നീറ്റ്: മെയ് 1ന് പരീക്ഷ എഴുതിയവര്‍ക്ക് വീണ്ടും അവസരം ലഭിച്ചേക്കും

Monday 9 May 2016 7:28 pm IST

ന്യൂദല്‍ഹി: മെയ് ഒന്നിന് നടന്ന മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് എഴുതിയവര്‍ക്കും ജൂലൈ 24ന് നടക്കുന്ന രണ്ടാം ഘട്ടത്തില്‍ അവസരം ലഭിച്ചേക്കും. ഇക്കാര്യം പരിഗണിക്കാമെന്ന് സുപ്രീംകോടതി. പരീക്ഷ രണ്ടാമതെഴുതാന്‍ അവസരമില്ലെന്ന് നേരത്തെ സിബിഎസ്ഇ കോടതിയില്‍ നിലപാടെടുത്തിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടാമത്തെ പരീക്ഷയില്‍ പങ്കെടുക്കുന്നതിന് അവസരം നല്‍കുന്നതോടൊപ്പം തമിഴ് അടക്കമുള്ള ഏഴ് പ്രാദേശിക ഭാഷകളില്‍ ചോദ്യപേപ്പര്‍ ലഭ്യമാക്കുന്ന കാര്യം പരിഗണിക്കാമെന്നും കോടതി അറിയിച്ചു. മെയ് ഒന്നിന് ഒന്നാംഘട്ട പരീക്ഷ എഴുതിയവര്‍ക്കും ജൂലൈ 24ലെ രണ്ടാംഘട്ടത്തില്‍ അവസരം നല്‍കണമെന്ന നിര്‍ദ്ദേശം കേന്ദ്രസര്‍ക്കാരാണ് മുന്നോട്ടുവെച്ചത്. വിദ്യാര്‍ത്ഥികളുടെ താല്‍പ്പര്യമനുസരിച്ച് ഒന്‍പത് പ്രാദേശിക ഭാഷകളില്‍കൂടി ചോദ്യപേപ്പറുകള്‍ നല്‍കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. എന്നാല്‍ ചോദ്യപേപ്പറുകള്‍ പ്രാദേശിക ഭാഷകളിലാക്കുന്നതിനെ മെഡിക്കല്‍ കൗണ്‍സില്‍ എതിര്‍ത്തു. വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടാംഘട്ടത്തിലും പരീക്ഷ എഴുതാന്‍ അനുവാദം നല്‍കാമെന്നും മെഡിക്കല്‍ കൗണ്‍സില്‍ കോടതിയെ അറിയിച്ചു. സര്‍ക്കാര്‍ കോളേജുകളെ ഈവര്‍ഷത്തെ നീറ്റില്‍ നിന്നും ഒഴിവാക്കാമെന്നും മെഡിക്കല്‍ കൗണ്‍സില്‍ അറിയിച്ചു. പ്രാദേശിക ഭാഷകളില്‍ ചോദ്യപേപ്പര്‍ തയ്യാറാക്കുന്നതിനെ ആദ്യം എതിര്‍ത്ത സിബിഎസ്ഇ പിന്നീട് അനുകൂലിച്ചു. എന്നാല്‍ 9ന് പകരം ഏഴ് ഭാഷകളില്‍ ചോദ്യപ്പേപ്പറുകള്‍ നല്‍കാമെന്നാണ് ഒടുവിലെത്തിയ ധാരണ. തെലുങ്ക്, തമിഴ്, മറാത്ത, ഗുജറാത്തി, ആസാമി, ഉറുദു, ബംഗാളി എന്നീ ഭാഷകളിലായിരിക്കും ചോദ്യപേപ്പറുകള്‍ തയ്യാറാക്കുക. ജൂലൈ 24ന് രണ്ടാമത് പരീക്ഷ എഴുതിയാല്‍ രണ്ടാമതെഴുതിയ പരീക്ഷയുടെ ഫലമായിരിക്കും മെഡിക്കല്‍ പ്രവേശനത്തിന് പരിഗണിക്കുക. ഇത്തരം നിര്‍ദ്ദേശങ്ങളെല്ലാം പരിഗണിച്ച് ഉത്തരവില്‍ ഭേദഗതി വരുത്താമെന്ന് സുപ്രീംകോടതി അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.