ഉത്തരാഖണ്ഡില്‍ ഇന്ന് വിശ്വാസ വോട്ടെടുപ്പ്; വിമതര്‍ക്ക് വോട്ടില്ല

Monday 9 May 2016 9:41 pm IST

ന്യൂദല്‍ഹി: രാഷ്ട്രപതിഭരണം പ്രഖ്യാപിച്ച ഉത്തരാഖണ്ഡില്‍ ഇന്ന് സുപ്രീംകോടതി നിര്‍ദ്ദേശ പ്രകാരം വിശ്വാസവോട്ടെടുപ്പ് നടക്കും. സ്പീക്കര്‍ അയോഗ്യരാക്കിയ ഒമ്പത് വിമത കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് വോട്ടവകാശമുണ്ടാകില്ല. കോണ്‍ഗ്രസ് പക്ഷത്തുള്ള എംഎല്‍എമാരില്‍ ചിലര്‍ക്കൊപ്പം സ്വതന്ത്രരും ഹരീഷ് റാവത്തിനെതിരെ വോട്ട് ചെയ്യുമെന്ന് വിമത എംഎല്‍എമാര്‍ പറഞ്ഞു. ഇന്ന് രാവിലെ 11 മണിക്ക് നിയമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ സാന്നിധ്യത്തിലാണ് ഉത്തരാഖണ്ഡില്‍ വിശ്വാസവോട്ടെടുപ്പ് നടക്കുന്നത്. ഇതിനായി രണ്ടു മണിക്കൂര്‍ നേരത്തേക്ക് സംസ്ഥാനത്തെ രാഷ്ട്രപതി ഭരണം സുപ്രീംകോടതി മരവിപ്പിച്ചിട്ടുണ്ട്. വിശ്വാസവോട്ടെടുപ്പ് ഫലം ഇന്ന് തന്നെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സുപ്രീംകോടതിക്ക് കൈമാറണം. വിശ്വാസവോട്ടെടുപ്പിനെ എതിര്‍ക്കുന്നവര്‍ ഒരു പക്ഷത്തും അനുകൂലിക്കുന്നവര്‍ മറുപക്ഷത്തുമായി നിന്നുകൊണ്ടുമാണ് വിശ്വാസവോട്ടെടുപ്പ്. ഒമ്പത് വിമത എംഎല്‍എമാരെ അയോഗ്യരാക്കിയ നടപടിക്കെതിരായ ഹര്‍ജി ഇന്നലെ രാവിലെ ഉത്തരാഖണ്ഡ് ഹൈക്കോടതി തള്ളിയിരുന്നു. എന്നാല്‍ ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് എംഎല്‍എമാര്‍ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും കോടതി സ്‌റ്റേ അനുവദിച്ചില്ല. ഹൈക്കോടതി വിധിക്കെതിരായ അപ്പീല്‍ ജൂലൈ 12ന് സുപ്രീംകോടതി പരിഗണിക്കും. 71 അംഗ നിയമസഭയില്‍ ഒമ്പത് പേരുടെ അയോഗ്യത ശരിവെച്ചതോടെ നിലവിലെ അംഗസംഖ്യ 62 ആണ്. 32പേരുടെ പിന്തുണയുണ്ടെങ്കില്‍ മാത്രമേ ഹരീഷ് റാവത്തിന് ഭരണം നിലനിര്‍ത്താന്‍ സാധിക്കൂ. എന്നാല്‍ കോണ്‍ഗ്രസിന് 27പേരുടെ പിന്തുണ മാത്രമാണുള്ളത്. ബിജെപിക്ക് 28പേരുടെ പിന്തുണയുമുണ്ട്. ആറു സ്വതന്ത്രരുടെ പിന്തുണയാണ് വിശ്വാസവോട്ടെടുപ്പില്‍ നിര്‍ണ്ണായകമാകുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.