ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ തരംതാഴ്ന്ന രാഷ്ട്രീയ കളികളുമായി ഇടതുപക്ഷം രംഗത്ത്. ചിലരെ സമുദായ സംഘടനാ നേതാക്കളായി അവരോധിച്ച് പണം നല്കി പത്രസമ്മേളനം നടത്തി ഇടതുപക്ഷത്തിന് പിന്തുണ പ്രഖ്യാപിക്കുകയാണ് പുതിയ തന്ത്രം. പ്രബല സമുദായ സംഘടനകളില്‍ ചിലര്‍ക്ക് പണം നല്കി തകര്‍ക്കുകയെന്ന ദുഷ്ടലാക്കും ഇതിന് പിന്നിലുണ്ട്.
പിന്നാക്ക സമുദായ സംഘടനകളെയാണ് ഇടതുപക്ഷം ലക്ഷ്യമിട്ടിരിക്കുന്നത്. ഇത്തരം സമുദായത്തില്‍പ്പെട്ട ചിലരെ ഇതിനായി വിലയ്ക്കെടുത്തുകഴിഞ്ഞു. പ്രബല സമുദായ സംഘടനകള്‍ക്ക് സമാന്തരമായി സംഘടനകള്‍ രൂപീകരിക്കാന്‍ ആവശ്യമായ പണം നല്‍കുക മാത്രമല്ല, പത്രസമ്മേളനങ്ങള്‍ നടത്തി ഇടതുപക്ഷത്തിന് പിന്തുണ പ്രഖ്യാപിക്കാന്‍ നിര്‍ദ്ദിഷ്ട കേന്ദ്രങ്ങളില്‍ പണം കെട്ടിവെക്കുന്നതുപോലും ഇടതുപക്ഷത്തെ പ്രമുഖ പാര്‍ട്ടി ഓഫീസില്‍ നിന്നാണ്.
കഴിഞ്ഞ ദിവസം ഇത്തരത്തില്‍ ഒരു സമുദായ കൂട്ടായ്മയുടെ പേരില്‍ പത്രസമ്മേളനം നടത്തിയതിന്റെ ഫീസ് പ്രസ്ക്ലബ്ബില്‍ കെട്ടിവെച്ചത് പാര്‍ട്ടി ഓഫീസില്‍ നിന്നായിരുന്നു. എന്‍ഡിഎയുടെയും യുഡിഎഫിന്റെയും പ്രമുഖ നേതാക്കള്‍ മത്സരിക്കുന്ന മണ്ഡലങ്ങളില്‍ സമുദായത്തിന്റെ പേരില്‍ സമ്മേളനങ്ങളും കണ്‍വന്‍ഷനുകളും വിളിച്ചുചേര്‍ത്ത് തോല്‍പ്പിക്കുമെന്നാണ് ഇവരുടെ അവകാശവാദം.
പത്രസമ്മേളനത്തിന്റെ ഫീസ് പോലും ഇടതു പാര്‍ട്ടി നല്കുന്ന സാഹചര്യത്തില്‍ സമ്മേളനങ്ങള്‍ നടത്തുന്നതിനുള്ള പണം ചെലവഴിക്കുന്നതാരാണെന്ന് വ്യക്തമാണ്. രാഷ്ട്രീയ പാര്‍ട്ടി നല്കുന്ന പണം ഉപയോഗിച്ച് പത്രസമ്മേളനങ്ങള്‍ വിളിച്ചുചേര്‍ത്ത് എന്‍ഡിഎയ്ക്കെതിരെ കുപ്രചാരണങ്ങള്‍ ഇവര്‍ നടത്തുകയാണ്.
ഒരു ഭാഗത്ത് ഹൈന്ദവസമുദായങ്ങളെയും നേതാക്കളെയും അധിക്ഷേപിക്കുകയും മറുഭാഗത്ത് പണം നല്കി പോലും സമുദായങ്ങളുടെ പേരില്‍ കുപ്രചാരണം അഴിച്ചുവിടുകയും ചെയ്യുകയാണ് ഇടതുപക്ഷം. ഇവരില്‍ നിന്ന് പണം വാങ്ങി പത്രസമ്മേളനങ്ങളും പ്രഖ്യാപനങ്ങളും നടത്തുന്ന ഇക്കൂട്ടര്‍ സ്വന്തം സമുദായംഗങ്ങളെ പോലും വഞ്ചിക്കുകയും അധിക്ഷേപിക്കുകയുമാണ്.
മറ്റു ചില സമുദായങ്ങളുടെ പേരിലും വരും ദിവസങ്ങളില്‍ ഇതെപോലെ ചിലര്‍ പണം വാങ്ങി രംഗത്തെത്താനാണ് സാദ്ധ്യത. ഈ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സ്ഥാനാര്‍ത്ഥികളുടെ ചെലവു കണക്കാക്കുമ്പോള്‍ ഇത്തരം പത്രസമ്മേളനങ്ങളുടെയും യോഗങ്ങളുടെയും തുകകള്‍ കൂടി ഉള്‍പ്പെടുത്തണമെന്ന് ആവശ്യമുയരുന്നു. കൂടാതെ പണം നല്കി വോട്ട് പിടിക്കാന്‍ ശ്രമിക്കുന്നതിന്റെ പരിധിയില്‍ ഇതുപോലുള്ളവരെയും ഉള്‍പ്പെടുത്തണമെന്നും അഭിപ്രായമുയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: