ഉത്തരാഖണ്ഡ്: വിശ്വാസവോട്ടെടുപ്പില്‍ ജയിച്ചെന്ന് റാവത്ത്, ഫലം ഇന്ന് പ്രഖ്യാപിക്കും

Tuesday 10 May 2016 9:14 pm IST

നൈനിറ്റാള്‍: ഉത്തരാഖണ്ഡിലെ ഹരീഷ് റാവത്ത് സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പില്‍ ജയിച്ചതായി അവകാശവാദം. ബിജെപിയുടെ 27 അംഗങ്ങള്‍ അടക്കം 28 പേര്‍ സര്‍ക്കാരിനെതിരെ വോട്ട് ചെയ്തപ്പോള്‍ ബിഎസ്പി, കോണ്‍ഗ്രസ് അംഗങ്ങള്‍ അടക്കം 33 പേര്‍ സര്‍ക്കാരിന് അനുകൂലമായി വോട്ട് ചെയ്തതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. ഒരു കോണ്‍ഗ്രസ് അംഗം വിശ്വാസവോട്ടെടുപ്പില്‍ ബിജെപിക്ക് ഒപ്പം സര്‍ക്കാരിന് എതിരായി വോട്ടു ചെയ്തു. സുപ്രീം കോടതി ഇന്ന് ഫലം പ്രഖ്യാപിക്കും. കോണ്‍ഗ്രസ് ബിഎസ്പി അംഗങ്ങള്‍ക്കും സ്വന്തം അംഗങ്ങള്‍ക്കു പോലും വന്‍തുക വാഗ്ദാനം ചെയ്താണ് വോട്ട് അനുകൂലമാക്കിയെടുത്തത് എന്നാണ് ആരോപണം. വിശ്വാസ വോട്ടിന് അനുകൂലമായി വോട്ട് ചെയ്യാന്‍ ഡെപ്യൂട്ടി സ്പീക്കര്‍ അടക്കമുള്ള അംഗങ്ങള്‍ക്ക് 25 ലക്ഷം രൂപ വീതം വാഗ്ദാനം ചെയ്യുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതു വിവാദമായിരുന്നു. അതിനു തൊട്ടുപിന്നാലെയായിരുന്നു വിശ്വാസ വോട്ടെടുപ്പ്. ജനാധിപത്യത്തിന് കറുത്ത ദിനമായിരുന്നു ഇന്നലെയെന്നാണ് ബിജെപി പ്രതികരിച്ചത്. പണത്തിന്റെ ശക്തി ഉപയോഗിച്ചാണ് കോണ്‍ഗ്രസ് വിജയിച്ചതെന്നും ബിജെപി ചൂണ്ടിക്കാട്ടി. സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ നടന്ന വോട്ടെടുപ്പിന്റെ ഫലവും വിശദാംശങ്ങളും നിരീക്ഷകന്‍ സുപ്രീംകോടതിക്ക് സമര്‍പ്പിച്ചു. കോടതി ഇന്ന് ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കും. വിധി കോണ്‍ഗ്രസിന് ആശ്വാസമാണെന്നും ബിജെപിക്ക് തിരിച്ചടിയാണെന്നുമാണ് ചാനലുകളും മറ്റും റിപ്പോര്‍ട്ട് ചെയ്തു കൊണ്ടിരിക്കുന്നത്. പക്ഷെ ഒന്‍പതു കോണ്‍ഗ്രസ് വിമതര്‍ക്ക് കോടതി ഇന്നലെ വോട്ട് നിഷേധിച്ചിരുന്നു. തങ്ങളെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടിക്ക് എതിരെ ഇവര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഇതില്‍ അന്തിമ വിധി വരുന്നതോടെ ഈ അവസ്ഥ മാറും. മറ്റൊന്ന് അടുത്ത വര്‍ഷം ആദ്യം ഉത്തരാഖണ്ഡില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. റാവത്തിന്റെ കുതിരക്കച്ചവടവും കള്ളക്കളികളും കോണ്‍ഗ്രസിലെ ശക്തമായ ചേരിപ്പോരും കൂടി അപ്പോഴേക്കും സംസ്ഥാനത്തെ രാഷ്ട്രീയ അവസ്ഥയില്‍ വലിയ മാറ്റമുണ്ടാകും. കോണ്‍ഗ്രസിലെ ഒരാള്‍ കൂടി കൂറുമാറി തങ്ങള്‍ക്കൊപ്പം വന്ന സാഹചര്യത്തില്‍ ധാര്‍മ്മിക വിജയം തങ്ങള്‍ക്കു തന്നെയാണെന്ന് ബിജെപി എംഎല്‍എ ഗണേഷ് ജോഷി പറഞ്ഞു. മാര്‍ച്ച് 18ന് ഒന്‍പതു വിമത കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിക്ക് ഒപ്പം സര്‍ക്കാരിനെതിരെ തിരിഞ്ഞതോടെയാണ് റാവത്ത് സര്‍ക്കാര്‍ കുഴപ്പത്തിലായത്. പ്രതിസന്ധി മൂര്‍ച്ഛിച്ചതോടെ കേന്ദ്രം സര്‍ക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയിരുന്നു. ഇതിനെതിരെ കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജിയില്‍ ഉത്തരാഖണ്ഡ് ഹൈക്കോടതി രാഷ്ട്രപതി ഭരണം റദ്ദാക്കി. ഇതിനെതിരെ കേന്ദ്രം നല്‍കിയ അപ്പീലില്‍ തങ്ങളുടെ മേല്‍നോട്ടത്തില്‍ വിശ്വാസവോട്ട് നടത്താന്‍ കഴിയുമോയെന്ന് സുപ്രീംകോടതി ആരാഞ്ഞിരുന്നു. തയ്യാറാണെന്നായിരുന്നു കേന്ദ്രത്തിന്റെ മറുപടി. തുടര്‍ന്നാണ് വിശ്വാസവോട്ട് നടത്താന്‍ കോടതി തീരുമാനിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.