കേരളം ബിജെപിക്കൊപ്പം : സദാനന്ദ ഗൗഡ

Saturday 7 May 2016 6:34 pm IST

കണ്ണൂര്‍: 65 വര്‍ഷം മാറിമാറി ഭരിച്ച് കേരളത്തെ വികസന പിന്നോക്കാവസ്ഥയിലെത്തിച്ച ഇടത് വലത് മുന്നണികളെ ജനങ്ങള്‍ തള്ളിയെന്നും കേരളം ഇപ്പോള്‍ ബിജെപിക്കൊപ്പമാണെന്നും കേന്ദ്ര നിയമമന്ത്രി ഡി.വി.സദാന്ദഗൗഡ. അഴീക്കോട് എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ.എ.വി.കേശവന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം അലവില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ 65 വര്‍ഷമായി കേരളം മാറിമാറി ഭരിക്കുന്നത് ഇടത്-വലത് മുന്നണികളാണ്. മൂന്നാമതൊരു കക്ഷിയെയോ മുന്നണികളേയോ തെരഞ്ഞെടുക്കാന്‍ ജനങ്ങള്‍ക്ക് മറ്റ് വഴികളുണ്ടായിരുന്നില്ല. എന്നാല്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യം ശക്തമായതോടെ കേരളത്തിലെ ജനങ്ങള്‍ക്ക് പ്രതീക്ഷാനിര്‍ഭരമായ വഴിതെളിഞ്ഞിരിക്കുകയാണെന്ന് സദാനന്ദ ഗൗഡ പറഞ്ഞു. നേരത്തെ കേരളത്തില്‍ ബിജെപി ശക്തമായിരുന്നില്ല. എന്നാല്‍ കേന്ദ്രത്തില്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ബിജെപി തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ഭാരത്തിലാകമാനം ഇത്തരമൊരു പരിവര്‍ത്തനം നമുക്ക് കാണാന്‍ സാധിക്കും. അഴിമതിമുക്തമായ ശക്തമായ സര്‍ക്കാരാണ് ഇപ്പോള്‍ കേന്ദ്രം ഭരിക്കുന്നത്. പറവൂവില്‍ വെടിക്കെട്ടപകടമുണ്ടായപ്പോള്‍ പ്രധാന മന്ത്രി നരേന്ദ്രമോദി മറ്റെല്ലാം മാറ്റിവെച്ച് കേരളത്തിലേക്ക് ഓടിയെത്തുകയായിരുന്നു. കേരളത്തിന്റെ ദുരന്തത്തില്‍ പങ്കുചേര്‍ന്ന മോദി നമുക്ക് ആവശ്യമായ മരുന്നും ഡോക്ടര്‍മാരെയും തന്നു. സാധാരണക്കാരായ ജനങ്ങള്‍ക്ക് വേണ്ടി നിരവധി പദ്ധതികളാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. ജന്‍ധന്‍ യോജന, അടല്‍ ഭീമയോജന തുടങ്ങിയ പദ്ധതികളെല്ലാം രാജ്യത്തെ അടിസ്ഥാന വിഭാഗങ്ങളെ ലക്ഷ്യമിട്ട് കൊണ്ടാണ്. കഴിഞ്ഞ ത്രിതലപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍ കുതിച്ച് ചാട്ടമാണ് നടത്തിയത്. എല്‍ഡിഎഫിന് ഏഴ് ലക്ഷത്തിന്റെയും യുഡിഎഫിന് ഒന്‍പത് ലക്ഷത്തിന്റെയും വോട്ട് കുറഞ്ഞപ്പോള്‍ ബിജെപിക്ക് 17 ലക്ഷം വോട്ടിന്റെ വര്‍ദ്ധനവാണ് ഉണ്ടായത്. ബിഡിജെഎസ്, കേരള കോണ്‍ഗ്രസ് തോമസ് വിഭാഗം, സി.കെ.ജാനു തുടങ്ങിയ ശക്തമായ ഘടക കക്ഷികളുടെ സാന്നിധ്യമാണ് എന്‍ഡിഎ സഖ്യത്തെ കൂടുതല്‍ ശക്തമാക്കന്നത്. കേരളത്തില്‍ മൂന്നാമതൊരു മുന്നണിയെ ഭരണത്തിലേറ്റാനുള്ള സുവര്‍ണ്ണാവസരമാണ് ഇപ്പോള്‍ സംജാതമായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ലോകത്താകമാനം ജനങ്ങള്‍ തള്ളിക്കളഞ്ഞ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് കേരളത്തില്‍ മാത്രം നിലനില്‍പില്ലെന്നും കോണ്‍ഗസ്സിനെ ജനങ്ങള്‍ ഒറ്റപ്പെടുത്തിക്കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡണ്ട് പി.വിനീഷ് ബാബു അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ പ്രസിണ്ട് പി.സത്യപ്രകാശ്, പി.കെ.വേലായുധന്‍, കെ.രഞ്ജിത്ത്, വിജയന്‍ വട്ടിപ്രം, കെ.പി.സരസ്വതി, സുജാത പ്രകാശന്‍, പി.സുധീര്‍ ബാബു, കാരാത്ത് ശ്രീധരന്‍ (ബിഡിജെഎസ്), പവിത്രന്‍ ഗുരിക്കളോട്ട് (സോഷ്യലിസ്റ്റ് ജനതാദള്‍), മോഹനന്‍ കുഞ്ഞിമംഗലം (ജെഎസ്എസ്) തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.