കഞ്ചാവ് കടത്ത്: 10 വര്‍ഷം കഠിന തടവും അര ലക്ഷം രൂപ പിഴയും

Monday 9 May 2016 10:56 pm IST

തൊടുപുഴ: കഞ്ചാവ് കടത്താന്‍ ശ്രമിച്ച കേസിലെ പ്രതിക്ക് പത്ത് വര്‍ഷം കഠിന തടവും അരലക്ഷം രൂപ പിഴയും ശിക്ഷ. തമിഴ്‌നാട് തേനി ജില്ലയില്‍ കമ്പം വിവേകാനന്ദ തെരുവില്‍ പെരിയകറുപ്പതേവര്‍ മകന്‍ പൊന്നയ്യ (58)നെയാണ് തൊടുപുഴ എന്‍.ഡി. പി.എസ്. സ്‌പെഷ്യല്‍ കോടതി ജഡ്ജി എസ്. ഷാജഹാന്‍ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ആറു മാസം കൂടി കഠിന തടവ് അനുഭവിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. 2013 മെയ് 13ന് ഉച്ചക്ക് പന്ത്രണ്ട് മണിയോടെ കുമളി ഭാഗത്ത് നിന്ന് വന്ന ബസ്സില്‍ യാത്രക്കാരനായി കോട്ടയം-കുമളി റോഡരുകില്‍ കുട്ടിക്കാനം ജങ്ഷനിലിറങ്ങിയ പ്രതിയെ രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് പീരുമേട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആര്‍ ബാബുവും പാര്‍ട്ടിയും പിടികൂടുകയായിരുന്നു. ഇയാളുടെ കൈവശമിരുന്ന പ്ലാസ്റ്റിക് സഞ്ചിയില്‍ നിന്ന് ആറ് കിലോ കഞ്ചാവാണ് കണ്ടെത്തിയത്. പീരുമേട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്. വിനോദ് കുമാര്‍ അന്വേഷണം നടത്തി ചാര്‍ജു ചെയ്ത കേസില്‍ 12 സാക്ഷികളും പതിനാറ് രേഖകളും പ്രോസിക്യൂഷന്‍ ഹാജരാക്കി. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബഌക് പ്രോസിക്യൂട്ടര്‍ അഡ്വ.പി.എച്ച്.ഹനീഫാ റാവുത്തര്‍ ഹാജരായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.