അഴീക്കോട്: ബിജെപി സര്‍ക്കാരിന്റെ കേന്ദ്രാവിഷ്കൃത പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ കേരളത്തിലെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വീഴ്ച വരുത്തിയെന്ന് എന്‍ഡിഎ അഴീക്കോട് നിയോജകമണ്ഡലം സ്ഥാനാര്‍ത്ഥി എ.വി.കേശവന്. അഴീക്കോട് ചെട്ടിപ്പീടികയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്ഷകരുള്പ്പടെയുള്ള സാധാരണ ജനങ്ങള്‍ക്ക് ഹിതകരമായ നിരവധി പദ്ധതികളാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്നത്. എന്നാല്‍ കേരള സര്‍ക്കാരിന്റെ കെടുകാര്യസ്ഥത കാരണം ജനപ്രിയ പദ്ധതികളുടെ ഗുണഫലം ജനങ്ങള്‍ക്ക് ലഭിക്കുന്നില്ല. അക്രമവും അഴിമതിയുമാണ് സിപിഎമ്മിന്റെയും കോണ്‍ഗ്രസ്സിന്റെയും മുഖമുദ്ര. ഇടത് വലത് മുന്നണികളുടെ വികസന സങ്കല്പം മുഴുവന്‍ കാപട്യമാണെന്നും കേരളത്തിന്റെ വികസന പിന്നോക്കാവസ്ഥക്ക് കാരണം ഇവരുടെ ഭരണമാണെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി അഴീക്കോട് മണ്ഡലം സെക്രട്ടറി പി.സുധീര്‍ ബാബു, ജില്ലാ സെക്രട്ടറി സുജാത പ്രകാശന്, സുമേഷ് തുളിച്ചേരി, പി.വി.കിരണ്‍, സരോജിനി തുടങ്ങിയവര്‍ സ്ഥാനാര്‍ത്ഥിയോടൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: