രാത്രിയാത്രാ നിരോധനം, വയനാട് റെയില്‍വേ വിഷയങ്ങള്‍ പരിഹരിക്കും: ജാനു

Monday 9 May 2016 9:20 pm IST

ബത്തേരി: രാത്രിയാത്രാ നിരോധനം, വയനാട് റെയില്‍വേ വിഷയങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുമെന്ന് സി.കെ.ജാനു. ബത്തേരി വരദൂരില്‍ നടന്ന എന്‍ഡിഎ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ബത്തേരി മണ്ഡലത്തിലെന്നപോലെ വയനാട്ടുകാരുടെയും പ്രധാനപ്രശ്‌നങ്ങളിലൊന്നാണ് ദേശീയപാതകളില്‍ നിലനില്‍ക്കുന്ന രാത്രിയാത്രാ നിരോധനം. നിരോധനം നീക്കാന്‍ വാചകക്കസര്‍ത്തുമാത്രമാണ് ഇടത്-വലത് മുന്നണികള്‍ നടത്തിയത്. വയനാട്ടില്‍ രണ്ടാംവട്ടവും വിജയിച്ച എം.ഐ.ഷാനവാസ് എംപി രാത്രിയാത്രാ നിരോധനം നീക്കുമെന്നുപറഞ്ഞാണ് വോട്ട് പിടിച്ചത്. എന്നാല്‍ അദ്ദേഹം ഇക്കാര്യത്തില്‍ ഒന്നുംചെയ്തില്ല. വയനാട് റെയില്‍വേയുടെ കാര്യത്തിലും ഇതുതന്നെയാണ് സ്ഥിതി. 60 കൊല്ലം ഭരിച്ച ഇടത്-വലത് മുന്നണികള്‍ ഇക്കാര്യത്തില്‍ തീര്‍ത്തും പരാജയമാണ്. കേന്ദ്ര പരിസ്ഥിതി വകുപ്പും കര്‍ണാടക സര്‍ക്കാരുമായി കൂടിയാലോചിച്ച് ഈ വിഷയങ്ങളില്‍ പരിഹാരമുണ്ടാക്കാമെന്നും അവര്‍ പറഞ്ഞു. നഞ്ചന്‍കോട് -വയനാട് റെയില്‍വേയുടെ സര്‍വെ നടത്തിയത് ഒ.രാജഗോപാലാണ്. റെയില്‍വേ അനുവദിച്ചത് സുരേഷ് പ്രഭുവും. വികസന മാതൃക എന്തെന്നും സാധാരണക്കാരന് ക്ഷേമം എങ്ങനെ ലഭ്യമാക്കുമെന്നും ഇടതു - വലതു മുന്നണികളെ ഗൃഹപാഠം പഠിപ്പിക്കുമെന്നും സി.കെ.ജാനു പറഞ്ഞു. ആറടി മണ്ണില്‍ മൃതദേഹം മറവ് ചെയ്യുന്നതിന് വനവാസികള്‍ക്ക് വീട്ടുമുറ്റവും അടുക്കളയും വേണ്ടിവരുന്നു. ഇടത്-വലത് മുന്നണികള്‍ എന്‍ഡിഎയെ മാതൃകയാക്കുന്ന കാലം വിദൂരമല്ലെന്നും അവര്‍ പറഞ്ഞു. ഇത്തവണ ബത്തേരി മണ്ഡലത്തില്‍ എന്‍ഡിഎ വിജയിക്കുമെന്നും അവര്‍ പറഞ്ഞു. യോഗത്തില്‍ മിനിശശി അദ്ധ്യക്ഷത വഹിച്ചു. ജെആര്‍എസ് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് ഇ.പി.കുമാരദാസ്, മുഹമ്മദ് ഗുരുക്കള്‍, കെ.എന്‍.തങ്കച്ചന്‍, കെ.ബി.മദന്‍ലാല്‍, കെ.വി.മത്തായി(കേരളാകോണ്‍ഗ്രസ് പി.സി.തോമസ്) തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.