മ്യൂണിച്ച്: പെപ്പ് ഗാര്‍ഡിയോളയ്ക്ക് മാന്യമായ വിടവാങ്ങലൊരുക്കി ജര്‍മന്‍ ഫുട്ബോള്‍ ലീഗില്‍ ബയേണ്‍ മ്യൂണിച്ചിന് തുടരെ നാലാം കിരീടം. ലീഗിലെ 26ാം കിരീടമാണ് മത്സരം അവശേഷിക്കെ ബയേണിന്റെ അക്കൗണ്ടിലെത്തിയത്. റോബര്‍ട്ടോ ലെവന്‍ഡോവ്സ്കിയുടെ ഇരട്ട ഗോളില്‍ ഇന്ഗ്ലൊസ്റ്റഡ്റ്റിനെ ഒന്നിനെതിരേ രണ്ടു ഗോളിന് കീഴടക്കി ബയേണിന്റെ കുതിപ്പ്. രണ്ടാം സ്ഥാനക്കാരായ ബൊറൂസിയ ഡോര്‍ട്ട്മുണ്ട് എതിരില്ലാത്ത ഒരു ഗോളിന് എയ്ന്‍ട്രാക്റ്റ് ഫ്രാങ്ക്ഫര്‍ട്ടിനോട് തോറ്റതും മ്യൂണിച്ച് ടീമിന്റെ കിരീടധാരണം വേഗത്തിലാക്കി.
ഈ സീസണോടെ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്കു പോകുന്ന പരിശീലകന് പെപ്പ് ഗാര്‍ഡിയോള ചാമ്പ്യന്‍സ് ലീഗെന്ന സ്വപ്നം ബാക്കിയാക്കിയാണ് മടങ്ങുന്നത്. മൂന്നു സീസണ് മുന്‍പ് മ്യൂണിച്ചിലെത്തിയ പെപ്പിന് മൂന്നുവട്ടവും ചാമ്പ്യന്‍സ് ലീഗിന്റെ സെമി വരെ ടീമിനെയെത്തിക്കാനേ ആയുള്ളു. 21ന് ഡോര്‍ട്ട്മുണ്ടിനെതിരെയുള്ള ജര്‍മന്‍ കപ്പ് ഫൈനലോടെ ജര്‍മനിയിലെ പെപ്പിന്റെ കാലഘട്ടത്തിന് താത്കാലിക വിരാമമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: