ഉത്തരാഖണ്ഡ്: കൂടുതല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ വിമതകൂടാരത്തിലേക്ക്

Saturday 7 May 2016 9:31 pm IST

ന്യൂദല്‍ഹി: ഭരണപ്രതിസന്ധിയെ തുടര്‍ന്ന് രാഷ്ട്രപതി ഭരണത്തിലിരിക്കുന്ന ഉത്തരാഖണ്ഡില്‍ വിശ്വാസവോട്ടെടുപ്പിന് മുമ്പ് കൂടുതല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ വിമത പക്ഷത്തേക്കെത്താന്‍ സാധ്യത. കോണ്‍ഗ്രസിലെ രണ്ട് എംഎല്‍എമാരും ആറു സ്വതന്ത്ര എംഎല്‍എമാരില്‍ 3 പേരും വിശ്വാസവോട്ടെടുപ്പില്‍ ഹരീഷ് റാവത്തിനെ പിന്തുണയ്ക്കില്ലെന്നാണ് സൂചന. ഇതോടെ മെയ് 10ന് നടക്കുന്ന വിശ്വാസവോട്ടെടുപ്പില്‍ 27 എംഎല്‍എമാര്‍ക്ക് കോണ്‍ഗ്രസ് വിപ്പ് കൈമാറി. നിലവില്‍ 28 ബിജെപി അംഗങ്ങളും 27 കോണ്‍ഗ്രസ് അംഗങ്ങളുമാണ് നിയമസഭയിലുള്ളത്. 6 സ്വതന്ത്ര അംഗങ്ങളുമുണ്ട്. സ്വതന്ത്രരുടെ പിന്തുണയോടെ വിശ്വാസവോട്ടെടുപ്പില്‍ വിജയിക്കാമെന്ന കണക്കുകൂട്ടലിലായിരുന്ന കോണ്‍ഗ്രസിന് വിമതര്‍ വീണ്ടും ഭീഷണി ഉയര്‍ത്തുകയാണ്. നിലവില്‍ 9 വിമത എംഎല്‍എമാരെ അയോഗ്യരാക്കിയിട്ടുണ്ട്. എന്നാല്‍ രണ്ട് പേര്‍ കൂടി റാവത്തിനെതിരെ നിലപാടെടുക്കുമെന്നാണ് വിമതക്യാമ്പിന്റെ കണക്കുകൂട്ടല്‍. ഇതിനു പുറമേ സ്വതന്ത്രരില്‍ പകുതിപേരും റാവത്തിനെ എതിര്‍ക്കുമെന്നും വിമതര്‍ പറയുന്നു. സുപ്രീംകോടതിയില്‍ വിശ്വാസ വോട്ടെടുപ്പിനെ പിന്തുണച്ച് കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തിയപ്പോള്‍ തന്നെ കോണ്‍ഗ്രസ് അപകടം മണത്തിരുന്നു. വിശ്വാസ വോട്ടെടുപ്പിന് തയ്യാറാണെന്ന് കോടതിയെ അറിയിച്ച കേന്ദ്രസര്‍ക്കാര്‍, അയോഗ്യരാക്കപ്പെട്ട 9 വിമതര്‍ക്ക് വോട്ടവകാശം നല്‍കണമെന്ന ആവശ്യം ഉന്നയിക്കുകയും ചെയ്തിരുന്നില്ല. ഇതോടെയാണ് തങ്ങള്‍ക്കൊപ്പമുള്ള കൂടുതല്‍ പേര്‍ വിമതപക്ഷത്തേക്ക് പോയതായി കോണ്‍ഗ്രസ് തിരിച്ചറിഞ്ഞത്. അതിനിടെ അയോഗ്യരാക്കപ്പെട്ട 9 കോണ്‍ഗ്രസ് വിമത എംഎല്‍എമാര്‍ക്ക് വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുക്കാനാകുമോ എന്ന കാര്യത്തില്‍ തിങ്കളാഴ്ച തീരുമാനം പ്രഖ്യാപിക്കുമെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി അറിയിച്ചു. ഇന്നലെ ഇരുവിഭാഗങ്ങളുടേയും വാദം കേട്ട കോടതി കേസില്‍ വിധിപറയാനായി തിങ്കളാഴ്ച രാവിലെ 10.15ലേക്ക് മാറ്റുകയായിരുന്നു. വിധി പ്രതികൂലമായാല്‍ ഹരീഷ് റാവത്ത് സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെടും. എഴുപതംഗ നിയമസഭയില്‍ ബിജെപിക്ക് 28, കോണ്‍ഗ്രസിന് 27, ബിഎസ്പി 2, ഉത്തരാഖണ്ഡ് ക്രാന്തിദള്‍ 1, സ്വതന്ത്രര്‍ 3 എന്നിങ്ങനെയാണ് കക്ഷിനില. 36 അംഗങ്ങളുണ്ടായിരുന്ന കോണ്‍ഗ്രസ്, മുന്‍ മുഖ്യമന്ത്രി വിജയ് ബഹുഗുണ അടക്കമുള്ള പ്രമുഖര്‍ വിമതരായതോടെയാണ് 27 ആയി കുറഞ്ഞത്. വിമതര്‍ എതിര്‍ത്ത് വോട്ട് രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് ബജറ്റ് പാസാകാതെ വന്ന അവസ്ഥയിലാണ് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചത്. എന്നാല്‍ ഉത്തരാഖണ്ഡ് ഹൈക്കോടതി രാഷ്ട്രപതി ഭരണം റദ്ദാക്കിയപ്പോള്‍ സുപ്രീംകോടതി ഹൈക്കോടതിയുടെ തീരുമാനം മരവിപ്പിച്ചു. സുപ്രീംകോടതിയുടെ നിര്‍ദ്ദേശ പ്രകാരമാണ് മെയ് 10ന് വിശ്വസവോട്ടെടുപ്പ് നടക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.