യേശു വിമോചനപ്പോരാളിയെന്ന്‌ സിപിഎം

Friday 3 February 2012 9:41 pm IST

തിരുവനന്തപുരം: യേശുക്രിസ്തു ലോകചരിത്രത്തിലെ വിമോചനപ്പോരാളിയാണെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ക്രിസ്തു പ്രതിഫലിപ്പിച്ചത്‌ അടിച്ചമര്‍ത്തപ്പെട്ടവന്റെ ശബ്ദമാണ്‌. കൊള്ളപ്പലിശക്കാരെ ദേവാലയത്തില്‍ നിന്ന്‌ ചാട്ടവാറിനടിച്ച്‌ യേശു പുറത്താക്കി. ആ ക്രിസ്തുവിനെ സ്വാഭാവികമായും ഞങ്ങള്‍ ആദരിക്കും.
യേശുക്രിസ്തുവിനെ പാര്‍ട്ടി ആദരിക്കുന്നതില്‍ ആര്‍ക്കും വിഷമം തോന്നിയിട്ടു കാര്യമില്ല. മര്‍ദനത്തിനും ചൂഷണത്തിനും എതിരെ ക്രിസ്തുമതവുമായി സഹകരിച്ചു മുന്നോട്ടു പോകാന്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിക്കു കഴിയുമെന്നും അദ്ദേഹം പറഞ്ഞു. സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഇറക്കിയ പോസ്റ്ററുകളില്‍ യേശുക്രിസ്തുവിന്റെ ചിത്രം ഉള്‍പ്പെടുത്തിയിരുന്നു. ഇതുസംബന്ധിച്ച വിമര്‍ശനത്തിന്‌ മറുപടിയായാണ്‌ പിണറായി ഇന്നലെ യേശുവാണ്‌ ഏറ്റവും വലിയ വിമോചന പോരാളി എന്ന്‌ അവകാശപ്പെട്ടത്‌. ക്രിസ്തുമതത്തെയും യേശുക്രിസ്തുവിനെയും കാറല്‍മാര്‍ക്സിന്റെ കാലം മുതല്‍ എതിര്‍ത്തുവന്ന പ്രസ്ഥാനമാണ്‌ കമ്മ്യൂണിസ്റ്റ്‌. കേരളത്തില്‍ കമ്യൂണിസ്റ്റ്‌ ഭരണത്തിനെതിരെ വിമോചന സമരം നടത്തിയത്‌ ക്രിസ്ത്യന്‍സഭകളുടെ നേതൃത്വത്തിലായിരുന്നു. സമൂഹം എന്ന നിലയില്‍ ഒരിക്കലും കൃസ്ത്യാനികള്‍ കമ്മ്യൂണിസത്തെ അംഗീകരിച്ചിരുന്നില്ല. തിരിച്ചും. വോട്ടുകിട്ടുക എന്ന ലക്ഷ്യത്തോടെ ചില നീക്കുപോക്കുകള്‍ നടത്തിയതൊഴിച്ചാല്‍ ക്രൈസ്തവ സഭകളോട്‌ കേരളത്തിലെ കമ്മ്യൂണിസ്റ്റുകളും നിശ്ചിത അകലം പാലിച്ചിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പ്‌ സമയത്ത്‌ ക്രൈസ്തവ പുരോഹിതരെ നികൃഷ്ടജീവി എന്നാണ്‌ സിപിഎം വിശേഷിപ്പിച്ചത്‌. പിറവം തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സിപിഎം സംസ്ഥാനസമ്മേളന പോസ്റ്ററില്‍ യേശുവിന്റെ ചിത്രം ഉള്‍പ്പെടുത്തിയതിന്‌ പ്രാധാന്യം ഏറെയാണ്‌. യേശുവാണ്‌ ഏറ്റവും വലിയ വിമോചനപോരാളിയെങ്കില്‍ ഇതേവരെ എന്തുകൊണ്ട്‌ അദ്ദേഹത്തിന്റെ ചിത്രം പാര്‍ട്ടി പോസ്റ്ററുകളിലോ പരിപാടികളിലോ പ്രത്യക്ഷപ്പെട്ടില്ല എന്ന ചോദ്യം പ്രസക്തമാണ്‌. സദ്ദാംഹുസൈന്റെയും ബിന്‍ലാദന്റെയും വരെ ചിത്രങ്ങള്‍ സിപിഎം പോസ്റ്ററുകളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്‌.
ഇഎംഎസ്‌ ഉള്‍പ്പെടെയുള്ള കമ്മ്യൂണിസ്റ്റുകള്‍ എതിര്‍ത്തിരുന്ന ശ്രീനാരായണഗുരുദേവന്റെ ചിത്രം സിപിഎം കുറേ നാളായി ഉപയോഗിച്ചുവരുന്നുണ്ട്‌. സ്വാമി വിവേകാനന്ദന്റെയും ഭഗത്സിംഗിന്റെയും ചിത്രങ്ങളും ഉപയോഗിക്കുന്നു. ഇതിന്റെയൊരു തുടര്‍ച്ചയാണ്‌ യേശുക്രിസ്തുവിനോട്‌ തോന്നിയ താല്‍പര്യം. ഡോ.ഹെഡ്ഗേവാറിന്റെയും ഗുരുജി ഗോള്‍വള്‍ക്കറിന്റെയും ചിത്രങ്ങളും ഭാവിയില്‍ സിപിഎം പരിപാടികളില്‍ പ്രത്യക്ഷപ്പെട്ടാല്‍ അത്ഭുതമില്ല.
യേശുവിന്റെ പടം സിപിഎം ഉപയോഗിച്ചതിനെതിരെ കോണ്‍ഗ്രസ്‌ രംഗത്തുവന്നിട്ടുണ്ട്‌. സാത്താന്‍ മരുഭൂമിയില്‍ യേശുവിനെ പരീക്ഷിച്ചതുപോലെ 21ാ‍ം നൂറ്റാണ്ടില്‍ സിപിഎം യേശുവിനെ പരീക്ഷിക്കുകയാണെന്നാണ്‌ കെപിസിസി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല പറഞ്ഞത്‌. ഇത്‌ വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നതാണെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ ഇത്തരം നിലപാടുകളില്‍ നിന്നും പിന്മാറണന്നും ചെന്നിത്തല ആവശ്യപ്പെട്ടു.പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.