കാസര്‍കോട്ടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്കെതിരെ വ്യാജ പ്രചാരണം; പരാതി നല്‍കി

Monday 9 May 2016 9:21 pm IST

കാസര്‍കോട്: എന്‍ഡിഎ കാസര്‍കോട് മണ്ഡലം സ്ഥാനാര്‍ത്ഥി രവീശ തന്ത്രി കുണ്ടാറിനെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജ പ്രചാരണം നടത്തിയവര്‍ക്കെതിരെ സൈബര്‍ സെല്ലിനും, തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കി. ബീഫ് കഴിക്കുന്നവരുടെയും കീഴ് ജാതിക്കാരുടെയും വോട്ട് തനിക്ക് വേണ്ട എന്ന രീതിയില്‍ രവീശ തന്ത്രിയുടെ ഫോട്ടോ വെച്ചാണ് ഫേസ്ബുക്കിലും വാട്ട്‌സ് ആപ്പിലും ഞായറാഴ്ച മുതല്‍ വ്യാജ പ്രചാരണം നടന്നത്. ബിജെപിയുടെ തെരഞ്ഞെടുപ്പ് പോസ്റ്റുകള്‍ക്ക് സമാന രീതിയിലാണ് വ്യാജ പോസ്റ്റര്‍ നിര്‍മിച്ചത്. ഇതിനായി ബിജെപിയുടെ തെരഞ്ഞെടുപ്പ് ലോഗോയും മറ്റും ഉപയോഗിച്ചിരുന്നു. ഇതുശ്രദ്ധയില്‍ പെട്ടതോടെ എന്‍ഡിഎ കാസര്‍കോട് മണ്ഡലം ചീഫ് ഇലക്ഷന്‍ ഏജന്റ് അഡ്വ.സദാനന്ദ റൈ സൈബര്‍ സെല്ലിനും തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കി. തനിക്ക് തെരഞ്ഞെടുപ്പിന് കെട്ടിവെയ്ക്കാനുള്ള തുക തന്നത് അമൈയ് കോളനി നിവാസികളാണെന്ന് തന്ത്രി കൂട്ടിച്ചേര്‍ത്തു. രാജ്യ സ്‌നേഹികളായ മുഴുവന്‍ പേരുടെയും വോട്ടഭ്യര്‍ത്ഥിച്ചു കഴിഞ്ഞു. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ വിജയം ഉറപ്പായപ്പോഴാണ് ചിലര്‍ ഇത്തരത്തില്‍ പ്രചരണം അഴിച്ചു വിടുന്നത്. എല്ലാ മതവിഭാഗക്കാരും ജാതിക്കാരും തനിക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. തോല്‍വി ഭയന്നാണ് ഇടത് വലത് മുന്നണികള്‍ ഇത്തരം വ്യാജ പ്രചരണങ്ങളുമായി രംഗത്ത് വന്നിരിക്കുന്നത്. പത്രസമ്മേളനത്തില്‍ ബിജെപി കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് സുധാമ ഗോസാഡ, എന്‍ഡിഎ മണ്ഡലം ചീഫ് തെരഞ്ഞെടുപ്പ് ഏജന്റ് സദാനന്ദ റൈ, സി.വി.പൊതുവാള്‍ എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.