തിരുവനന്തപുരം: പത്മരാജന് ട്രസ്റ്റ് ഏര്‍പ്പെടുത്തിയ 2015 ലെ മികച്ച ചെറുകഥയ്ക്കും സിനിമയ്ക്കുള്ള പത്മരാജന് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ചെറുകഥയായി ഇ.പി.ശ്രീകുമാര്‍ എഴുതിയ അധ്വാന വേട്ടയും മികച്ച സിനിമയായി സലിം അഹമ്മദ് തിരക്കഥയെഴുതി സംവിധാനം ചെയ്ത പത്തേമാരിയുമാണ് തിരഞ്ഞെടുത്തത്. പതിനായിരം രൂപയും ഫലകവും അടങ്ങുന്നതാണ് ചെറുകഥയ്ക്കുള്ള പുരസ്കാരം.
ഇരുപതിനായിരം രൂപയും ഫലകവും അടങ്ങുന്നതാണ് മികച്ച സിനിമയ്ക്കുള്ള പുരസ്കാരം. ഡോ. ജോര്‍ജ് ഓണക്കൂര്‍ ചെയര്‍മാനും റോസ്മേരി, അഡ്വ. കെ.പത്മനാഭപണിക്കര്‍ എന്നിവര്‍ അംഗങ്ങളുമായുള്ള വിധിനിര്‍ണയ സമിതിയാണ് 2015-ലെ മികച്ച ചെറുകഥയായി അദ്ധ്വാനവേട്ട തിരഞ്ഞെടുക്കുന്നത്. സംവിധായകന് ടി.കെ.രാജീവ്കുമാര്‍ ചെയര്‍മാനും ഗാന്ധിമതി ബാലന്, മനോജ് എന്നിവര്‍ അംഗങ്ങളുമായുള്ള വിധിനിര്‍ണയ സമിതിയാണ് മികച്ച സിനിമയായി പത്തേമാരി തെരഞ്ഞെടുത്തത്.
2016 മെയ് 23 തിങ്കളാഴ്ച 6.45 ന് തിരുവനന്തപുരം തൈക്കാട് പോലീസ് ഗ്രൗണ്ടിന് സമീപമുള്ള ഭാരത് ഭവനില്‍ പുരസ്കാരങ്ങള്‍ വിതരണം ചെയ്യും.
പത്മരാജന് ട്രസ്റ്റ് ചെയര്മാന് ഗാന്ധിമതി ബാലന്, ജൂറി ചെയര്മാന്മാരായ ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍, ടി.കെ.രാജീവ്കുമാര്‍, വര്‍ക്കിംഗ് സെക്രട്ടറി അഡ്വ. കെ.പത്മനാഭപണിക്കര്‍ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: