ആന്റണിയുടെ അസഹിഷ്ണുത

Saturday 7 May 2016 8:03 pm IST

'ബിജെപി ഇല്ലാത്ത നിയമസഭ ലക്ഷ്യം - ആന്റണി'. 2016 മെയ് ഒന്നിലെ 'മലയാള മനോരമ' കോഴിക്കോട് എഡിഷനിലെ വാര്‍ത്തയുടെ തലവാചകമാണിത്. ഈ വാര്‍ത്ത, ഒരു സുഹൃത്തുമായി പങ്കുവെയ്ക്കുകയായിരുന്നു. ''ആന്റണി പറയുന്നത് കാര്യമാക്കാനില്ല. അയാള്‍ ഏറ്റവും വലിയ വര്‍ഗ്ഗീയവാദിയാണ്'' എന്ന പ്രതികരണം കേട്ടപ്പോള്‍ അല്‍പ്പം അസ്വസ്ഥത തോന്നാതിരുന്നില്ല. കുറേപ്പേരെങ്കിലും ഇപ്പോഴും ആദര്‍ശത്തിന്റെ ആള്‍രൂപമായി ആന്റണിയെ തെറ്റിദ്ധരിക്കുന്നുണ്ടല്ലോ? 'അവളുടെ പെരുവിരല്‍ മുതല്‍ ഉച്ചിവരേയും അസൂയയും കുശുമ്പുമാണ്.' പണ്ടുകാലത്ത് നാട്ടിന്‍പുറങ്ങളിലെ സായാഹ്ന പരദൂഷണ കൂട്ടായ്മകളില്‍ സാധാരണ കേള്‍ക്കാറുണ്ടായിരുന്ന ഒരു വാചകമാണിത് 'അസൂയയും കുശുമ്പും' എന്നതിന് പകരം 'സ്വാര്‍ത്ഥതയും തന്‍കാര്യവും' എന്നുചേര്‍ത്താല്‍ അത് ആന്റണിക്ക് ചേരും. തെളിവ് എത്ര വേണമെങ്കിലും നിരത്താനുണ്ട്. ഏറ്റവും ഒടുവിലെ രാജ്യസഭാ അംഗത്വം പരിഗണിക്കാം. സപ്തതി പിന്നിട്ട വ്യക്തിയാണ് ആന്റണി. വ്യത്യസ്തമായ സ്ഥാനങ്ങള്‍ ഇതിനകം തന്നെ അലങ്കരിച്ചിട്ടുണ്ട്. ഒരു പിന്‍തലമുറക്കാരനുവേണ്ടി മാറിനില്‍ക്കാന്‍ എന്തുകൊണ്ട് തോന്നുന്നില്ല ആന്റണിക്ക്? തോന്നില്ല, കാരണമുണ്ട്. ആദര്‍ശം പ്രസംഗിക്കാന്‍വേണ്ടി മാത്രമുള്ളതാണ്, പ്രവൃത്തിപഥത്തില്‍ കൊണ്ടുവരാനുള്ളതല്ല. പണ്ട് കേരള മുഖ്യനായിരുന്ന ആന്റണിയെ ഏവര്‍ക്കുമറിയാം. അന്നാണല്ലോ കുപ്രസിദ്ധമായ മാറാട് സംഭവം ഉണ്ടാകുന്നത്. ഗൂഢാലോചന അന്വേഷിക്കണമെന്ന് ജുഡീഷ്യല്‍ കമ്മീഷന്‍ തീര്‍പ്പ് കല്‍പ്പിച്ചപ്പോള്‍ സിബിഐ അന്വേഷണത്തെ ശക്തിയായി എതിര്‍ത്തത് ആന്റണിയായിരുന്നു. താന്‍ ഉത്തരവാദപ്പെട്ടിരിക്കുന്ന കാര്യങ്ങള്‍ ചെയ്യാതെവരികയും ആ മറവില്‍ മറ്റുള്ളവര്‍ അഴിമതി കാട്ടുകയും ചെയ്താല്‍ അതും സ്വന്തം അഴിമതിയായിത്തന്നെയാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. ഇന്നേവരെയുള്ള ആന്റണിയുടെ കര്‍മ്മമണ്ഡലം പരിശോധിച്ചാല്‍ മനസിലാകുന്നത് ആദര്‍ശധീരന്‍ സ്വന്തം നിലയ്ക്ക് അഴിമതി നടത്തില്ല. എന്നാല്‍ സഹപ്രവര്‍ത്തകര്‍ അഴിമതി നടത്തുമ്പോള്‍ കണ്ടില്ല എന്ന് നടിക്കുകയാണ് ആദര്‍ശധീരന്‍ ചെയ്തുവന്നിട്ടുള്ളത്. ക്യാന്റീന്‍ ഭക്ഷണം കഴിച്ച് ബഞ്ചിലുറങ്ങുന്ന ആന്റണി മുഖ്യനെ മാധ്യമങ്ങള്‍ പുകഴ്ത്തുമ്പോള്‍തന്നെ സഹപ്രവര്‍ത്തകര്‍ പ്രത്യേകിച്ചും ഘടകകക്ഷി മന്ത്രിമാര്‍ തിരുവനന്തപുരത്തും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും ബിനാമി പേരില്‍ സ്ഥലം വാങ്ങികൂട്ടിയത് ആന്റണി മുഖ്യന്‍ കണ്ടില്ലെന്ന് നടിക്കുകയാണുണ്ടായത്. അതുപോലെതന്നെ പ്രതിരോധ ഇടപാടുകളില്‍ അന്റണി കമ്മീഷന്‍ പറ്റിയിട്ടുണ്ടാവില്ല. എന്നാല്‍ പാര്‍ട്ടിയിലെ ഉന്നത സ്ഥാനീയരുടെ വിദേശ അക്കൗണ്ടുകളില്‍ കമ്മീഷന്‍ തുക നിക്ഷേപിക്കുന്നതിന് കുടപിടിച്ചുകൊടുത്തു. ഏറ്റവും ഒടുവിലത്തെതാണ് ഇപ്പോള്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന ഹെലികോപ്റ്റര്‍ ഇടപാട്. ചില കാര്യങ്ങളില്‍ കമ്പിപ്പാരയിട്ട് കുത്തിയാല്‍പോലും ആന്റണി വായതുറക്കില്ല. അഴിമതിക്കെതിരെ ഇന്ദ്രപ്രസ്ഥത്തില്‍ ഏതാനും വര്‍ഷങ്ങള്‍ക്കുമുന്‍പ് നടന്ന സമരം ഏവരും ഓര്‍ക്കുന്നുണ്ടാവുമല്ലോ? അക്കാലത്ത് 24 മണിക്കൂറും ആന്റണി ഇന്ദ്രപ്രസ്ഥത്തില്‍ ഉണ്ടായിരുന്നു. വായ കടിച്ചുപിടിച്ചിരിക്കുകയായിരുന്നു. സമരമൊക്കെത്തീര്‍ന്ന് അണ്ണാഹസാരെ നാട്ടിലെത്തിയിട്ടുണ്ടാവും. തുടര്‍ന്ന് ആന്റണി തിരുവനന്തപുരത്ത് മൊഴിഞ്ഞു. 'എല്ലാത്തിനും അഴിമതിയാണ് കാരണം.' ഈ വിവരം എന്തേ സമരം നടക്കുന്ന സമയത്ത് അന്തോണി പുണ്യാളച്ചന്‍ ഇന്ദ്രപ്രസ്ഥത്തില്‍ പറഞ്ഞില്ല? അതാണ് അന്തോണിയും മറ്റുള്ളവരും തമ്മിലുള്ള വ്യത്യാസം. അതിര്‍ത്തി രക്ഷാഭടന്‍മാരുടെ തലയറുത്ത മൃതദേഹം പാഴ്‌സലാക്കി പാക്കിസ്ഥാന്‍ പട്ടാളം അയച്ച വിവരം നാം ഓര്‍ക്കുന്നുണ്ടാവും. പ്രതിരോധമന്ത്രിയായിരുന്ന ആന്റണി ഈ വിഷയത്തില്‍ നടത്തിയ പാക്കിസ്ഥാന്‍ അനുകൂല പ്രതികരിണം മറക്കാറായിട്ടില്ലല്ലോ? മോദിയും സംഘപരിവാറും ബിജെപിയും കൂടി എന്ത് ദ്രോഹമാണ് ചെയ്തുകൂട്ടിയത്? മൂന്നാമതും യുപിഎ അധികാരത്തില്‍ വരുമെന്നും ഹെലികോപ്ടര്‍ ഇടപാടുകളും മറ്റും പൊങ്ങിവരില്ലെന്നും വിശ്വസിച്ചിരുന്നപ്പോഴാണ് 2014 മെയ് 26 രംഗപ്രവേശം ചെയ്തത്. ഒറ്റദിവസംകൊണ്ട് നാല് മേശകളില്‍ സഞ്ചരിച്ച് ഹെലികോപ്ടര്‍ ഇടപാട് സംബന്ധിച്ച ഫയല്‍ പ്രതിരോധമന്ത്രിയുടെ മുന്നില്‍ എത്തുന്നു. പ്രതിരോധമന്ത്രി 'ഹസ്താക്ഷര്‍' ചാര്‍ത്തുന്നു. എന്തൊരു വേഗത! 1968 ല്‍ കേവലം ഒരിടത്തരം ഹോട്ടലില്‍ പരിചാരികയായിരുന്ന, പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള സോണിയ എന്ന അന്റോണിയോ മെയ്‌നോ 2011 ആകുമ്പോഴേക്കും കുവൈറ്റ് സുല്‍ത്താനേയും എലിസബത്ത് രാജ്ഞിയേയും പിന്നിലാക്കി ലോക സമ്പന്നരുടെ പട്ടികയില്‍ ഇടംപിടിച്ചവിവരം നാം വായിച്ചതാണല്ലോ. 20 ബില്ല്യന്‍ യുഎസ് ഡോളറാണ് സോണിയയുടെ കണക്കാക്കപ്പെട്ട ആസ്തി. എങ്ങനെ പിടക്കപ്പെടാതെ കട്ട് കടത്താമെന്ന് 24 മണിക്കൂറും ചിന്തിച്ചിരിക്കുന്ന അന്റോണിയോ മെയ്‌നോയുടെ പാര്‍ട്ടിക്കൊപ്പം കൂട്ടിയത് തന്നെയാണ് ആന്റണിയിലെ വര്‍ഗ്ഗീയവാദിക്കും തന്‍കാര്യം നോക്കിക്കുമുള്ള പ്രകടമായ തെളിവ്. ചിലരൊക്കെ നേതാവിന്റ മറവില്‍ സ്വത്ത് സമ്പാദിക്കുന്നു. മറ്റ് ചിലര്‍ ഭാര്യ കോറിയിടുന്ന 100 രൂപ പോലും വിലയില്ലാത്ത ചിത്രങ്ങള്‍ കോടിക്കണക്കിന് രൂപയ്ക്ക് സര്‍ക്കാരിന് വില്‍ക്കുന്നു. അര്‍ഹതപ്പെടാത്ത സ്ഥാനമാനങ്ങള്‍ നേടി നേട്ടംകൊയ്യുന്നു. ആദര്‍ശധീരത ഒരു മൂടുപടം മാത്രം. ഒരു കാര്യം ഓര്‍മ്മപ്പെടുത്താതിരിക്കുന്നത് ഉചിതമല്ലാത്തതുകൊണ്ടുമാത്രം ഓര്‍മ്മപ്പെടുത്തുകയാണ്. ബന്ധുക്കള്‍ക്കും പിന്‍തലമുറയ്ക്കും വേണ്ടതൊക്കെയും സ്വന്തമാക്കിയവര്‍ ഇറ്റാലിയന്‍ പാസ്‌പോര്‍ട്ടിന്റെ മറവില്‍ മാതൃരാജ്യം പിടിച്ചെന്നിരിക്കും. കുഴലൂത്തുകാര്‍ക്ക് ഒപ്പം പോവാനാവില്ലല്ലോ?  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.