കുട്ടനാട് പാക്കേജ് അട്ടിമറിച്ച് കര്‍ഷകരെ വഞ്ചിച്ചത് ഇടതും വലതും

Monday 9 May 2016 9:29 pm IST

ആലപ്പുഴ: കുട്ടനാട്ടിലെ കര്‍ഷകരുടെ സ്വപ്ന പദ്ധതിയായ കൂട്ടനാട് പാക്കേജ് അട്ടിമറിച്ച് കര്‍ഷകരെ കണ്ണുനീര് കുടിപ്പിച്ചതില്‍ ഇടതുവലതു മുന്നണികള്‍ക്ക് തുല്യ പങ്കാണുള്ളത്. ഏറെ കാലത്തെ കാത്തിരിപ്പിനൊടുവിലാണ് കുട്ടനാടിന്റെ സമഗ്രവികസനത്തിനായി ഡോ. എം.എസ്. സ്വാമിനാഥന്‍ കമ്മീഷന്‍ പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ 1,841 കോടിയുടെ പാക്കേജ് അനുവദിച്ചത്. 2008 ജൂലൈ 24നാണ് പാക്കേജിന് അന്തിമാംഗീകാരം നല്‍കിയത്. 2010ല്‍ കഴിഞ്ഞ അന്നത്തെ മുഖ്യമന്ത്രി അച്യുതാനന്ദന്‍ പദ്ധതി നടത്തിപ്പ് ഉദ്ഘാടനം ചെയ്തു. തുടക്കത്തിലെ പദ്ധതി നടത്തിപ്പ് സര്‍ക്കാര്‍ അട്ടിമ റിച്ചു. മുന്‍ഗണനാ പട്ടിക ഒഴിവാക്കി പുറംബണ്ടുകളും സഹായവിതരണങ്ങളും നടത്തിയതോടെ ഇടതു സര്‍ക്കാരിന്റെ കാലത്തു തന്നെ പദ്ധതിയുടെ ദിശ തെറ്റി. മൂന്നു വര്‍ഷത്തിനകം നടപ്പാക്കാന്‍ ഉദ്ദേശിച്ച പദ്ധതി എങ്ങുമെത്താതെ അവസാനിച്ചു. യുഡിഎഫ് സര്‍ക്കാരിന്റെ കാലയളവിലാകട്ടെ പദ്ധതി നടത്തിപ്പ് അഴിമതിയില്‍ മുങ്ങി. ഇതുവരെ പാക്കേജിന്റെ ഭാഗമായി ചെലവഴിച്ചത് 302 കോടിയാണ്. ഇതില്‍ തന്നെ കോടികളുടെ അഴിമതി ആരോപണമാണുള്ളത്. കുട്ടനാട്ടില്‍ പുഞ്ചക്കൃഷി ഇറക്കിയ പാടത്തുനിന്ന് നെല്ലു കൊയ്യാന്‍ കര്‍ഷകന്‍ അമിതകൂലി നല്കി സ്വകാര്യയന്ത്രങ്ങളെ ആശ്രയിക്കുമ്പോള്‍ സര്‍ക്കാരിന്റെ കോടികളുടെ യന്ത്രങ്ങള്‍ തുരുമ്പെടുത്തു നശിക്കുകയാണ്. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന സ്വകാര്യ കൊയ്ത്തു മെതിയന്ത്രങ്ങളാണ് കര്‍ഷകര്‍ക്ക് ആശ്രയമാകുന്നത്. കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച പദ്ധതികള്‍ പോലും ഫലപ്രദമായി നടപ്പാക്കാതെ സംസ്ഥാന സര്‍ക്കാര്‍ കര്‍ഷകരെ ദ്രോഹിച്ചു. കുട്ടനാട്ടിലെ കൃഷിയിടങ്ങളില്‍ അമ്‌ളത്വം കൂടുതലാണ്. കേന്ദ്രസര്‍ക്കാരിന്റെ 'മണ്ണറിഞ്ഞു കൃഷി ചെയ്യുക' എന്ന പദ്ധതി ഇതു പരിഹരിക്കാന്‍ കര്‍ഷകര്‍ക്ക് ഏറെ സഹായകമാകും. ഹെക്ടറിന് 3,200 രൂപ വരെ പദ്ധതി പ്രകാരം കര്‍ഷകര്‍ക്ക് ലഭിക്കും. സംസ്ഥാന സര്‍ക്കാര്‍ കാര്യക്ഷമമായി പദ്ധതി നടപ്പാക്കുന്നില്ല. കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയ കൃഷി വികാസ് യോജന പദ്ധതി പ്രകാരം കര്‍ഷകര്‍ക്ക് ഹെക്ടറിന് 3,500 രൂപ വരെ സബ്‌സിഡി ലഭിക്കും. എന്നാല്‍ സംസ്ഥാന സര്‍ക്കാരാകട്ടെ കേരളാ സീഡ് ഡവലപ്പ്‌മെന്റ് അതോറിറ്റിയില്‍ നിന്ന് നെല്‍വിത്ത് വാങ്ങുന്നവര്‍ക്ക് മാത്രമെ പദ്ധതി പ്രകാരം സഹായം നല്‍കുന്നുള്ളു. ഉമ വിത്താണ് കുട്ടനാട്ടിലെ കര്‍ഷകര്‍ ഇരുപത് വര്‍ഷത്തോളമായി വ്യാപകമായി ഉപയോഗിക്കുന്നത്. കീടങ്ങള്‍ ബാധിക്കുന്നത് കൂടാതെ ഉത്പാദന ക്ഷമതയും കുറവാണ്. ഇതിന് പകരം ശ്രേയസ് എന്ന വിത്ത് പുതുതായി പുറത്തിറക്കിയെങ്കിലും, കര്‍ഷകര്‍ക്ക് ആവശ്യത്തിന് ലഭിക്കുന്നില്ല. സര്‍ക്കാര്‍ കൊയ്ത്തു മെതിയന്ത്രങ്ങള്‍ നോക്കാനാളില്ലാതെ പുറമ്പോക്ക് ഭൂമിയില്‍ തുരുമ്പെടുത്തു നശിക്കുകയാണ്. 20 ഓളം യന്ത്രങ്ങളാണ് അമ്പലപ്പുഴയ്ക്ക് സമീപം സര്‍ക്കാര്‍ ഹോമിയോ ഡിസ്പന്‍സറിയ്ക്ക് പിന്നിലെ വിജനമായ പുരയിടത്തില്‍ വെയിലും മഴയുമേറ്റ് നശിക്കുന്നത്. ഇതിനു പുറമെ മറ്റുസ്ഥലങ്ങളില്‍ ഒറ്റപ്പെട്ടും കെയ്‌ക്കോയുടേയും, ആഗ്രോ ഇന്‍ഡ്‌സ്ട്രിസിന്റേയും വര്‍ക്ക്‌ഷോപ്പുകളിലും, കളര്‍കോട്ടെ കൃഷി എന്‍ജിനിയറിങ് കേന്ദ്രത്തിലുമെല്ലാം യന്ത്രങ്ങള്‍ മഴയും വെയിലുമേറ്റ് നശിക്കുകയാണ്. കൃഷി വകുപ്പിന്റേയും ജില്ലാ പഞ്ചായത്തിന്റേയും ഉടമസ്ഥയില്‍ ജില്ലയില്‍ 154 കൊയ്ത്തു മെതിയന്ത്രങ്ങള്‍ ഉണ്ടെന്നാണ് കണക്ക്. കുട്ടനാട് പാക്കേജ് വഴി കിട്ടിയവയാണ്. ഇവയില്‍ ഭൂരിപക്ഷവും. എന്നാല്‍ നാമമാത്ര യന്ത്രങ്ങള്‍ മാത്രമാണ് വിളവെടുപ്പിനായി രംഗത്തുള്ളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.