വീണ്ടും കര്‍ഷകദ്രോഹ നടപടിയുമായി റബ്ബര്‍ ബോര്‍ഡ്

Thursday 5 May 2016 10:47 pm IST

കോട്ടയം: കര്‍ഷക ദ്രോഹ നടപടിയുമായി വീണ്ടും റബ്ബര്‍ബോര്‍ഡ്. റബ്ബര്‍ തൈകള്‍ നടാന്‍ ബോര്‍ഡ് നല്‍കിവരുന്ന സബ്‌സിഡി നിര്‍ത്തിക്കൊണ്ടാണ് ബോര്‍ഡിന്റെ പുതിയ നടപടി. തീരുമാനം കേന്ദ്ര സര്‍ക്കാരിന്റേതാണെന്നു പ്രചരിപ്പിച്ച് തെരഞ്ഞെടുപ്പു വേളയില്‍ മോദി വിരോധം സൃഷ്ടിക്കാനുള്ള നീക്കമായാണ് ഇതിനെ വിലയിരുത്തുന്നത്. ആനുകൂല്യം കാത്തിരിക്കുന്ന 2009-വരെയുള്ള നാല്‍പ്പതിനായിരത്തോളം പെര്‍മിറ്റ് ഫയലുകള്‍ റദ്ദുചെയ്യാനാണ് പുതിയ തീരുമാനം. റബ്ബര്‍ പ്രൊഡക്ഷന്‍ കമ്മീഷണര്‍ 2016 ഏപ്രില്‍ അഞ്ചിന് ഉത്തരവിറക്കി. അഞ്ച് ഏക്കര്‍വരെ കൃഷിഭൂമിയുള്ള കര്‍ഷകര്‍ക്കാണ് ഈ ആനുകൂല്യം നല്‍കിവരുന്നത്. ഹെക്ടറിന് 25,000 രൂപവരെ ആനുകൂല്യം നല്‍കിയിരുന്നു. തൈ നട്ട് ഒരുവര്‍ഷം കഴിയുമ്പോള്‍ മുതല്‍ പ്രതിവര്‍ഷം ഫീല്‍ഡ് ഓഫീസറുടെ പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഘട്ടംഘട്ടമായി ഏഴുവര്‍ഷമായാണ് തുക വിതരണം ചെയ്യുന്നത്. ഇത്തരത്തില്‍ ഫീല്‍ഡ് ഓഫീസര്‍ പരിശോധന നടത്തി ആനുകൂല്യം നല്‍കാമെന്ന് ശുപാര്‍ശചെയ്ത ഫയലുകളാണ് റദ്ദാക്കിയത്. ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തില്‍ ആരംഭിച്ച ഇരുനൂറോളം ഫീല്‍ഡ് ഓഫീസുകളില്‍ അമ്പതോളം ഓഫീസുകള്‍ വിവിധ കാലഘട്ടങ്ങളില്‍ നിര്‍ത്തലാക്കിയിരുന്നു. നിലവിലുള്ള ഫീല്‍ഡ് ഓഫീസുകള്‍ വന്‍ വാടക കൊടുത്താണ് സ്വകാര്യ കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നത്. ഈ പാഴ്‌ചെലവു കുറയ്ക്കണമെന്നും പകുതിയെങ്കിലുമാക്കണമെന്നും നിര്‍ദ്ദേശം വന്നിരുന്നു. ഇൗ കാരണം പറഞ്ഞ് ഓഫീസുകള്‍ പൂട്ടാനാണ് ബോര്‍ഡ് തീരുമാനിച്ചത്. അതും കേന്ദ്രസര്‍ക്കാര്‍ തീരുമാനമെന്നാണ് പ്രചരിപ്പിച്ചത്. ഇത് വാര്‍ത്തയായപ്പോള്‍ ഫീല്‍ഡ് ഓഫീസുകള്‍ നിര്‍ത്തലാക്കില്ലെന്ന് റബ്ബര്‍ബോര്‍ഡ് പത്രക്കുറിപ്പ് ഇറക്കി. ഇതിനു പുറമേയാണിപ്പോള്‍ റബ്ബര്‍പ്ലാന്റേഷന്‍ ഇന്‍ഷ്വറന്‍സ് നിര്‍ത്തലാക്കാനുള്ള അധികൃതരുടെ പുതിയ തീരുമാനം. കര്‍ഷകര്‍ക്ക് നല്‍കുന്ന സബ്‌സിഡി തുകയില്‍നിന്നും ഒരു ചെറിയ പ്രീമിയം ഈടാക്കി നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനിയുമായി ചേര്‍ന്ന് നടപ്പിലാക്കിയിരുന്ന ഇന്‍ഷുറന്‍സ് പദ്ധതിയാണ് 17-03-2016-ലെ 39/1/15-16/ ആര്‍പിഡി ഉത്തരവിലൂടെ ഇല്ലാതായിരിക്കുന്നത്. പ്രകൃതി ക്ഷോഭം, കാറ്റ്, മഴ എന്നിവ മൂലം മരങ്ങള്‍ക്ക് നാശം സംഭവിച്ചാല്‍ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നതായിരുന്നു പ്രസ്തുത പദ്ധതി. ഏഴുവര്‍ഷം പ്രായമുള്ള മരത്തിന് നാശം സംഭവിച്ചാല്‍ 800 രൂപവരെ നഷ്ടപരിഹാരമായി ലഭിച്ചിരുന്നു. ഔദ്യോഗിക ബോര്‍ഡും സെക്രട്ടറിയും ഇല്ലാത്ത റബ്ബര്‍ബോര്‍ഡിലെ ചില ഉന്നത ഉദ്യോഗസ്ഥര്‍ രാഷ്ട്രീയ പ്രേരിതമായി നടത്തുന്ന കര്‍ഷക വിരുദ്ധനടപടികള്‍ വരുംകാലങ്ങളില്‍ റബ്ബര്‍കൃഷിയെ പ്രതികൂലമായി ബാധിക്കുമെന്നാണ് കര്‍ഷകരുടെ ആശങ്ക. നരേന്ദ്രമോദി സര്‍ക്കാരിനെതിരെ കര്‍ഷകവിരുദ്ധ വികാരം ഉണ്ടാക്കിയെടുത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സനുകൂല വികാരമുണ്ടാക്കാന്‍ ബോര്‍ഡിലെ ഉന്നത രാഷ്ട്രീയ ബന്ധമുള്ള ഒരു ഉദ്യോഗസ്ഥന്‍ ശ്രമിക്കുന്നതായും ആക്ഷേപമുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.