സിപിഎമ്മിന്റെ ബോംബ് രാഷ്ട്രീയം

Sunday 8 May 2016 10:08 am IST

വര്‍ഗ്ഗരാഷ്ട്രീയത്തിന്റെ നിരര്‍ത്ഥകതയും കഴിവില്ലായ്മയും കമ്യൂണിസ്റ്റ് നേതാക്കള്‍ മുമ്പേ തിരിച്ചറിഞ്ഞു കഴിഞ്ഞില്ലേ? ഉവ്വെന്നു വേണം കരുതാന്‍. അത്തരം സംഭവങ്ങളാണ് അവരുടെ വ്യക്തിജീവിതവും പൊതുജീവിതവും സൂചിപ്പിക്കുന്നത്. കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിനു, അതിന്റെ നിലനില്‍പ്പിനും മുന്നേറ്റത്തിനും എക്കാലത്തും ദരിദ്രരേയും പിന്നാക്കവിഭാഗങ്ങളേയും ആവശ്യമുണ്ട്. പിന്നാക്കവിഭാഗക്കാര്‍ സാമ്പത്തികവും സാമൂഹികവുമായ മെച്ചപ്പെട്ട ജീവിതനിലവാരം ആഗ്രഹിക്കുന്നവരാണ്. അത് നല്‍കാന്‍ ത്രാണിയുള്ളവരാണ് ഞങ്ങള്‍ എന്നു കമ്യൂണിസ്റ്റുകള്‍ ആ വിഭാഗക്കാരെ വിശ്വസിപ്പിക്കുന്നു. എന്നാല്‍ പിന്നാക്ക വിഭാഗങ്ങള്‍ക്കു അത്തരം ഒരു ജീവിതനിലവാരം കമ്യൂണിസ്റ്റുകള്‍ ഒരിക്കലും നല്‍കുകയില്ല. കാരണം, മെച്ചപ്പെട്ട ജീവിതസൗകര്യങ്ങള്‍ ലഭിക്കുന്നതോടെ പിന്നാക്കവിഭാഗങ്ങള്‍ 'പിന്നാക്ക വിഭാഗം' അല്ലാതാവുകയും, തുടര്‍ന്നു അവര്‍ക്കു സാമ്പത്തിക സാമൂഹിക ഉന്നതിക്കു വേണ്ടി കമ്യൂണിസ്റ്റുകളെ ആശ്രയിക്കേണ്ടതില്ലാതാവുകയും ചെയ്യും. ഫലം കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിലനില്‍പ്പ് അവതാളത്തിലാകും. ഈ തത്ത്വം നന്നായി മനസ്സിലാക്കിയവരായതിനാല്‍ എല്ലാ തെരഞ്ഞെടുപ്പിലും കമ്മ്യൂണിസ്റ്റുകാര്‍ പിന്നാക്കവിഭാഗങ്ങളുടെ ഉന്നമനം തങ്ങള്‍ ലക്ഷ്യമാക്കുന്നുവെന്ന് അവകാശപ്പെടുകയും, പിന്നീട് ആ വിഭാഗങ്ങള്‍ക്കു ഒന്നും നല്‍കാതിരിക്കുകയും ചെയ്യും. കമ്യൂണിസ്റ്റുകാര്‍ അവരുടെ അടിസ്ഥാന വോട്ടര്‍മാരെ എക്കാലത്തും ദാരിദ്ര്യത്തില്‍ തന്നെ തളച്ചിടും എന്നു സാരം. പശ്ചിമ ബംഗാള്‍ ഒരു ഉത്തമോദാഹരണമാണ്. സമാന നിലയാണ് സാമൂഹിക ഉന്നമനം നല്‍കാം എന്ന കള്ളവാഗ്ദാനത്തിനു പിന്നിലുമുള്ളത്. സമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടെങ്കിലേ സാമൂഹികനിലയില്‍ മുന്നാക്കവും പിന്നാക്കവും ഉണ്ടാകൂ. സംഘര്‍ഷവും വെറുപ്പും ഇല്ലാതെയുള്ള സാമൂഹികക്രമങ്ങള്‍ രാഷ്ട്രീയപരമായി ഉപയോഗിക്കാവുന്നതല്ല. അതിനാല്‍ തന്നെ സാമൂഹിക സമത്വം വാഗ്ദാനം ചെയ്യുന്നവര്‍ എപ്പോഴും സാമൂഹിക സമത്വം ഇല്ലാതാക്കാന്‍ നിരന്തരശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കും. കേരളത്തിലെ രണ്ട് പ്രബല ഹൈന്ദവ സമുദായങ്ങള്‍ തമ്മില്‍, ദേശസ്‌നേഹികളായവരുടെ പ്രോല്‍സാഹനത്താലും മറ്റും, അടുത്തു സഹകരിക്കാന്‍ തീരുമാനിക്കുമ്പോഴെല്ലാം കമ്മ്യൂണിസ്റ്റുകള്‍ അസ്വസ്ഥരാവുകയും, അവരുടെ സഹകരണം ഇല്ലാതാക്കാനുള്ള ശ്രമങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നത് ഇതുമൂലമാണ്. വര്‍ഗ്ഗരാഷ്ട്രീയത്തിന്റെ ഈ വഞ്ചനയും നിരര്‍ത്ഥകതയും ബോധ്യമുള്ളതു കൊണ്ടാണ് കമ്യൂണിസ്റ്റ്‌നേതാക്കള്‍ തങ്ങളുടെ പുത്രീപുത്രന്മാരെ രാഷ്ട്രീയത്തിലിറക്കാതെ മറ്റുള്ളവരെ സമരത്തിനും മറ്റുമായി പോലീസ് ലാത്തിക്കു മുന്നില്‍ എറിഞ്ഞു കൊടുക്കുന്നത്. നാദാപുരത്ത് ബോംബുണ്ടാക്കുന്നതിനിടെ സ്‌ഫോടനം നടന്ന് പരിക്കേറ്റ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനായ ലീനീഷ് മരണമടഞ്ഞത് ഏതാനും ദിവസം മുമ്പാണ്. ബോംബു കൈകാര്യം ചെയ്യുന്നതിനിടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ അപകടത്തില്‍പ്പെടുന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിത്യസംഭവമാണെന്നു കേരളക്കരയാകെ അറിയാം. എന്നാല്‍ ഇവിടെ ശ്രദ്ധേയം, കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെടുന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെ മരണത്തില്‍ അനുശോചിക്കാറില്ല എന്നതാണ്. ഇതിനു പിന്നിലെ ചേതോവികാരം മനസ്സിലാക്കാന്‍ വിഷമമില്ല. വര്‍ഗ്ഗരാഷ്ട്രീയത്തില്‍ പിന്നോക്കവിഭാഗങ്ങളില്‍ വളര്‍ത്തപ്പെട്ട അരക്ഷിതബോധം നിലനിര്‍ത്താനും, തുടര്‍ന്നുകൊണ്ട് പോകാനും ബോംബുസംസ്‌കാരം ആവശ്യമാണ്. അനുശോചനത്തിനൊന്നും അവിടെ പ്രസക്തിയേയില്ല. അനുശോചിച്ചാലുള്ള നാണക്കേട് വേറെ. ഇന്നലെ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫീസില്‍ വെച്ചുള്ള ബോംബുനിര്‍മാണത്തിനിടെ വീണ്ടും ബോംബു പൊട്ടിത്തെറിച്ച് കമ്യൂണിസ്റ്റ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരിക്കുന്നു. മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയുടെ ഹിംസയില്‍ അധിഷ്ഠിതമായ വര്‍ഗ്ഗരാഷ്ട്രീയത്തിന്റെ ഇരകളായി പൊലിയുന്നവരില്‍ ലിനീഷിനെ പോലുള്ള പാവപ്പെട്ടവരാണ് ബഹുഭൂരിഭാഗവും. വര്‍ഗ്ഗരാഷ്ട്രീയത്തിന്റെ നിരര്‍ത്ഥകത മനസ്സിലാക്കിയ നേതാക്കന്മാരുടെ മക്കളെല്ലാം കേരളത്തിലേയും വിദേശത്തേയും മികച്ച എന്‍ജിനീയറിങ് കോളേജുകളിലും മറ്റും ഉയര്‍ന്ന വിദ്യാഭ്യാസം ലഭിച്ചവരാണ്. പലരുടേയും ജോലിയും താമസവും വിദേശത്തു തന്നെ. എന്തുകൊണ്ട് ഇവരെ ലാത്തിച്ചാര്‍ജ്ജ് ഉറപ്പുള്ള സമരങ്ങളില്‍ ഇറക്കുന്നില്ല? ബോംബുണ്ടാക്കാന്‍ നിയോഗിക്കുന്നില്ല? ഉത്തരം വ്യക്തമാണ്. ബോംബുനിര്‍മിക്കാനും, അക്രമരാഷ്ട്രീയം വിജയിക്കുന്നതിനാവശ്യമായ cannon fodder ആയും പാവപ്പെട്ടവരുടെ മക്കളുണ്ട്. 'തൊഴിലാളി വര്‍ഗ്ഗത്തിന്റെ പാര്‍ട്ടി' എന്നും തൊഴിലാളികളെ തൊഴിലാളിയായി തന്നെ നിലനിര്‍ത്താന്‍ ശ്രമിക്കും. തൊഴിലാളിക്കു മെച്ചപ്പെട്ട ജീവിതസൗകര്യങ്ങള്‍ അവര്‍ (കമ്യൂണിസ്റ്റ് പാര്‍ട്ടി) നല്‍കില്ല. നല്‍കിയാല്‍ അതോടെ തീരും കമ്യൂണിസം. അതാണ് ആ പ്രത്യയശാസ്ത്രത്തിന്റെ അപ്രായോഗികതയും ന്യൂനതയും. ജനാധിപത്യ വ്യവസ്ഥിതിയില്‍ കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിനു യാതൊരു ഇടവും പ്രസക്തിയും ഇല്ല. കാരണം ജനാധിപത്യം ജനങ്ങളുടെ പുരോഗതി ലക്ഷ്യമാക്കുന്നു. ജനങ്ങളെ ദരിദ്രരായി തളച്ചിടുന്നില്ല. ജനങ്ങള്‍ സമ്പന്നരായാലും അല്ലെങ്കിലും ജനാധിപത്യം പ്രവര്‍ത്തിക്കുന്നു. കമ്യൂണിസത്തിനു സാധിക്കാത്തതും അതുതന്നെയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.