ഉമ്മൻചാണ്ടി പൂന്തോട്ടത്തിലെ വിഷച്ചെടി: കുമ്മനം

Monday 9 May 2016 3:38 pm IST

തിരുവനന്തപുരം: നാരായണഗുരുദേവനും നിത്യചൈതന്യയതിയും ഉൾപ്പടെയുള്ള മഹാരഥൻമാർ നിർമ്മിച്ച പൂന്തോട്ടത്തെ നശിപ്പിക്കുന്ന കള്ളിമുൾച്ചെടിയാണ് ഉമ്മൻചാണ്ടിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. ഇതിനെ ചുവടോടെ പിഴുതെറിയാൻ ജനം കാത്തിരിക്കുകയാണ്. ഇത് ഉമ്മൻചാണ്ടിക്ക് മനസ്സിലായിട്ടുണ്ട്. ഇത് തിരിച്ചറിഞ്ഞതിന്റെ ജാള്യതയാണ് അദ്ദേഹത്തിനുള്ളതെന്ന് കുമ്മനം പ്രസ്താവനയില്‍ പറഞ്ഞു. അഴിമതിയും കെടുകാര്യസ്ഥതയും ചർച്ചയാകാതിരിക്കാനുള്ള തത്രപ്പാടാണ് ഉമ്മൻചാണ്ടി നടത്തുന്നത്. വികസന മുരടിപ്പ്, അഴിമതി എന്നീ കാര്യങ്ങളില്‍ ജനങ്ങളുടെ മുന്നിൽ ഉടുതുണി നഷ്ടപ്പെട്ട ആളുടെ അവസ്ഥയിൽ നിൽക്കുകയാണ് ഉമ്മൻചാണ്ടിയും കൂട്ടരും. അഴിമതിയുടെയും വികസനമുരടിപ്പിന്റേയും ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ ഇവർക്കാവില്ല. ഇക്കാര്യങ്ങൾ തെരഞ്ഞെടുപ്പില്‍ ചർച്ചയാകാതിരിക്കാനാണ് മറ്റ് വിഷയങ്ങൾ ഉയർത്തിക്കാട്ടാൻ ഉമ്മൻചാണ്ടി ശ്രമിക്കുന്നത്. ഇതിനാണ് ബിജെപിക്കും ദേശീയ ജനാധിപത്യസഖ്യത്തിനുമെതിരെ ഇല്ലാക്കഥകൾ പ്രചരിപ്പിക്കുന്നത്. എന്നാൽ ഈ തെരഞ്ഞെടുപ്പിലെ പ്രധാന വിഷയം കഴിഞ്ഞ നാളുകളിലെ അഴിമതിയും വികസന മുരടിപ്പും തന്നെയാണ്. ഉമ്മൻചാണ്ടി എത്ര കിണഞ്ഞ് പരിശ്രമിച്ചാലും ജനങ്ങൾ ഇത് മറക്കില്ല. കേരളം സാമൂഹ്യമായി ഇത്രയും അധപതിച്ച കാലം ഇതിന് മുൻപ് ഉണ്ടായിട്ടില്ല. എന്നിട്ടും അതിലൊന്നും അസ്വാഭാവികത തോന്നാത്തത് ഉമ്മന്‍ചാണ്ടിക്ക് മാത്രമാണ്. ബിജെപിയെ നിയമസഭ കാണിക്കില്ലെന്ന പ്രസ്താവന ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. ആരെ ജയിപ്പിക്കണം തോൽപ്പിക്കണം എന്ന് തീരുമാനിക്കുന്നത് ജനങ്ങളാണ്. ഇത് അനുവദിക്കില്ലെന്ന് പറയുന്നത് വോട്ടുകച്ചവടം നടത്താനാണെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.