ഗുരുവായൂര്‍ വൈശാഖമാസത്തിന് ഇന്ന് തുടക്കമാകും

Friday 6 May 2016 9:56 pm IST

ഗുരുവായൂര്‍: ക്ഷേത്രത്തിലെ വൈശാഖ പുണ്യമാസത്തിന് ഇന്ന് തുടക്കമാകും. മേടമാസത്തിലെ പ്രഥമ മുതല്‍ ഇടവ മാസത്തിലെ അമാവാസി വരെ ഒരു ചന്ദ്രമാസമാണ് വൈശാഖ പുണ്യമാസകാലമായി ആചരിക്കുന്നത്. ക്ഷേത്രത്തില്‍ പാരമ്പര്യ അവകാശികളായ പത്തുകാരുടെ വകയായി മൂന്നു നേരം മേളത്തോടെ കാഴ്ചശീവേലി, രാത്രി വിളക്കെഴുന്നള്ളിപ്പ് എന്നിവ നടക്കും. ക്ഷേത്രം ആധ്യാത്മികഹാളില്‍ നാല് ഭാഗവത സപ്താഹങ്ങള്‍ നടക്കും. മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ ദിവസവും സന്ധ്യയ്ക്ക് ആധ്യാത്മിക പ്രഭാഷണവും ഉണ്ടാകും. വൈശാഖത്തിലെ പുണ്യദിനങ്ങളായ അക്ഷയതൃതീയ 9നും, ശങ്കര ജയന്തി 11നും, നരസിംഹജയന്തി 20നും, ബുദ്ധ പൂര്‍ണ്ണിമ 21നും ആഘോഷിക്കും. ബലരാമജയന്തിയും തിങ്കളാഴ്ചയാണ്. ദാനധര്‍മ്മാദികള്‍ക്കും, വ്രതാനുഷ്ഠാനങ്ങള്‍ക്കും വൈഷ്ണവ ക്ഷേത്ര ദര്‍ശനങ്ങള്‍ക്കും ഏറെ പ്രധാനമാണ് വൈശാഖകാലം. ക്ഷേത്രം ആധ്യാത്മിക ഹാളില്‍ നടക്കുന്ന ആദ്യത്തെ സപ്താഹത്തിന് പൊന്നടുക്കം മണികണ്ഠന്‍ നമ്പൂതിരി, താമരക്കുളം നാരായണന്‍ നമ്പൂതിരി എന്നിവര്‍ നേതൃത്വം നല്‍കും, രണ്ടാമത്തെ സപ്താഹത്തിന് പ്രൊഫ.മാധവപ്പിള്ളി കേശവന്‍ നമ്പൂതിരിയും മൂന്നാം സപ്താഹത്തിന് തട്ടയൂര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാടും അവസാന സപ്താഹത്തിന് തോട്ടം ശ്യാമന്‍ നമ്പൂതിരിയും നേതൃത്വം നല്‍കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.