കാറ്റടിച്ചാല്‍ വൈദ്യുതി തകരാര്‍ മുഹമ്മയില്‍ പതിവായി

Sunday 8 May 2016 10:00 pm IST

മുഹമ്മ: കാറ്റടിച്ചാല്‍ വൈദ്യുതി തകരാറിലാകുന്നത് മുഹമ്മയില്‍ പതിവായി. മുഹമ്മ ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയിലുള്ള കായിപ്പുറം,മുഹമ്മ,പൊന്നാട്,മണ്ണഞ്ചേരി തുടങ്ങിയ പ്രദേശങ്ങളിലാണ് വൈദ്യുതിയ്ക്ക് കൂടെകൂടെ മുടക്കമുണ്ടാകുന്നത്. അറ്റകുറ്റപ്പണികള്‍ക്കായി മിക്ക ദിവസങ്ങളിലും പകല്‍ വൈദ്യുതി മുടങ്ങുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നത് പതിവുണ്ട്. എന്നാല്‍ രാത്രികാലങ്ങളിലുണ്ടാകുന്ന വൈദ്യതി മുടക്കം ജനങ്ങളെ ഏറെ ദുരിതത്തിലാക്കുന്നു. ട്രാന്‍സ്‌ഫോര്‍മറുകളിലെ അറ്റകുറ്റപ്പണികള്‍ തീര്‍ത്തും ലൈനിലേയ്ക്ക് വീണുകിടക്കുന്ന മരച്ചില്ലുകള്‍ വെട്ടിയും തകരാറുകള്‍ പരിഹരിച്ച പ്രദേശങ്ങളിലാണ് കാറ്റടിച്ചാല്‍ വൈദ്യുതി തകരാറിലാകുന്നത്. വേനല്‍ ചൂടിന്റെ കാഠിന്യം വര്‍ധിച്ചിരിക്കെ വൈദ്യുതി വകുപ്പിന്റെ ഇരിട്ടടി ജനങ്ങള്‍ക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. വേമ്പനാട്ട് കായലില്‍ മത്സ്യ ബന്ധനത്തിന് സജീകരിച്ചിട്ടുള്ള ചീനവലകള്‍ വൈദ്യുതി ഇല്ലാത്തത് മൂലം പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നില്ല.നവജാത ശിശുക്കളും സ്‌കൂള്‍ അവധിയായതിനാല്‍ കംപ്യൂട്ടര്‍ കോഴ്‌സിന് ചേര്‍ന്ന വിദ്യാര്‍ത്ഥികളും ഏറെ ദുരിതം അനുഭവിക്കുന്നു. വെളിച്ച വിപ്ലവം നടപ്പാക്കിയ മുഹമ്മ ഇലക്ട്രിസിറ്റി ഓഫീസില്‍ ആവശ്യത്തിന് ജീവനക്കാര്‍ ഇല്ലാത്തതാണ് വൈദ്യുതി തകരാറിലായാല്‍ പരിഹരിക്കാന്‍ കഴിയാതെ വരുന്നത്. ഏഴ് ജീവനക്കാരുടെ കുറവാണ് ഇവിടെയുള്ളത്. കഴിഞ്ഞ ദിവസം രാത്രി ഇടിയും മിന്നലിലും 73 സ്ഥലങ്ങളില്‍ വൈദ്യുതി തകരാറിലായി. നാല് ദിവസം കൊണ്ടാണ് പരിഹരിക്കാനായത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി 10ന് പോയ വൈദ്യുതി ഇന്നലെ രാവിലെയാണ് പുനസ്ഥാപിച്ചത്. രാത്രികാലങ്ങളില്‍ വൈദ്യുതി മുടങ്ങിയാല്‍ പരിഹരിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് മുഹമ്മ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.