ലയണ്‍സ് വിജയവഴിയില്‍

Monday 9 May 2016 9:50 pm IST

കൊല്‍ക്കത്ത: വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ദിനേശ് കാര്‍ത്തികിന്റെ തകര്‍പ്പന്‍ അര്‍ദ്ധസെഞ്ചുറിയുടെ കരുത്തില്‍ ഗുജറാത്ത് ലയണ്‍സ് വിജയവഴിയില്‍ തിരിച്ചെത്തി. ഞായറാഴ്ച രാത്രി ഈഡന്‍ ഗാര്‍ഡനില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിനാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ഗുജറാത്ത് ലയണ്‍സ് വീഴ്ത്തിയത്. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നാല് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ലയണ്‍സ് 12 പന്തുകള്‍ ബാക്കിനിര്‍ത്തിയാണ് അഞ്ച് വിക്കറ്റിന്റെ മിന്നുന്ന വിജയം കരസ്ഥമാക്കിയത്. തുടര്‍ച്ചയായ മൂന്ന് പരാജയങ്ങള്‍ക്കുശേഷം ലയണ്‍സിന്റെ ആദ്യ വിജയമാണിത്. വിജയത്തോടെ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്താനും ലയണ്‍സിന് കഴിഞ്ഞു. 11 കളികളില്‍ നിന്ന് 7 വിജയത്തോടെ 14 പോയിന്റാണ് അവര്‍ക്കുള്ളത്. വിജയലക്ഷ്യമായി 158 റണ്‍സിനെ പിന്തുടര്‍ന്ന ലയണ്‍സിന് സ്മിത്തും (18 പന്തില്‍ 27), മക്കല്ലവും (24 പന്തില്‍ 29) ചേര്‍ന്ന് ഭേദപ്പെട്ട തുടക്കം നല്‍കി. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 42 റണ്‍സ് കൂട്ടിച്ചേര്‍ത്തു. സ്മിത്തായിരുന്നു ആദ്യം മടങ്ങിയത്. സ്‌കോര്‍ 67-ല്‍ എത്തിയപ്പോള്‍ മക്കല്ലവും പുറത്തായി. തുടര്‍ന്ന് കാര്‍ത്തിക്കും റെയ്‌നയും ചേര്‍ന്ന കൂട്ടുകെട്ട് സ്‌കോര്‍ ഉയര്‍ത്തി. ഇരുവരും ചേര്‍ന്ന് 49 റണ്‍സ് കൂട്ടിച്ചേര്‍ത്തു. റെയ്‌ന 14 റണ്‍സെടുത്ത് മടങ്ങിയെങ്കിലും കാര്‍ത്തികും ആരോണ്‍ ഫിഞ്ചും ചേര്‍ന്ന് ടീമിനെ വിജയത്തോടടുപ്പിച്ചു. സ്‌കോര്‍ 155-ല്‍ എത്തിയപ്പോള്‍ 29 പന്തില്‍ നിന്ന് 51 റണ്‍സെടുത്ത കാര്‍ത്തികും 158-ല്‍ എത്തിയപ്പോള്‍ 10 പന്തില്‍ നിന്ന് 29 റണ്‍സെടുത്ത ഫിഞ്ചും മടങ്ങി. 9 റണ്‍സെടുത്ത രവീന്ദ്ര ജഡേജയും റണ്ണൊന്നുമെടുക്കാതെ ബ്രാവോയും പുറത്താകാതെ നിന്നു. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനയക്കപ്പെട്ട നൈറ്റ് റൈഡേഴ്‌സ് 49 പന്തില്‍ നിന്ന് പുറത്താകാതെ 69 റണ്‍സെടുത്ത ഷാക്കിബ് അല്‍ ഹസ്സന്റെയും 41 പന്തില്‍ നിന്ന് 61 റണ്‍സെടുത്ത് പുറത്താകാതെ നിന്ന യൂസഫ് പഠാന്റെയും കരുത്തിലാണ് 158 റണ്‍സ് അടിച്ചുകൂട്ടിയത്. അപരാജിതമായ അഞ്ചാം വിക്കറ്റില്‍ 134 റണ്‍സാണ് ഇവര്‍ കൂട്ടിച്ചേര്‍ത്തത്. സ്‌കോര്‍ 24 റണ്‍സായപ്പോഴേക്കും നാല് വിക്കറ്റുകള്‍ നഷ്ടപ്പെട്ട് തകര്‍ച്ചയെ നേരിട്ട കൊല്‍ക്കത്തയെ ഇരുവരും ചേര്‍ന്ന് കരകയറ്റുകയായിരുന്നു.ഗുജറാത്ത് ലയണ്‍സിനു വേണ്ടി പ്രവീണ്‍കുമാര്‍ 19 റണ്‍സിന് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. പ്രവീണ്‍കുമാറാണ് മാന്‍ ഓഫ് ദി മാച്ച്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.