പ്രവേശന നിയമമുള്ള സംസ്ഥാനങ്ങള്‍ക്ക് 'നീറ്റ്' ഇളവിന് സാധ്യത

Thursday 5 May 2016 9:43 pm IST

ന്യൂദല്‍ഹി: സ്വന്തമായി പ്രവേശന നിയമമുള്ള സംസ്ഥാനങ്ങള്‍ക്ക് നീറ്റ് പരീക്ഷയില്‍ ഇളവ് നല്‍കുന്ന കാര്യം പരിഗണിക്കാമെന്ന് സുപ്രീംകോടതി. സ്വകാര്യ മാനേജുമെന്റുകള്‍ നടത്തിയ പ്രവേശന പരീക്ഷ ഒരുകാരണവശാലും അംഗീകരിക്കില്ലെന്നും കോടതി വ്യക്തമാക്കി. കേസില്‍ കേന്ദ്രസര്‍ക്കാര്‍ ഇന്ന് കോടതിയെ നിലപാടറിയിക്കും. മെഡിക്കല്‍ പ്രവേശനത്തിനുള്ള ഏകീകൃത പരീക്ഷയായ നീറ്റ് നിര്‍ബന്ധമാക്കിയ സുപ്രീംകോടതി ഉത്തരവിനെതിരെ വിവിധ സംസ്ഥാനങ്ങളും സ്വകാര്യ മെഡിക്കല്‍ കോളേജ് മാനേജുമെന്റുകളും സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച കോടതി നീറ്റ് നടപ്പാക്കുന്നതില്‍ ന്യൂനപക്ഷ-ഭൂരിപക്ഷ പരിഗണനകള്‍ പ്രതീക്ഷിക്കേണ്ടെന്നും വ്യക്തമാക്കി. സ്വന്തമായി പ്രവേശന നിയമമുള്ള ചുരുക്കം ചില സംസ്ഥാനങ്ങള്‍ക്ക് നീറ്റ് ഒഴിവാക്കിക്കിട്ടാനുള്ള സാധ്യത തുറന്നിരിക്കുകയാണ് കോടതി പരാമര്‍ശത്തിലൂടെ. എന്നാല്‍ കേരളത്തിന് സ്വന്തമായ പ്രവേശന നിയമമില്ലാത്തതിനാല്‍ നീറ്റ് നിര്‍ബന്ധമാക്കേണ്ടിവരും. സംസ്ഥാന സര്‍ക്കാരിന്റെ പ്രവേശന പരീക്ഷ അടക്കം അസാധുവാക്കേണ്ടിയും വരും. പ്രവേശന നിയമമുള്ള സംസ്ഥാനങ്ങള്‍ക്ക് ഇളവ് നല്‍കുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാടിനാകും പ്രാധാന്യം. ഏകീകൃത പരീക്ഷ മതിയെന്ന നിലപാടാണ് കേന്ദ്രആരോഗ്യമന്ത്രാലയം സ്വീകരിച്ചിരിക്കുന്നത്. മെയ് ഒന്നിന് നടന്ന പ്രവേശന പരീക്ഷയില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് ജൂലൈ 24ന് നടക്കുന്ന രണ്ടാംഘട്ട പരീക്ഷയില്‍ അവസരം നല്‍കണമോയെന്ന കാര്യത്തില്‍ സിബിഎസ്ഇ നിലപാട് അറിയിക്കാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. കേസില്‍ ഇന്നും വാദം തുടരും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.