കൊച്ചി: തൃപ്പൂണിത്തുറ നിയോജകമണ്ഡലത്തില്‍ സമാധാനപരമായ തെരഞ്ഞെടുപ്പു നടത്താന്‍ പോലീസ് സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ. ബാബുവിന്റെ ചീഫ് ഇലക്ഷന് ഏജന്റ് ആര്. വേണുഗോപാല്‍ നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി തെരഞ്ഞെടുപ്പു കമ്മിഷന്റെ നിലപാടു തേടി.
ജസ്റ്റീസ് എ.എം ഷെഫീഖ്, ജസ്റ്റീസ് കെ. ഹരിലാല്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. എറണാകുളം ജില്ലയ്ക്ക് പുറത്തുള്ള അപരിചിതരും മറ്റും മണ്ഡലത്തില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ തങ്ങുന്നുണ്ടെന്നും ക്രമസമാധാന പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കുന്നുവെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്.
കഴിഞ്ഞദിവസം കെ. ബാബുവിനെതിരെ അപകീര്‍ത്തികരവും വ്യാജവുമായ ആരോപണങ്ങള്‍ ഉള്‍പ്പെടുത്തി പോസ്റ്ററുകള്‍ പതിക്കാന്‍ ചിലര്‍ ശ്രമിച്ചുവെന്നും ജനപ്രാതിനിധ്യ നിയമപ്രകാരം കുറ്റകരമായ ഇത്തരം ശ്രമങ്ങള്‍ മണ്ഡലത്തില്‍ നടക്കുന്നുണ്ടെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. വ്യാജ ആരോപണങ്ങള്‍ ഉള്‍പ്പെട്ട പോസ്റ്ററുകള്‍ മണ്ഡലത്തില്‍ പതിക്കുന്നതുമായി ബന്ധപ്പെട്ട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഹര്‍ജിയില്‍ വിശദീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: