ജിഷയുടെ കൊലപാതകം സിബിഐ അന്വേഷിക്കണം: അനന്തകുമാര്‍

Friday 6 May 2016 10:29 pm IST

കോട്ടയം: പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ത്ഥിനി ജിഷയുടെ കൊല്ലപാതകം സിബിഐ അന്വേഷിക്കണമെന്ന് കേന്ദ്രപാര്‍ലമെന്റ് കാര്യമന്ത്രി അനന്തകുമാര്‍. പുതുപ്പള്ളി നിയോജകമണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. ജോര്‍ജ്കുര്യന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം അയര്‍ക്കുന്നത്ത് നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ സ്ത്രീകള്‍ സുരക്ഷിതരല്ല. വര്‍ക്കലയില്‍ അടക്കം നിരവധി സ്ത്രീകളാണ് അക്രമത്തിന് ഇരകളാകുന്നത്. കുറ്റകൃത്യങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ വേണ്ടവിധം നിയമനടപടികള്‍ സ്വീകരിക്കാത്തതിനാലാണ് കുറ്റകൃത്യങ്ങള്‍ ഏറുന്നത്. മുഖ്യമന്ത്രി എന്നത് പേരിനുമാത്രമുള്ള സ്ഥാനമല്ല. അദ്ദേഹം ഉറക്കജീവി ആകാന്‍ പാടില്ല. കഴിവുള്ള ഒരു മുഖ്യമന്ത്രിയെയാണ് കേരളത്തിന് ആവശ്യമുള്ളത്. അക്കാര്യത്തില്‍ കേരള ജനത ബിജെപിയേയും എന്‍ഡിഎയുമാണ് ആശ്രയിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും ഹെല്‍ത്ത്‌കെയര്‍ സിസ്റ്റം കൈകാര്യം ചെയ്യുന്നത് മലയാളികളാണ്. കേരളീയര്‍ സംസ്ഥാനം വിട്ട് തൊഴില്‍ തേടേണ്ടിവരുന്നത് കേരളത്തിലെ ഭരണകൂടത്തിന്റെ കഴിവില്ലായ്മയാണ്. പുതിയ തൊഴില്‍ സംരംഭങ്ങള്‍ ഉണ്ടാക്കുവാനും യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുവാനും ഇടതു, വലത് മുന്നണികള്‍ക്ക് കഴിയില്ല. ഇരുമുന്നണികളും കൂട്ടുകച്ചവടമാണ് നടത്തിവരുന്നത്. ബംഗാളിലെ കൂട്ടുകച്ചവടം പരസ്യമാണ്. കേരളത്തില്‍ ഇവരുടെ കൂട്ട് രഹസ്യമാണെന്നു മാത്രം. പുതുപ്പള്ളിയിലെ ഇടത് സ്ഥാനാര്‍ത്ഥിയുടെ പ്രഖ്യാപനം ഇതിന് ഉദാഹരണമാണ്. മുഖ്യമന്ത്രിക്കെതിരെയുള്ള ഇടതു സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചത് ഉമ്മന്‍ചാണ്ടി തന്നെയാണ്. ഉമ്മന്‍ചാണ്ടി സോളാര്‍ കുംഭകോണം നടത്തിയെങ്കില്‍ പിണറായി വിജയന്‍ ലാവലിന്‍ കുംഭകോണം നടത്തി. തമിഴ്‌നാട്ടില്‍ കുംഭകോണം എന്നത് ഒരു സ്ഥലമാണെന്നും എന്നാല്‍ കേരളത്തില്‍ അതൊരു പ്രവൃത്തി ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളം നേരിടുന്ന പ്രധാന പ്രശ്‌നങ്ങളാണ് കുടിയേറ്റവും കുംഭകോണവും കൂട്ടുകച്ചവടവും. ഇവയെല്ലാം ഇല്ലാതാവാന്‍ ജോര്‍ജ്ജ് കുര്യനും കുമ്മനം രാജശേഖരനും അധികാരത്തിലെത്തണം. ഇതോടെ കേരളത്തിലും മാറ്റത്തിന് തുടക്കമാകുമെന്നും അനന്തകുമാര്‍ പറഞ്ഞു. കൃഷ്ണകുമാര്‍ നീറിക്കാട് അദ്ധ്യക്ഷത വഹിച്ചു. അല്‍ഫോന്‍സ് കണ്ണന്താനം, ബി. രാധാകൃഷ്ണമേനോന്‍, എന്‍.കെ. ശശികുമാര്‍, കെ.പി. സുരേഷ്, ലിജിന്‍ലാല്‍, രാജന്‍ തച്ചിലേത്ത്, കൃഷ്ണന്‍കുട്ടി, ഹരിപ്രസാദ്, റവ. വര്‍ഗ്ഗീസ് വടക്കേക്കര, മിനി നന്ദകുമാര്‍, ജയപ്രകാശ്, മോഹനന്‍ പുതുപ്പള്ളി, സുനില്‍കുമാര്‍, രാജേഷ് വാകത്താനം, രവീന്ദ്രനാഥ് എന്നിവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.