നിയമങ്ങള്‍ നടപ്പാക്കാന്‍ വൈകരുത്: മന്ത്രിമാരോട് മോദി

Thursday 5 May 2016 10:52 pm IST

ന്യൂദല്‍ഹി: നിയമനിര്‍മ്മാണ വേളയില്‍ത്തന്നെ ആവിഷ്‌കരണ സംവിധാനവും തീരുമാനിച്ചുറപ്പിയ്ക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മന്ത്രിമാര്‍ക്കു നിര്‍ദ്ദേശം നല്‍കി. ചട്ടം പാര്‍ലമെന്റ് അംഗീകരിച്ച് രാഷ്ട്രപതി ഒപ്പുവെച്ച് നിയമമാക്കിയാലുടന്‍ ആവിഷ്‌കരിയ്ക്കാന്‍ ഇതു സഹായകമാകുമെന്നും സമയം ലാഭിയ്ക്കാമെന്നും മോദി പറഞ്ഞു. അതേ സമയം സാമൂഹ്യ മാധ്യമങ്ങള്‍ക്കു കൂടുതല്‍ ശ്രദ്ധ കൊടുക്കാനും അദ്ദേഹം നിര്‍ദ്ദേശിച്ചു. ക്യാബിനറ്റ് സെക്രട്ടറി പി. കെ. സിന്‍ഹ, മന്ത്രിസഭാ യോഗത്തില്‍ വിവിധ പദ്ധതികളും നയങ്ങളും സംബന്ധിച്ച വിശദീകരണങ്ങള്‍ നല്‍കിയശേഷമാണ് പ്രധാനമന്ത്രി അഭിപ്രായം വ്യക്തമാക്കിയത്. സാമൂഹ്യ മാദ്ധ്യമങ്ങള്‍ തെറ്റും നുണയും പ്രചരിപ്പിക്കാന്‍ വിനിയോഗിക്കപ്പെടുന്നു. ആവശ്യമെങ്കില്‍, വിദഗ്ദ്ധരെ വിനിയോഗിച്ചുപോലും സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ സര്‍ക്കാര്‍ നേട്ടം പ്രചരിപ്പിക്കണം. അവരവരുടെ മണ്ഡലത്തിലെ പരമാവധി പേരുമായി ഈ സംവിധാനത്തിലൂടെ സമ്പര്‍ക്കം പുലര്‍ത്തണം, മോദി പറഞ്ഞു. പാര്‍ലമെന്റിന്റെ പരിഗണനയിലിരിക്കുന്ന ജിഎസ്ടി ബില്‍ നിലവിലുള്ള നികുതി സംവിധാനങ്ങള്‍ ലളിതമാക്കുന്നതാണെന്ന് വിശദീകരിച്ചു. റദ്ദാക്കിയ കല്‍ക്കരിഖനി കരാറുകള്‍ പുനര്‍ലേലം ചെയ്തതുവഴി 3.44 ലക്ഷം കോടി രൂപ സര്‍ക്കാരിന് അധിക വരുമാനം കിട്ടി. ഇതിന്റെ സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതമായ 1,667 കോടി രൂപ വിതരണം ചെയ്തുകഴിഞ്ഞുവെന്ന് ക്യാബിനറ്റ് സെക്രട്ടറി അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.