തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് സെക്യൂലര്‍ കേരളത്തില്‍ ദേശീയ ജനാധിപത്യ സഖ്യത്തെ (എന്‍ഡിഎ) പിന്തുണയ്ക്കുമെന്ന് സംസ്ഥാന ചെയര്മാന് കല്ലട മോഹന്‍ദാസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കേരള കോണ്‍ഗ്രസ് സെക്യൂലര്‍ മാണിഗ്രൂപ്പില്‍ ലയിക്കുമെന്ന ഊഹാപോഹങ്ങള്‍ക്കിടെയാണ് സംസ്ഥാന കമ്മറ്റി ചെയര്മാന് കല്ലട മോഹന്‍ദാസ് നിലപാട് വ്യക്തമാക്കിയത്.
വ്യാഴാഴ്ച തിരുവല്ല വൈഎംസിഎയില്‍ കൂടിയ സംസ്ഥാന സെക്രട്ടേറിയറ്റ് മാണിഗ്രൂപ്പില്‍ ചേര്‍ന്ന ടി.എസ്. ജോണിനെ മാറ്റി കല്ലട ദാസിനെ ചെയര്‍മാനായി നിയമിച്ചിരുന്നു. സംതൃപ്തമായ സംസ്ഥാനവും സുശക്തമായ കേന്ദ്രവുമാണ് കേരള കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്നും അതിനായി എന്‍ഡിഎയോടൊപ്പം ഒരുമിച്ചു മുന്നേറുമെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് വ്യക്തമാക്കി.
ആറന്മുള വിമാനത്താവളത്തിന്റെ ഉപജ്ഞാതാവും അധികാര ദല്ലാളുമായ എബ്രഹാം കലമണ്ണില്‍ ബാര്‍കോഴയിലൂടെ ലഭിച്ച പണമുപയോഗിച്ച് പാര്‍ട്ടി നേതാക്കളെ വിലയ്ക്ക് വാങ്ങാന്‍ ശ്രമം നടത്തുകയാണ്.
പാര്‍ട്ടിയുടെ മതനിരപേക്ഷ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും രാഷ്ട്രത്തെ വികസനത്തിലേക്ക് നയിക്കാനും കര്‍ഷകരുടെ ഉന്നമനത്തിനും ഇടത് വലതു കക്ഷികള്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ എന്‍ഡിഎക്കൊപ്പം തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് അദ്ദേഹം പറഞ്ഞു.
ജന.സെക്രട്ടറി അനില്‍ വെണ്ണിയൂര്‍, മധുമേനോന്, വൈസ് ചെയര്മാന് ഹരിപ്രസാദ്, വനിതാ കോണ്‍ഗ്രസ് പ്രസിഡന്റ് ഷീജ ഷാഹുല്‍, യൂത്ത് ഫ്രണ്ട് പ്രസിഡന്റ് കെനി നെപ്പോളിയന് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: