അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ്: കമ്മീഷന്‍ വാങ്ങിയവരും അകത്താവുമെന്ന് മോദി

Sunday 8 May 2016 10:49 pm IST

തിരുവനന്തപുരം: അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്ടര്‍ ഇടപാടില്‍ കമ്മീഷന്‍ കൊടുത്തവര്‍ അകത്തായിട്ടുണ്ടെന്നും കമ്മീഷന്‍ വാങ്ങിയവര്‍ ഉടന്‍ അകത്താവുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. എന്‍ഡിഎയുടെ തിരുവനന്തപുരം ജില്ലയിലെ തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തന്റെ കാസര്‍കോട് റാലി കഴിഞ്ഞപ്പോള്‍ എ.കെ. ആന്റണിയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ സന്തോഷത്തിലായിരുന്നു. പ്രധാനമന്ത്രി ഹെലിക്കോപ്ടര്‍ ഇടപാടിനെക്കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ എന്ന സന്തോഷം. എനിക്കൊന്നേ കോണ്‍ഗ്രസ് സഹയാത്രികരോട് പറയാനുള്ളൂ. നിങ്ങള്‍ പകല്‍ ഉറങ്ങിക്കോളൂ. പക്ഷേ രാത്രി ഉണര്‍ന്നിരിക്കേണ്ടിവരും. ഹെലിക്കോപ്റ്റര്‍ അഴിമതി നടത്തിയവര്‍ ശിക്ഷിക്കപ്പെടണമെന്നാണ് രാജ്യം ആഗ്രഹിക്കുന്നത്. സോണിയ മാഡം ഇപ്പോള്‍ പറയുന്നത് മോദി ഇല്ലാത്ത ആരോപണം ഉന്നയിക്കുന്നുവെന്നാണ്. രണ്ട് വര്‍ഷമായി മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ട്. ഹെലിക്കോപ്ടര്‍ ഇടപാടില്‍ കോണ്‍ഗ്രസിന്റെ പേരുപറഞ്ഞോ? കേന്ദ്രസര്‍ക്കാര്‍ ആരുടെയും പേരുപറഞ്ഞിട്ടില്ല. പേരുവന്നത് ഇറ്റലിയില്‍ നിന്നാണ്. നമ്മുടെയാരുടെയും പരിചയക്കാര്‍ ഇറ്റലിയിലില്ല, ബന്ധുക്കള്‍ ഇറ്റലിയിലില്ല. ഇറ്റലിയിലെ കോടതിയാണ് പറഞ്ഞത്. എത്ര വാങ്ങിയോ അവര്‍ അകത്താവും. നാലുവശത്തുനിന്നും ഹെലിക്കോപ്ടറിന്റെ ശബ്ദം കേട്ടപ്പോള്‍ കോണ്‍ഗ്രസ് ജനാധിപത്യം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് രംഗത്തിറങ്ങിയിരിക്കുകയാണെന്നും മോദി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.