കാസര്‍കോടിനെ ആവേശഭരിതമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി

Sunday 8 May 2016 10:50 pm IST

കാസര്‍കോട്: സപ്തഭാഷാ സംഗമഭൂമിയായ കാസര്‍കോടിന്റെ മണ്ണില്‍ പ്രവര്‍ത്തകരെയും അനുഭാവികളെയും ആവേശഭരിതരാക്കി ഭാരത പ്രധാനമന്ത്രി നരേന്ദ്രമോദിയെത്തി. പതിനായിരക്കണക്കിന് ജനങ്ങള്‍ ഹരിത കുങ്കുമ പതാകകളുമായി അണിനിരന്ന കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ രാവിലെ 10.35 ന് പ്രധാനമന്ത്രിയെയും വഹിച്ചു കൊണ്ടുള്ള വാഹനം എത്തിയതോടെ പ്രവര്‍ത്തകര്‍ ആവേശഭരിതരായി മോദിജിക്ക് അഭിവാദ്യം മുഴക്കി. വേദിയില്‍ കേന്ദ്ര നിയമവകുപ്പ് മന്ത്രി ഡി.വി.സദാനന്ദ ഗൗഡ പ്രസംഗിക്കുകയായിരുന്നു. ഉടന്‍ അദ്ദേഹം മലയാളത്തിലും കന്നഡയിലുമായി പ്രധാന മന്ത്രിയെത്തിയ വിവരം സദസ്സിനെ അറിയിച്ചതോടെ അവേശം വാനോളമുയര്‍ന്നു. 10.35 ന് സമ്മേളന നഗരിയിലെത്തിയ പ്രധാനമന്ത്രിയെ ബിജെപി ദേശീയ സമിതിയംഗം മടിക്കൈ കമ്മാരന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറിയും മഞ്ചേശ്വരം മണ്ഡലം സ്ഥാനാര്‍ത്ഥിയുമായ കെ.സുരേന്ദ്രന്‍ തുടങ്ങിയവര്‍ സ്വീകരിച്ചു. ഭാരത് മാതാകീജയ്, നരേന്ദ്ര മോദിജികീജയ് വിളികള്‍ കൊണ്ട് മുഖരിതമായ അന്തരീക്ഷത്തില്‍ ജനങ്ങളെ കൈകൂപ്പിക്കൊണ്ട് സ്റ്റേജിലേക്ക് കയറി. തുടര്‍ന്ന് ഇരു കൈകളും മാറിമാറി വീശി ജനങ്ങളെ അഭിവാദ്യം ചെയ്തു. തുടര്‍ന്ന് വേദിയിലുണ്ടായിരുന്ന ഓരോരുത്തര്‍ക്കും കൈ കൊടുത്ത് കുശലം പറഞ്ഞു.

എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദി

എന്‍ഡിഎ ഉദുമ മണ്ഡലം സ്ഥാനാര്‍ത്ഥിയും ബിജെപി ജില്ല പ്രസിഡണ്ടുമായ അഡ്വ.കെ.ശ്രീകാന്ത് പ്രധാനമന്ത്രിക്ക് സ്വാഗതം പറഞ്ഞു. മഞ്ചേശ്വരം മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന്‍ പ്രധാനമന്ത്രിയെ ഷാളണിയിച്ച് സ്വീകരിച്ചു. എന്‍ഡിഎ കാസര്‍കോട് മണ്ഡലം സ്ഥാനാര്‍ത്ഥി രവീശ തന്ത്രി കുണ്ടാര്‍, ഉദുമ മണ്ഡലം സ്ഥാനാര്‍ത്ഥി അഡ്വ.കെ.ശ്രീകാന്ത്, കാഞ്ഞങ്ങാട് മണ്ഡലം സ്ഥാനാര്‍ത്ഥി എം.പി.രാഘവന്‍, തൃക്കരിപ്പൂര്‍ മണ്ഡലം സ്ഥാനാര്‍ത്ഥി എം.ഭാസ്‌കരന്‍ എന്നിവര്‍ പുഷ്ഹാരം അണിയിച്ചു. ബിജെപി ദേശീയ സമിതിയംഗം മടിക്കൈ കമ്മാരന്‍, സംസ്ഥാന വൈസ് പ്രസിഡണ്ട് പ്രമീള സി.നായക്, സംസ്ഥാനസമിതിയംഗം പി.സുരേഷ്‌കുമാര്‍ ഷെട്ടി എന്നിവര്‍ ചേര്‍ന്ന് പ്രധാനമന്ത്രിക്ക് ശ്രീകൃഷ്ണ വിഗ്രഹം സമ്മാനിച്ചു. ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്തിന്റെ നേതൃത്വത്തില്‍ ബേക്കല്‍ കോട്ടയുടെ ചിത്രവും നല്‍കി. ബിജെപി കോഴിക്കോട് ജില്ലാ സെക്രട്ടറി അഡ്വ.ശ്രീപത്മനാഭന്‍ പ്രസംഗം പരിഭാഷപ്പെടുത്തി. സപ്തഭാഷാ സംഗമഭൂമിയായ കാസര്‍കോട്ടെ നല്ലവരായ നാട്ടുകാര്‍ക്ക് നമസ്‌കാരമെന്ന് പറഞ്ഞാരംഭിച്ച പ്രസംഗം എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് അഭ്യര്‍ത്ഥിച്ചു കൊണ്ട് മലയാളത്തില്‍ അവസാനിപ്പിച്ചു. ബിജെപി കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് സുധാമ ഗോസാഡ, മഹിളാ മോര്‍ച്ച സംസ്ഥാന സെക്രട്ടറി ശൈലജ ഭട്ട്, എസ്‌സി എസ്ടി മോര്‍ച്ചാ ജില്ലാ അദ്ധ്യക്ഷന്‍ രാമപ്പ മഞ്ചേശ്വരം, യുവമോര്‍ച്ചാ സംസ്ഥാന ട്രഷറര്‍ വിജയകുമാര്‍ റൈ, ടൗണ്‍ ബാങ്ക് പ്രസിഡണ്ട് അഡ്വ.പി.സി. അശോക് കുമാര്‍, സഹകാര്‍ ഭാരതി അംഗം മാധവ ഹെര്‍ള, അഡ്വ.വി.ബാലകൃഷ്ണ ഷെട്ടി, ബിജെപി മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട് ഹരിഷ് ചന്ദ്ര മഞ്ചേശ്വരം എന്നിവര്‍ ഹെലിപ്പാഡിലെത്തി പ്രധാനമന്ത്രിയെ സ്വീകരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.