് തള്ളിയിടുന്ന ഈ ദുരന്തം സംസ്ഥാനത്തെ പിന്നാക്ക-ദളിത് വിഭാഗങ്ങളുടെ ജീവിതസാഹചര്യങ്ങള്‍ പുറത്തുവരാനെങ്കിലും വഴിവെക്കട്ടെ. ജിഷയുടെ ജീവത്യാഗത്തിന് പകരംവെക്കാന്‍ ഒന്നുമില്ല. വീടോ, പണമോ, ജോലിയോ ഒന്നും ആ ജീവന്, പാവപ്പെട്ട നിരാശ്രയായ ജീവിതത്തില്‍ കഷ്ടപ്പാടിന്റെ കയ്പുനീരു മാത്രം കുടിക്കേണ്ടി വന്ന ഒരമ്മയുടെ നഷ്ടത്തിന് പകരമാവില്ല. പക്ഷേ കേരളത്തിലെ പുറമ്പോക്കുകളിലും കോളനികളിലും വഴിയോരങ്ങളിലും കഴിയുന്ന ലക്ഷക്കണക്കിന് ജിഷമാരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക്, കുറഞ്ഞപക്ഷം അടച്ചുറപ്പുള്ള ഒരു കൂരയിലേക്കെങ്കിലും കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ക്ക് കാരണമായില്ലെങ്കില്‍ അതിന്റെ മാനക്കേട് ഓരോ മലയാളിക്കുമുണ്ട്, കേരളത്തിനുണ്ട്. പെരുമ്പാവൂര്‍ കുറുപ്പംപടിയിലെ കനാലോരത്ത് സര്‍ക്കാര്‍ പുറമ്പോക്കില്‍ അരപ്പട്ടിണിയില്‍ കഴിഞ്ഞ ജിഷയുടെ ദയനീയമായ അന്ത്യത്തിന് എന്ത് മറുപടിയാണ് കേരളത്തിന് പറയാനാവുക. ഒറ്റമുറി വീട്ടില്‍ ഒരു നേരത്തെ അന്നത്തിന് ഗതിയില്ലാതെ ഒരമ്മയും മകളും നരകജീവിതം നയിച്ചപ്പോള്‍ കാണ്ടില്ലെന്ന് നടിച്ചവര്‍ സഹതപിക്കാന്‍ ഓടിക്കൂടുന്നത് വോട്ടെന്ന താല്‍പ്പര്യം ഒന്നുകൊണ്ട് മാത്രമാണെന്ന് കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന പിന്നാക്കജനത തിരിച്ചറിയുന്നുണ്ട്. ശുഭ്രവസ്ത്രവും വിടര്‍ന്ന ചിരിയും വിപഌവപ്രസംഗങ്ങളുമൊന്നും അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമല്ല. അവരുടെ കണ്ണീരിനും ദുരിതത്തിനും ഉത്തരവാദികള്‍ കേരളം കഴിഞ്ഞ ആറ് പതിറ്റാണ്ട് ഭരിച്ച ഇടതു-വലത് മുന്നണികളാണ്. ഭരണനേട്ടങ്ങളുടെ വര്‍ണക്കടലാസുകളിലൊന്നും ആ കറുത്ത മുഖങ്ങളിലെ കണ്ണീര്‍ത്തുള്ളികള്‍ കാണില്ല. കണ്ടിരുന്നെങ്കില്‍ ജിഷയ്ക്ക് ഈ ദുര്‍ഗതി വരില്ലായിരുന്നു.സിപിഎമ്മിന്റെ എംഎല്‍എ പ്രതിനിധീകരിക്കുന്ന മണ്ഡലത്തിലെ ഇടതുമുന്നണി ഭരിക്കുന്ന പഞ്ചായത്തിലെ ഇടതുമെമ്പറുടെ വാര്‍ഡിലെ ജിഷയുടെയും അമ്മയുടെയും നരകജീവിതം എങ്ങനെ ശ്രദ്ധയില്‍പ്പെടാതെ പോയി. വോട്ട് ചോദിക്കാന്‍ ഒരുവട്ടമെങ്കിലും ഇവരാരെങ്കിലും ആ വീട്ടില്‍ തലയുയര്‍ത്തിക്കൊണ്ട് ചെന്നുകാണുമല്ലോ. എന്നിട്ടും സമര്‍ത്ഥയായ ആ വിദ്യാര്‍ത്ഥിനിയെ കൈപിടിച്ചുയര്‍ത്താന്‍ ആരുമുണ്ടായില്ല. അന്യവീടുകളിലെ അടുക്കളകളില്‍ പാത്രം കഴുകിയും കൂലിവേല ചെയ്തും മകളെ എല്‍എല്‍ബി വരെ പഠിപ്പിച്ച ആ അമ്മയുടെ ശാപത്തില്‍നിന്ന് നാമെങ്ങനെയാണ് കരകയറുക. ഒരു വീടുണ്ടാക്കാന്‍ വേണ്ടി ഇഷ്ടിക കടമായി ലഭിക്കാനുള്ള ഒരു ശുപാര്‍ശയ്ക്കായി ആ അമ്മ പ്രദേശത്തെ പ്രമുഖ നേതാക്കളെയൊക്കെ കണ്ട് യാചിച്ചിട്ടുപോലും ആരും കനിഞ്ഞില്ല. കേരളസര്‍ക്കാരിന്റെ സാമൂഹ്യക്ഷേമവകുപ്പിന് എന്ത് പ്രസക്തി. എന്തിനാണിങ്ങനെയൊരു വകുപ്പും മന്ത്രിയും. സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പാവങ്ങളുടെ ക്ഷേമത്തിന് നല്‍കുന്ന ഫണ്ട് തട്ടിയെടുക്കാനുള്ള സംവിധാനങ്ങളായി ഇതെല്ലാം പരിണിമിച്ചു കഴിഞ്ഞിട്ട് പതിറ്റാണ്ടുകളായി. ഭൂരിപക്ഷസമുദായങ്ങളില്‍പ്പെട്ട പാവങ്ങളുടെ അവസ്ഥയുടെ നേര്‍സാക്ഷ്യമാണ് ജിഷയുടെ കുടുംബം. സമാനമായ ലക്ഷക്കണക്കിന് കുടുംബങ്ങള്‍ പാതയോങ്ങളിലും പുറമ്പോക്കുകളിലും കോളനികളിലും അന്തിയുറങ്ങുന്നു. ഈ കോളനികളില്‍ പിറന്ന് അവിടെ തന്നെ ഒടുങ്ങുന്ന ജനലക്ഷങ്ങളെ ജാഥതൊഴിലാളികളും വോട്ടുകുത്തലുകാരുമായി മാത്രമാണ് ഇടതുവലതുമുന്നണികള്‍ ഇത്രയും കാലം പരിഗണിച്ചിട്ടുള്ളത്. എക്കാലത്തും ദളിതരെയും പിന്നോക്കക്കാരെയും പ്രത്യേക കോളനികളിലും ഹോസ്റ്റലുകളിലും വിദ്യാലയങ്ങളിലും തളച്ചിടാനാണ് കേരളത്തിലെ സര്‍ക്കാരുകള്‍ ശ്രമിച്ചിട്ടുള്ളത്. സാമൂഹ്യക്ഷേമവകുപ്പിലെ ജീവനക്കാര്‍ ഇത്തരം കോളനികളിലും ഹോസ്റ്റലുകളിലുംതന്നെ കഴിയണമെന്ന വ്യവസ്ഥയുണ്ടായിരുന്നെങ്കിലും വകുപ്പിന് ജോലിക്ക് ആളെ കിട്ടില്ലായിരുന്നു. പ്രാഥമിക സൗകര്യമില്ലാതെ, കുടിവെള്ളമില്ലാതെ, വൈദ്യുതിയില്ലാതെ, ആവശ്യത്തിന് ഭക്ഷണമില്ലാതെ, വൈദ്യസഹായം ലഭിക്കാതെ, മരിച്ചാല്‍ അടുക്കളയില്‍ കുഴികുത്തി ദഹിപ്പിക്കേണ്ടി വരുന്ന ലക്ഷക്കണക്കിനാളുകള്‍ ഇപ്പോഴും കേരളത്തില്‍ പുഴുക്കളെ പോലെ ജീവിക്കുന്നുണ്ടെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയപ്പെടേണ്ട കാലം കഴിഞ്ഞു. ന്യൂനപക്ഷ പ്രീണനമെന്ന ഒറ്റ അജണ്ടയില്‍ ചുറ്റിപ്പറ്റി കേരളരാഷ്ട്രീയം മാറിയപ്പോള്‍ പിന്നോക്കരും ദളിതരും മറിച്ച് ചിന്തിക്കേണ്ടതായിരുന്നു. ഒരര്‍ത്ഥത്തില്‍ അവരാണ് തെറ്റുകാര്‍. വിവിധ സര്‍ക്കാരുകള്‍ ഇത്രയും കാലം പതിച്ചുനല്‍കിയ പട്ടയങ്ങള്‍ ആര്‍ക്കാണ് ലഭിച്ചത്. കോടികളുടെ സഹായ പദ്ധതികള്‍ എവിടെ കൊണ്ടുപോയി തുലച്ചു. ആദിവാസി ജനസമൂഹത്തില്‍ നിന്ന് എത്രപേര്‍ പൊതുധാരയില്‍ എത്തി. എത്ര പേര്‍ ഡോക്ടര്‍മാരും എന്‍ജിനിയര്‍മാരുമായി. ദളിത് ജീവനക്കാര്‍ സര്‍ക്കാര്‍ സര്‍വീസില്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ക്ക് എന്ത് പരിഹാരം ഉണ്ടാക്കി. സിറിയയിലെയും ഇറാക്കിലെയും മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കും ക്രൂരതകള്‍ക്കും എതിരെ പൊതുസമ്മേളനങ്ങളും കാമ്പയ്‌നുകളും നടത്തുന്നവര്‍ ഇവിടെ വയനാട്ടിലും കോതമംഗലത്തും ആദിവാസി യുവതികള്‍ റോഡിലും ഓട്ടോറിക്ഷയിലും ചാപിള്ളകളെ പ്രസവിക്കുമ്പോള്‍ മിണ്ടാട്ടം മുട്ടിപ്പോകുന്നതെന്തുകൊണ്ടാണ്. എച്ചില്‍കൂനയില്‍നിന്ന് സാക്ഷര - സുന്ദര കേരളത്തിലെ ആദിവാസി കുഞ്ഞുങ്ങള്‍ ഭക്ഷണം വാരിക്കഴിക്കുന്ന കാഴ്ച ഈയിടെ നാം കണ്ടതാണ്. കേരളത്തിലെ ദളിതര്‍ നേരിടുന്നത് പീഡനങ്ങളല്ലേ. അന്യസംസ്ഥാനങ്ങളിലെ ദളിതര്‍ക്ക് മാത്രമേ ഈ പരിഗണനയുള്ളോ. ഈ കപടനാട്യംകൊണ്ട് ഇനി ജനങ്ങളെ വഞ്ചിക്കാന്‍ ഇടതു-വലതു മുന്നണികള്‍ക്ക് കഴിയില്ല. ഇത്രയും കാലത്തെ വഞ്ചനയ്ക്ക് പ്രതികാരം ചെയ്യാനുള്ള ഒരുവസരാണ് ഈ തെരഞ്ഞെടുപ്പ്. അതിനുളള വിവേകം ഈ സമൂഹത്തിന് ഉണ്ടാകും. ഉണ്ടാകണം. ഇനിയും കേരളത്തില്‍ ജിഷമാരുണ്ടാകരുത്. അരക്ഷിതരായ ഒരു പെണ്‍കുട്ടിയും അമ്മമാരും ഇവിടെ ഒന്നു തള്ളിയാല്‍ പൊളിയുന്ന വാതിലിന് കാവലായി ഉറങ്ങാതിരിക്കരുത്. ജിഷയുടെ ആത്മാവിന് ശാന്തി കിട്ടട്ടെ. ആ പെണ്‍കുട്ടിയുടെ ജീവത്യാഗമെങ്കിലും കേരള സമൂഹത്തിന്റെ മനസും കണ്ണും തുറപ്പിക്കട്ടെ.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.