നേതാക്കളുടെ പ്രസംഗങ്ങളിലെല്ലാം ബിജെപി ഭയം

Saturday 7 May 2016 7:44 pm IST

കൊച്ചി: കേരളത്തില്‍ ബിജെപി ഉണ്ടാക്കിയ വളര്‍ച്ച ഇരുമുന്നണികളിലെയും നേതാക്കളെ ആശങ്കയിലാഴ്ത്തുന്നു. കഴിഞ്ഞ ദിവസങ്ങൡ ഇവരുടേതായി വന്ന പ്രസ്താവനകളും പ്രസംഗങ്ങളും മറ്റും നോക്കിയില്‍ മതി ഈ ഭയം വ്യക്തമാകാന്‍. മല്‍സരം ബിജെപിയും യുഡിഎഫും തമ്മിലാണെന്നായിരുന്നു ഇന്നലെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവന. ബിജെപിക്ക് ശക്തിയുള്ള സ്ഥലങ്ങളില്‍ എല്ലാം എല്‍ഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നും മുഖ്യന്‍ പറഞ്ഞു. അടുത്ത നിമിഷം തന്നെ കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍ മുഖ്യന്റെ നിലപാടു തിരുത്തി രംഗത്തെത്തി. മല്‍സരം യുഡിഎഫും എല്‍ഡിഎഫും തമ്മിലാണെന്ന് പറഞ്ഞ സുധീരന്‍ ബിജെപി കേരളത്തില്‍ ഒരു മുന്നേറ്റവും ഉണ്ടാക്കില്ലെന്ന് പറഞ്ഞ് ആശ്വാസംകൊണ്ടു. പക്ഷെ സുധീരന്റെ വാക്കുകളില്‍ തെളിഞ്ഞിരുന്നത് ഒരു ആത്മവിശ്വാസക്കുറവും ഒരുതരം ആശങ്കയുമായിരുന്നു. താന്‍ പറയുന്നതില്‍ തനിക്കു തന്നെ വിശ്വാസമില്ലാത്ത അവസ്ഥ. ബിജെപിയുടെ ശക്തി മുഖ്യമന്ത്രി തിരിച്ചറിഞ്ഞുവെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഇതിനോടു പ്രതികരിച്ചത്. ബിജെപിയുമായാണ് മല്‍സരമെന്ന് ഇന്നലെ മുഖ്യന്‍ പ്രഖ്യാപിച്ചത് മറ്റൊന്നിനുമല്ല. ബിജെപി ശക്തമാണെന്നും എല്‍ഡിഎഫ് തങ്ങളുമായി ധാരണയുണ്ടാക്കേണ്ടതിന്റെ ആവശ്യകത വര്‍ദ്ധിച്ചുവെന്നും കാട്ടാനാണ് മുഖ്യന്റെ പരസ്യപ്രസ്താവന. ഇതിനു തൊട്ടുപിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തിറങ്ങി. എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ് മല്‍സരമെന്നു പറഞ്ഞ കോടിയേരി ബിജെപി ഒരു നേട്ടവും കൈവരിക്കില്ലെന്നും പറഞ്ഞു. ബിജെപി നേട്ടമുണ്ടാക്കുമെന്ന ആശങ്കയാണ് കോടിയേരിയുടെ വാക്കുകളിലും തെളിയുന്നത്. കുഞ്ഞാലിക്കുട്ടിയും പറയുന്നത് യുഡിഫും ബിജെപിയും തമ്മിലാണ് മല്‍സരമെന്നാണ്. ബിജെപിക്ക് ഒരു മുന്നേറ്റവും ഉണ്ടാക്കാന്‍ കഴിയല്ലെന്ന് പറയാന്‍ മാത്രം പിണറായി വിജയന്‍ ഇന്നലെ പത്രസമ്മേളനം വിളിച്ചു. ബിജെപിക്ക് മുന്‍തൂക്കമുണ്ടെന്ന് പറയുന്ന മണ്ഡലങ്ങളില്‍ പോലും ഇപ്പോള്‍ സിപിഎമ്മാണ് മുന്‍പിലെന്നും പിണറായി പറഞ്ഞു. മുഖ്യമന്ത്രി ബിജെപിയുമായി സഖ്യമുണ്ടാക്കിയതിന്റെ തെളിവാണിതെന്നാണ് പിണറായി പറയുന്നത്. ഇരുമുന്നണികളിലെയും നേതാക്കള്‍ പ്രസംഗിക്കുന്നതും പ്രസ്താവനയിറക്കുന്നതും ഒരേ ഒരു കാര്യം, ബിജെപി നേട്ടമുണ്ടാക്കില്ല, ബിജെപി അക്കൗണ്ട് തുറക്കില്ല, ബിജെപിയുടെ വാദം പൊള്ളയാണ്. ബിജെപി കേരളത്തില്‍ ചലനമുണ്ടാക്കില്ല.... അപ്പോഴാണ് ഒരു ചോദ്യം ഉയരുന്നത്, ബിജെപി ഒരു ശക്തിയേ അല്ലെങ്കില്‍ പണ്ടൊക്കെ ചെയ്തിരുന്നപോലെ പാടെ അങ്ങ് അവഗണിച്ചാല്‍ പോരേ, എന്തിന് ഇങ്ങനെ പറഞ്ഞുനടക്കണം. തദ്ദേശ തെരഞ്ഞെടുപ്പിലും അതിനു മുന്‍പ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും ബിജെപി നേടിയ തിളക്കമാര്‍ന്ന മുന്നേറ്റം മുന്നണികളുടെ മനസിലുണ്ട്. ഇപ്പോള്‍ മിക്ക മണ്ഡലങ്ങളിലും കടുത്ത ത്രികോണമല്‍സരമാണെന്നതും സത്യമാണ്. കരുത്തരായ സ്ഥാനാര്‍ഥികളും ശക്തമായ പ്രചാരണപരിപാടികളും ജനാഭിമുഖ്യമുള്ള നയങ്ങളും ബിജെപിക്ക് കേരളത്തില്‍ വലിയ കുതിപ്പ് പകര്‍ന്നിട്ടുണ്ട് എന്ന് നിഷ്പക്ഷരായ നിരീക്ഷകരും തുറന്ന് സമ്മതിക്കുന്നു. പ്രതിപക്ഷപാര്‍ട്ടികള്‍ എന്തുപറഞ്ഞാലും കേന്ദ്രത്തിലെ മോദി സര്‍ക്കാരിനെപ്പറ്റി ജനങ്ങള്‍ വളരെ പോസിറ്റീവായ ഒരഭിപ്രായം സ്വരൂപിച്ചിട്ടുണ്ട്, അത് ഒരാള്‍ക്കും നിഷേധിക്കാനുമാവില്ല. ഈ അഭിപ്രായം പ്രതിപക്ഷ പാര്‍ട്ടികളുടെ രാഷ്ട്രീയ നിലപാടുകള്‍ക്ക് അതീതവുമാണ്. ഇത് കേരളത്തിലെ രാഷ്ട്രീയ രംഗത്ത് സൃഷ്ടിച്ചിട്ടുള്ള ചലനവും അടിയൊഴുക്കുകളും പ്രവചനാതീതമാണ്. മോദി അടക്കമുള്ള ദേശീയ നേതാക്കളുടെ വരവും കൊണ്ടുപിടിച്ച പ്രചാരണവും കേരളത്തിലെ ജനകീയ വിഷയങ്ങളില്‍ ബിജെപിയുടെ സജീവമായ ഇടപെടലും ദേശീയ പാര്‍ട്ടിക്ക് കൂടുതല്‍ കരുത്തു പകര്‍ന്നിട്ടുമുണ്ട്. തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ ഈ കുതിപ്പ് പ്രകടമാണ്. ഇതാണ് ഇരുമുന്നണികളെയും ആശങ്കയിലാഴ്ത്തുന്നതും. ഈ ആശങ്കയാണ് അവരുടെ വാക്കുകളില്‍ നിഴലിക്കുന്നതും. ഇന്നലെ കേരളത്തില്‍ എത്തിയ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമറിന്റെ വാക്കുകളിലും നിഴലിച്ചത് ബിജെപിയുടെ വളര്‍ച്ചയിലുള്ള ആശങ്ക. എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികളാണ് ഏറ്റുമുട്ടുന്നതെങ്കില്‍ നിതീഷ് എന്തിനാണ് പ്രസംഗത്തിലുടനീളം ബിജെപിയെ കടന്നാക്രമിച്ചത്. ഇരുമുന്നണികളും കടന്നാക്രമിക്കുന്നത് ബിജെപിയെ. അതായത് ബിജെപി പൊതുശത്രുവെന്ന് അര്‍ഥം. പൊതുശത്രുവിനെ നേരിടാന്‍ ശത്രുക്കള്‍ ഒന്നിച്ച് നില്‍ക്കാറുണ്ട്. ഇവിടെയും ബിജെപിയെ നേരിടാന്‍ ഇരുമുന്നണികളും കൈകോര്‍ക്കുമെന്നാണ് ഇതിന്റെ അര്‍ഥം. ബംഗാളില്‍ കോണ്‍ഗ്രസ് സിപിഎം സഖ്യം വന്നുകഴിഞ്ഞു. കേരളത്തിലും ഇരുമുന്നണികളും ബിജെപിക്ക് എതിരെ ഒന്നിക്കും. ബിജെപിക്ക് കരുത്തുള്ള മണ്ഡലങ്ങളില്‍ മുന്നേറ്റം തടയാന്‍ ഇരുകൂട്ടരും പരസ്പരം വോട്ട് കച്ചവടം നടത്തുമെന്നുറപ്പ്. ബിജെപിയെ അക്കൗണ്ട് തുറക്കാന്‍ അനുവദിക്കരുതെന്നാണ് ഇന്നലെ കുഞ്ഞാലിക്കുട്ടിയും നിതീഷ് കുമാറും ആഹ്വാനം ചെയ്തത്. ബിജെപിക്കെതിരെ ഇരുമുന്നണികളും ഒന്നിച്ച് വോട്ട് ചെയ്യണമെന്നാണ് ഇതിനര്‍ഥവും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.