നീറ്റ്: സര്‍ക്കാര്‍ കോളേജുകള്‍ക്ക് ഈ വര്‍ഷം ഇളവിന് സാധ്യത

Friday 6 May 2016 10:40 pm IST

ന്യൂദല്‍ഹി: മെഡിക്കല്‍ പ്രവേശനത്തിനുള്ള ഏകീകൃത പൊതുപരീക്ഷയായ നീറ്റ് നിര്‍ബന്ധമാക്കുന്നതില്‍ സര്‍ക്കാര്‍ കോളേജുകള്‍ക്ക് ഈവര്‍ഷം ഇളവ് ലഭിക്കാന്‍ സാധ്യത. സര്‍ക്കാര്‍ കോളേജുകള്‍ക്ക് സംസ്ഥാന ലിസ്റ്റില്‍ നിന്നും പ്രവേശനം നടത്തുന്ന കാര്യം പരിഗണിക്കാമെന്ന് സുപ്രീംകോടതി അറിയിച്ചു. ഇതുസംബന്ധിച്ച കേന്ദ്രസര്‍ക്കാര്‍ നിലപാട് കൂടി ആരാഞ്ഞ ശേഷം കോടതി തീരുമാനം പ്രഖ്യാപിക്കും. സര്‍ക്കാര്‍ കോളേജുകളിലെ എംബിബിഎസ്-ബിഡിഎസ് ബിരുദ സീറ്റുകളില്‍ ഈവര്‍ഷം സംസ്ഥാന പ്രവേശന പരീക്ഷാ ലിസ്റ്റില്‍ നിന്നും പ്രവേശനം നടത്തുന്നതില്‍ എതിര്‍പ്പില്ലെന്ന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്. നീറ്റ് നിര്‍ബന്ധമാക്കുന്നതില്‍ ഇളവ് നല്‍കണമോയെന്ന കാര്യം തീരുമാനിക്കുന്നതിനായി ഉന്നതതല യോഗം വിളിച്ചിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു. യോഗശേഷം ഇക്കാര്യത്തിലെ തീരുമാനം കോടതിയെ അറിയിക്കും. ചര്‍ച്ചകള്‍ ഉടന്‍ പൂര്‍ത്തിയാക്കി തിങ്കളാഴ്ചയോടെ തീരുമാനം അറിയിക്കാന്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോട് പറഞ്ഞു. ഇന്ന് ദല്‍ഹിയില്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തിര യോഗം നടത്താന്‍ നിശ്ചയിച്ചിട്ടുണ്ട്. സ്വകാര്യ മാനേജുമെന്റുകള്‍ നടത്തുന്ന പരീക്ഷകള്‍ യാതൊരു കാരണവശാലും അംഗീകരിക്കില്ലെന്ന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ കോടതിയെ അറിയിച്ചു. സ്വന്തമായി പ്രവേശന നിയമമുള്ള സംസ്ഥാനങ്ങള്‍ക്ക് നീറ്റ് നടപ്പാക്കുന്നതില്‍ ഇളവ് നല്‍കുന്ന കാര്യവും കോടതി പരിഗണിക്കുന്നുണ്ട്. ഇക്കാര്യത്തിലുള്ള കേന്ദ്രഅഭിപ്രായവും കോടതി തേടിയിട്ടുണ്ട്. മെയ് 1ന് നടന്ന ആദ്യഘട്ട നീറ്റ് പരീക്ഷ എഴുതിയവര്‍ക്ക് ജൂലൈ 24ന് വീണ്ടും പരീക്ഷ എഴുതാന്‍ അവസരമില്ലെന്ന് സിബിഎസ്ഇ കോടതിയെ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.