തമിഴ്‌നാട്ടില്‍ ഇത് രാഷ്ട്രീയ റാലികളുടെ കാലം

Thursday 5 May 2016 9:40 pm IST

ചെന്നൈ: തമിഴ്‌നാട്ടില്‍ രാഷ്ട്രീയ ചൂട് വര്‍ദ്ധിക്കുകയാണ്. വരും ദിവസങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസ് അധ്യക്ഷ സോണിയയും അടക്കമുള്ള ദേശീയ നേതാക്കള്‍കൂടി പ്രചാരണത്തിന്റെ ചുക്കാന്‍ പിടിക്കുന്നതോടെ തമിഴ്‌നാട്ടിലെ രാഷ്ട്രീയ ചിത്രം തന്നെ മാറ്റി വരയ്ക്കപ്പെടാം. കോണ്‍ഗ്രസ് ഡിഎംകെ സംഖ്യത്തിനുള്ള സാധ്യതകളും രാഷ്ട്രീയ നിരീക്ഷകര്‍ തള്ളിക്കളയുന്നില്ല. വ്യാഴാഴ്ച്ച നടന്ന റാലികളില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയയും ഡിഎംകെ നേതാവ് എം. കരുണാനിധിയും ഒരു വേദിയില്‍ എത്തിയിരുന്നു. ഇന്ന് കോയമ്പത്തൂരില്‍ നടക്കുന്ന റാലിയില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഡിഎംകെ ട്രഷറര്‍ എം.കെ. സ്റ്റാലിനും പങ്കെടുക്കും. വരും ദിവസങ്ങളിലും രാഹുല്‍ തമിഴ്‌നാട്ടില്‍ ഡിഎംകെക്കൊപ്പം തെരഞ്ഞെടുപ്പ് വേദികളില്‍ പങ്കെടുക്കും. പ്രചാരണരംഗം സജീവമാക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്‌നാട്ടില്‍ എത്തും. ഹൊസൂര്‍, ചെന്നൈ എന്നിവിടങ്ങളില്‍ നടക്കുന്ന റാലികളില്‍ നാളെ മോദി പങ്കെടുക്കും. തുടര്‍ന്ന് ഈ മാസം എട്ടിന് കന്യാകുമാരിയിലും 11ന് വേദാരണ്യത്തിലും റാലികളില്‍ പങ്കെടുക്കും. കഴിഞ്ഞദിവസം ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ കന്യാകുമാരിയില്‍ നടന്ന റാലിയില്‍ പങ്കെടുത്തിരുന്നു. പുതുക്കിയ പദ്ധതി പ്രകാരം മുഖ്യമന്ത്രി ജയലളിത ചെന്നൈ നഗരത്തില്‍ നടക്കുന്ന അഞ്ച് റാലികളില്‍ ഇന്ന് പങ്കെടുക്കും. ചൂട് കാരണം റാലികളില്‍ നിന്ന് പിന്‍വലിഞ്ഞു നിന്നിരുന്ന ജയലളിത ഇന്നാണ് ഏറ്റവും കൂടുതല്‍ റാലികളില്‍ പങ്കെടുക്കുന്നത്. കനത്ത ചൂട് കണക്കിലെടുത്ത് വെല്ലൂരില്‍ നടക്കാനിരുന്ന റാലിയില്‍ നിന്നും പിന്മാറിയിരുന്നു. ബിഎസ്പി നേതാവ് മായാവതിയും ഒമ്പതിന് തമിഴ്‌നാട്ടിലെത്തുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.