'വിഭജന രാഷ്ട്രീയത്തില്‍ നിന്ന് ആന്റണി പിന്മാറണം'

Monday 9 May 2016 3:40 pm IST

തിരുവനന്തപുരം: കേരളത്തെ വര്‍ഗീയമായി വിഭജിക്കാനുള്ള ശ്രമത്തില്‍ നിന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി പിന്മാറണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കാറ്റ് വിതച്ച് കൊടുങ്കാറ്റ് കൊയ്യാനാണ് ആന്റണിയുടെ ശ്രമം. ഇത് തീക്കൊളളികൊണ്ടുള്ള തലചൊറിയലാണെന്ന് ആന്റണി മനസ്സിലാക്കണമെന്നും കുമ്മനം പറഞ്ഞു. ബിജെപിക്കും ദേശീയ ജനാധിപത്യ സഖ്യത്തിനുമെതിരെ നുണപ്രചാരണം നടത്തി ന്യൂനപക്ഷ വോട്ട് നേടാമെന്നാണ് ആന്റണി കരുതുന്നത്. ന്യൂനപക്ഷങ്ങള്‍ അനര്‍ഹമായ ആനുകൂല്യങ്ങള്‍ നേടുന്നു എന്ന മുന്‍ പ്രസ്താവനയില്‍ അദ്ദേഹം ഉറച്ചു നില്‍ക്കുന്നുണ്ടോയെന്ന് വ്യക്തമാക്കണം. ആന്റണിയുടെയും യുഡിഎഫിന്റെയും ഭരണകാലത്ത് കേരളത്തില്‍ നിരവധി വര്‍ഗീയ കലാപങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന കാര്യം മറക്കരുത്. അതിനെപ്പറ്റി അന്വേഷിച്ച ഒരു കമ്മീഷനും ബിജെപിയെയോ സംഘപരിവാര്‍ പ്രസ്ഥാനങ്ങളെയോ കുറ്റപ്പെടുത്തുന്നില്ല. എന്നാല്‍ യുഡിഎഫിലെ സഖ്യകക്ഷികളുടെ പേര് പരാമര്‍ശിച്ചിട്ടുണ്ട്. ബിജെപി ജയിച്ചാല്‍ കേരളത്തില്‍ വര്‍ഗീയ കലാപം ഉണ്ടാകുമെന്ന് പറയുന്ന ആന്റണി ഇക്കാര്യം മനസ്സിലാക്കണം. ഹെലിക്കോപ്റ്റര്‍ ഇടപാടില്‍ പ്രതിസ്ഥാനത്താകുമെന്ന ഭയം ആന്റണിക്കുണ്ട്. അന്വേഷണം അന്നത്തെ പ്രതിരോധ മന്ത്രാലയത്തിലേക്ക് നീങ്ങുന്നതില്‍ ആന്റണി വിറളി പൂണ്ടിരിക്കുകയാണ്. ഈ വിഷയം തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകാതിരിക്കാനാണ് ആന്റണി സമൂഹത്തില്‍ വര്‍ഗീയ ചേരിതിരിവിന് ശ്രമിക്കുന്നത്. ഹെലിക്കോപ്റ്റര്‍ ഇടപാടില്‍ ഇഷ്ടക്കാര്‍ക്ക് അഴിമതി നടത്താന്‍ മൗനാനുവാദം നല്‍കിയ ആന്റണിക്ക് ആദര്‍ശം പറയാന്‍ അര്‍ഹതയില്ല. ജനാധിപത്യരീതിയില്‍ മോദിയെ നിരവധി തവണ തെരഞ്ഞെടുത്ത ഗുജറാത്തികളെ അധിക്ഷേപിക്കുന്ന പതിവ് ആന്റണി നിര്‍ത്തണം. എന്തിനും ഏതിനും ഗുജറാത്തിനെ കുറ്റപ്പെടുത്തുന്ന ആന്റണി പശ്ചിമബംഗാളിനെപ്പറ്റി പറയാത്തത് ദുരൂഹമാണെന്നും കുമ്മനം ചൂണ്ടിക്കാട്ടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.