ഏസിയില്ലെങ്കില്‍ പണിയെടുക്കില്ല; രോഗികള്‍ വലയുന്നു

Monday 9 May 2016 7:43 pm IST

ആലപ്പുഴ: മെഡിക്കല്‍കോളജ് ആശുപത്രിയില്‍ എക്കോ, ടിഎംടി ടെസ്റ്റുകള്‍ എടുക്കുന്നതിനായെത്തിയ അമ്പതോളം രോഗികളെ ജീവനക്കാര്‍ പറഞ്ഞുവിട്ടു. മാസങ്ങള്‍ക്ക് മുമ്പ് സമയം അനുവദിച്ച നാല്‍പ്പത്തി മൂന്ന് രോഗികളെയാണ് ജീവനക്കാരുടെ കൃത്യവിലോപം കാരണം മടക്കിഅയച്ചത്. യന്ത്രം തകരാറാണെന്ന് പറഞ്ഞാണ് ഇവരെ മടക്കിയത്. ദാരിദ്ര്യരേഖക്ക് താഴെയുള്ള നിത്യരോഗികളായവരെയാണ് ജീവനക്കാര്‍ പ്രത്യേക കാരണമൊന്നുമില്ലാതെ മടക്കിയത്. യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്ന മുറിയിലെ ഏസി പ്രവര്‍ത്തിക്കാതിരുന്നതാണ് ജീവനക്കാരെ ഇത്തരമൊരു നടപടിക്ക് പ്രേരിപ്പിച്ചത്. ഏസി ഇല്ലാതെ ജോലി ചെയ്യാന്‍ കഴിയില്ലെന്ന ജീവനക്കാരുടെ നിലപാടാണ് പാവപ്പെട്ട രോഗികളെ വലച്ചത്. മെഡിക്കല്‍ കോളജില്‍ സൗജന്യ നിരക്കില്‍ എക്കോ, ടിഎംടി ടെസ്റ്റുകള്‍ ലഭിക്കണമെങ്കില്‍ മാസങ്ങള്‍ക്ക് മുമ്പ് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചാല്‍ പോലും മുന്‍ഗണനാക്രമം അനുസരിച്ച് മാത്രമേ രോഗികള്‍ക്ക് ഇത്തരം പരിശോധനകള്‍ സൗജന്യനിരക്കില്‍ ലഭ്യമാകൂ. ഇതിനായി മാസങ്ങളോളം കാത്തിരിക്കണം. ജില്ലക്ക് പുറത്ത് നിന്ന് പോലും നിരവധി രോഗികള്‍ ഇന്നലെ എക്കോ, ടിഎംടി ടെസ്റ്റുകള്‍ക്കായി എത്തിയിരുന്നു.യന്ത്രങ്ങള്‍ സ്ഥാപിച്ചിട്ടുള്ള മുറിയിലെ ഏസി തകരാറായിട്ട് നാളുകളായെങ്കിലും ഇത് നന്നാക്കാനോ മാറ്റി സ്ഥാപിക്കാനോ അധികൃതര്‍ തയ്യാറായിട്ടില്ല. എന്നാല്‍ സാധാരണ നിലയില്‍ ഏസി ഇല്ലാതെ തന്നെ പ്രവര്‍ത്തിപ്പിക്കാവുന്ന യന്ത്രങ്ങളാണ് എക്കോ ടെസ്റ്റിനും ടിഎംടി പരിശോധനക്കും ഉപയോഗിക്കുന്നതെന്നിരിക്കെ, ഈ കാരണം പറയാന്‍ കഴിയാത്തതിനാലാണ് യന്ത്രത്തകരാര്‍ ചൂണ്ടിക്കാട്ടി രോഗികളെ മടക്കിയത്. എന്നാല്‍ ഇന്നലെ മടക്കി അയച്ച രോഗികള്‍ക്ക് ഈ പരിശോധനകള്‍ സൗജന്യ നിരക്കില്‍ ലഭിക്കണമെങ്കില്‍ ഇനിയും മാസങ്ങള്‍ കാത്തിരിക്കേണ്ട അവസ്ഥയാണ്. സമീപത്തെ സ്വകാര്യ ലാബുകാരെ സഹായിക്കാനാണ് ജീവനക്കാര്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നതെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ആശുപത്രിയിലെ പല ലാബുകളിലെയും അവസ്ഥ ഇതു തന്നെയാണ്, ഇക്കാര്യത്തില്‍ അധികൃതര്‍ കാര്യക്ഷമമായി ഇടപെടാറില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.