മുന്നണികളുടെ പ്രചാരണം ശക്തം അവസാന ലാപ്പില്‍ എന്‍ഡിഎ

Tuesday 10 May 2016 8:36 pm IST

ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന്റെ അവസാന ലാപ്പില്‍ എന്‍ഡിഎയ്ക്ക് മുന്നേറ്റം. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രചാരണത്തിനെത്തിയതിന്റെ ആവേശത്തിലാണ് എന്‍ഡിഎ. കുട്ടനാട്ടിലെ അദ്ദേഹത്തിന്റെ പ്രചാരണ പരിപാടിയോടെ എന്‍ഡിഎ ഇരുമുന്നണികളെക്കാള്‍ പ്രചാരണത്തില്‍ മുന്നിലെത്തി കഴിഞ്ഞു. നിശ്ചയമായും ജില്ലയില്‍ നിന്നും എംഎല്‍എമാരുണ്ടാകുമെന്ന് ദൃഢനിശ്ചയത്തിലാണ് എന്‍ഡിഎ പ്രവര്‍ത്തകരും നേതാക്കളും. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്, കേന്ദ്രമന്ത്രിമാരായ ജെ. പി. നദ്ദ, സുരേഷ്പ്രഭു തുടങ്ങിയവരും സംസ്ഥാന നേതാക്കളും എന്‍ഡിഎ പ്രചാരണത്തിനായി ജില്ലയിലെത്തിയിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനു മുമ്പുള്ള അവസാന ദിവസങ്ങളായതിനാല്‍ എല്ലാ മണ്ഡലങ്ങളിലും ശക്തമായ പ്രചരണമാണ് നടന്നത്. ആരാധനാലയങ്ങളിലടക്കമെത്തിയാണ് സ്ഥാനാര്‍ഥികള്‍ വോട്ട് അഭ്യര്‍ഥന നടത്തിയത്. അവസാന വട്ട പ്രചാരണത്തിന്റെ ഭാഗമായി ദേശീയ നേതാക്കളെ പങ്കെടുപ്പിച്ചുള്ള റോഡ് ഷോകളും സംഘടിപ്പിച്ചിട്ടുണ്ട്. ഇനിയുള്ള ദിനങ്ങള്‍ നാടും നഗരവും തെരഞ്ഞെടുപ്പ് പ്രചാരണാവേശത്തിന്റെ കൊടുമുടിയിലാകും. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടം കൊഴുപ്പിക്കാനുള്ള പരിശ്രമത്തിലാണ് മുന്നണി നേതൃത്വവും പ്രവര്‍ത്തകരും. 14ന് വൈകിട്ട് അഞ്ചോടെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിക്കും. ഏതാണ്ട് രണ്ടു മാസത്തോളം നീണ്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിനാണു കൊട്ടിക്കലാശത്തോടെ അവസാനമാകുക. ഭവന സന്ദര്‍ശനങ്ങളും കുടുംബ യോഗങ്ങളും പൊതുയോഗങ്ങളുമായി കഴിഞ്ഞ ആഴ്ചകളില്‍ സജീവമായിരുന്ന സ്ഥാനാര്‍ഥികള്‍ പ്രചാരണം അവസാനിക്കുന്നതിനു പത്തുദിവസങ്ങള്‍ക്കു മുമ്പാണ് വാഹന പര്യടനം ആരംഭിച്ചത്. മണ്ഡലത്തിലെ ഓരോ മേഖലയും കേന്ദ്രീകരിച്ചു രാവിലെ ആരംഭിക്കുന്ന പര്യടനം അര്‍ധരാത്രിയോടെയാണു പലയിടങ്ങളിലും സമാപിക്കുക. അഭ്യര്‍ഥന നോട്ടീസുകളുമായി ബൂത്ത് അടിസ്ഥാനത്തില്‍ പ്രവര്‍ത്തകര്‍ വീടുകളില്‍ ഒന്നിലേറെ തവണ ഇതോടൊപ്പം തന്നെ സന്ദര്‍ശനം നടത്തിക്കഴിഞ്ഞു. ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലെയും പ്രമുഖ മുന്നണി സ്ഥാനാര്‍ഥികള്‍ അവസാനവട്ട പ്രചാരണത്തിന്റെ ഓട്ടപ്പാച്ചിലിലാണ്. ചില മണ്ഡലങ്ങളില്‍ സ്വതന്ത്ര സ്ഥാനാര്‍ഥികളും വാഹന പ്രചാരണം നടത്തുന്നുണ്ട്

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.