വികസനനായകന്‍ എത്തുന്നത് മുന്നണികള്‍ തകര്‍ത്ത കുട്ടനാട്ടില്‍

Saturday 7 May 2016 9:21 pm IST

ആലപ്പുഴ: ഭാരതത്തിന്റെ വികസനനായകന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുന്നത് ഇടതുവലതു മുന്നണികള്‍ തകര്‍ത്തെറിഞ്ഞ കുട്ടനാടിന്റെ മണ്ണിലേക്ക്. കുട്ടനാടിന്റെ പ്രകൃതി ഭംഗിആസ്വദിക്കാന്‍ മാത്രമാണ് ഇതിനു മുമ്പ് പ്രധാനമന്ത്രിമാര്‍ കുട്ടനാട്ടിലെത്തിയിട്ടുള്ളത്. ആദ്യമായാണ് ഒരു പ്രധാനമന്ത്രി വികസന പ്രശ്‌നങ്ങള്‍ ഉയര്‍ത്തി കര്‍ഷക ഭൂമിയിലെത്തുന്നത്. കാലങ്ങളായി കുട്ടനാടിനെ പ്രതിനിധീകരിച്ച് പടുകുഴിയിലേക്ക് നയിച്ച ഇടതുവലതു മുന്നണികള്‍ ഇവിടുത്തെ ജനങ്ങളുടെ ചോദ്യങ്ങളില്‍ നിന്ന് ഒളിച്ചോടുകയാണ്. കുട്ടനാട്ടിലെ കര്‍ഷകര്‍ ചോദിക്കുന്നു, ഞങ്ങള്‍ എന്തിന് ഇത്തവണ വോട്ടു ചെയ്യണം, ആര്‍ക്ക് വോട്ടു ചെയ്യണം? ടൂറിസം മാഫിയക്കും, ഭൂമാഫിയയ്ക്കും പാടശേഖരങ്ങള്‍ തീറെഴുതുന്നവര്‍ക്കോ, അതോ അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഒരുക്കാതെ നെല്‍കൃഷി നഷ്ടത്തിലേക്ക് നയിക്കുന്നവര്‍ക്കോ, നെല്ലുവില യഥാസമയം നല്‍കാതെ പീഢിപ്പിക്കുന്നവര്‍ക്കോ, കുട്ടനാടിനെ മാത്രമല്ല, ആലപ്പുഴയ്ക്കും സമീപ ജില്ലകളേയും വരെ വികസന കുതിപ്പിലേക്ക് നയിക്കുമായിരുന്ന കുട്ടനാട് പാക്കേജിനെ അട്ടിമറിച്ചവര്‍ക്കോ, നാമമാത്രമായി നടപ്പാക്കിയവയില്‍ പോലും അഴിമതി നടത്തിയവര്‍ക്കോ, കര്‍ഷകരുടെ ഈ ചോദ്യങ്ങള്‍ ഉയരുന്നത് കാലങ്ങളായി കേരളം ഭരിച്ചിരുന്നവര്‍ക്കും, കുട്ടനാടിനെ പ്രതിനിധീകരിച്ചവര്‍ക്കും നേരെയാണ്. നമ്മളെ അന്നമൂട്ടുന്നതിനായി മണ്ണിലും, ചെളിയിലും ദുര്‍ഘടമായ കാലാവസ്ഥയെ പോലും അതിജീവിച്ച് ചോര വിയര്‍പ്പാക്കി പണിയെടുക്കവരുടെ ചോദ്യങ്ങള്‍ക്ക് പക്ഷെ ഇടതുവലതു മുന്നണികള്‍ക്ക് ഉത്തരമില്ല. നെല്ല് സംഭരണത്തിലും കര്‍ഷകര്‍ മില്ലുകാരുടെ കടുത്ത ചൂഷണത്തിനിരയാകുന്നു. നിലവില്‍ രണ്ടു മുതല്‍ പത്തു കിലോ വരെയാണ് ഒരു ക്വിന്റല്‍ നെല്ലില്‍ മില്ലുകാര്‍ കുറവു വരുത്തുന്നത്. കൈകാര്യ ചിലവിനത്തില്‍ നെല്ല് സംഭരണം സര്‍ക്കാര്‍ നേരിട്ട് ഏറ്റെടുത്ത് തുടങ്ങിയ കാലഘട്ടത്തില്‍ നല്‍കുന്ന തുക തന്നെയാണ് ഇപ്പോഴും കര്‍ഷകര്‍ക്ക് നല്‍കുന്നത്. ഒരു ക്വിന്റല്‍ നെല്ലിന് 12 രൂപയാണ് കൂലി ചിലവ് ഇനത്തില്‍ സര്‍ക്കാര്‍ കര്‍ഷകന് നല്‍കുന്നത്. എന്നാല്‍ ഇന്ന് ഒരു ക്വിന്റലിന് 150 രൂപ വരെയാണ് കര്‍ഷകന് കൂലിയിനത്തില്‍ ചെലവാകുന്നത്. കൂടാതെ വള്ളങ്ങളില്‍ നെല്ല്, വാഹന സൗകര്യം ഉള്ളയിടങ്ങളില്‍ എത്തിക്കുന്നതിനുള്ള ചെലവ് വേറെയും. നെല്ലുവില നല്‍കുന്നതിലാകട്ടെ സംസ്ഥാന സര്‍ക്കാരിന്റ അനാസ്ഥ തുടരുകയാണ്. വിളവെടുപ്പിന് ശേഷം കര്‍ഷകര്‍ നെല്ലുവില ലഭിക്കാന്‍ മാസങ്ങള്‍ കാത്തിരിക്കണം. കിലോയ്ക്ക് 21.50 രൂപ പ്രകാരം നെല്ലു സംഭരിക്കുന്നതില്‍ 14.10 രൂപയും കേന്ദ്രസര്‍ക്കാര്‍ വിഹിതമാണ്. ബാക്കി 7.40 രൂപ മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നത്. ഇതില്‍ നെല്ല് ഏറ്റെടുത്ത കര്‍ഷകരുടെ അക്കൗണ്ടില്‍ കേന്ദ്ര വിഹിതം ലഭിച്ചുകഴിഞ്ഞു. സംസ്ഥാന സര്‍ക്കാരാകട്ടെ ബാക്കിപണം നല്‍കാന്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. കൂടാതെ കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരം നല്‍കുന്നതിലും സര്‍ക്കാര്‍ വീഴ്ചവരുത്തി. 2013- 14 സീസണ്‍ മുതലള്ള നഷ്ടപരിഹാരത്തുക കര്‍ഷകര്‍ക്ക് ലഭിക്കാനുണ്ട്. കര്‍കര്‍ക്ക് നേരത്തെ ഒരേക്കറിന് 60 രൂപയാണ് ഉത്പാദന ബോണസ് ഇനത്തില്‍ നല്‍കിയിരുന്നത്. ഇത് നാന്നൂറ് രൂപയാക്കി വര്‍ദ്ധിപ്പിച്ച് നല്‍കുമെന്ന് 2012ലാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. പക്ഷെ ഇതുവരെ ഒരു രൂപ പോലും വര്‍ദ്ധിപ്പിച്ച് നല്‍കിയിട്ടില്ല. രാസവളങ്ങളുടെയും, കീടനാശിനികളുടെയും വന്‍വിലവര്‍ദ്ധനവ് കാരണം ഉത്പാദന ചെലവ് വര്‍ദ്ധിക്കുകയാണ്. പമ്പിങ് സബ്‌സിഡിയായി 1,200 രൂപ വരെയായി വര്‍ദ്ധിപ്പിച്ച് നല്‍കുമെന്ന് യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യകാലഘട്ടത്തില്‍ തന്നെ പ്രഖ്യാപിച്ചിരുന്നതാണ്, പക്ഷെ നടപ്പായില്ല. നിലവില്‍ 800 രൂപ വരെയാണ് ലഭിക്കുന്നത്. ഇതില്‍ നല്ലൊരു ശതമാനം തുക വിവിധ ഓഫീസുകള്‍ കയറിയിറങ്ങുന്നതിനും മറ്റുമായി കര്‍ഷകര്‍ക്ക് ചെലവാകുന്നു. ഏകജാലക സൗകര്യം ഏര്‍പ്പെടുത്തിയാല്‍ കര്‍ഷകര്‍ക്ക് ഒരു പരിധി വരെ ഗുണപ്രദമാകും. എന്നാല്‍ ഇടതും വലതും പ്രഖ്യാപനങ്ങള്‍ നടത്തി കബളിപ്പിക്കുകയാണ്. നാടിന്റെ വികസന നായകന്‍ എത്തുന്നതോടെ കുട്ടനാടിന്റെ മുഖച്ഛായ തന്നെ മാറുമെന്ന വിശ്വാസമാണ് കുട്ടനാട്ടുകാര്‍ക്കുള്ളത്. ഇതിന് ആക്കം വര്‍ദ്ധിപ്പിക്കുന്നതായിരിക്കും ഇത്തവണത്തെ ജനവിധി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.