ഫരീദാബാദില്‍ അമൃതാ ആശുപത്രിക്ക് തറക്കല്ലിട്ടു

Tuesday 10 May 2016 9:37 pm IST

ഗ്രേറ്റര്‍ ഫരീദാബാദില്‍ നിര്‍മ്മിക്കുന്ന അമൃതാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് റിസര്‍ച്ച് സെന്ററിന് (അമൃതാ ആശുപത്രി) ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ തറക്കല്ലിട്ടപ്പോള്‍ കൊച്ചി: ഗ്രേറ്റര്‍ ഫരീദാബാദില്‍ 2000 കിടക്കകളുള്ള അമൃതാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് & റിസര്‍ച്ച് സെന്ററിന് (അമൃതാ ആശുപത്രി) ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ തറക്കല്ലിട്ടു. മാതാ അമൃതാനന്ദമയി മഠം വൈസ് ചെയര്‍മാന്‍ സ്വാമി അമൃതസ്വരൂപാനന്ദ പുരി, ഹരിയാന ആരോഗ്യമന്ത്രി അനില്‍ വിജ്, കേന്ദ്ര സാമൂഹ്യനീതി സഹമന്ത്രി കൃഷന്‍ പാല്‍ ഗുര്‍ജര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ഗ്രേറ്റര്‍ ഫരീദാബാദിലെ സെക്ടര്‍ 88 ല്‍ 100 ഏക്കറോളം വ്യാപിച്ചുകിടക്കുന്ന സ്ഥലത്ത് അത്യാധുനിക സൗകര്യങ്ങളുള്ള ആശുപത്രിയാണ് ഉയരുക. സ്വാമി അമൃതസ്വരൂപാനന്ദ പുരി മാതാ അമൃതാനന്ദമയിയുടെ പ്രസ്താവന വായിച്ചു. ചടങ്ങില്‍ കൃഷന്‍ പാല്‍ ഗുര്‍ജര്‍ ആശുപത്രിയുടെ രേഖാരൂപം അനാച്ഛാദനം ചെയ്തു. നിര്‍മ്മാണാവശ്യത്തിനുള്ള ആദ്യത്തെ ഇഷ്ടികയും പണിയായുധങ്ങളും അനില്‍ വിജ് കൈമാറി. ഹാര്‍ട്ട് ഇന്‍സ്റ്റിറ്റിയൂട്ട്, ഉയര്‍ന്ന കൃത്യതയോടെ കാന്‍സര്‍ ചികിത്സ നല്‍കുന്നതിനുള്ള ഇന്‍സ്റ്റിറ്റിയൂട്ട്, അവയവങ്ങള്‍ മാറ്റിവയ്ക്കല്‍, ന്യൂറോസയന്‍സസിനും അപസ്മാരത്തിനും വേണ്ടിയുള്ള ആധുനിക കേന്ദ്രം, പ്രമേഹത്തിനും മെറ്റബോളിസത്തിനും വേണ്ടിയുള്ള ഇന്‍സ്റ്റിറ്റിയൂട്ട്, കരളിനും ബൈലറി രോഗങ്ങള്‍ക്കും വേണ്ടിയുള്ള സെന്റര്‍, പരിമിത ഇന്‍വേസീവ്, റോബോട്ടിക്ക് സര്‍ജറിക്കുള്ള ഇന്‍സ്റ്റിറ്റിയൂട്ട്, ബേണ്‍ യൂണിറ്റ്, എല്ലുകളുടെയും സന്ധികളുടെയും രോഗങ്ങള്‍ക്കുള്ള കേന്ദ്രം, ശ്വാസകോശ രോഗങ്ങള്‍ക്കും ട്രാന്‍സ്പ്ലാന്റേഷനുമുള്ള ആധുനിക കേന്ദ്രം, ഫിസിക്കല്‍ മെഡിസിനും റീഹാബിലിറ്റേഷനുമുള്ള കേന്ദ്രം, നട്ടെല്ലിന്റെ തകരാറുകള്‍ക്കുള്ള കേന്ദ്രം, മോളിക്യുലര്‍ രോഗനിര്‍ണ്ണയത്തിനുള്ള ആധുനിക ലബോറട്ടറി, മെഡിക്കല്‍ ഇമേജിംഗിനുമുള്ള ആധുനിക കേന്ദ്രം, ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി എന്നിവ ഇവിടെ ആരംഭിക്കുമെന്ന് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. പ്രേം നായര്‍ പറഞ്ഞു. പുതിയ ആശുപത്രിയില്‍ ഗര്‍ഭിണികള്‍ക്കും ഗര്‍ഭസ്ഥ ശിശുക്കള്‍ക്കുമുള്ള ചികിത്സയും പീഡിയാട്രിക് കാര്‍ഡിയോളജി, ഹൃദയ ശസ്ത്രക്രിയയും മാറ്റിവയ്ക്കലും, റുമറ്റോളജി, എന്‍ഡോക്രൈനോളജി, പള്‍മണോളജി, ന്യൂറോസയന്‍സസ്, പീഡിയാട്രിക് ജെനറ്റിക്‌സ്, ഗാസ്‌ട്രോഎന്റോളജി, പീഡിയാട്രിക് ഓര്‍ത്തോപീഡിക്‌സ്, പീഡിയാട്രിക് ആന്റ് ഫീറ്റല്‍ സര്‍ജറി എന്നിവ ഉള്‍പ്പെടെ എല്ലാ പീഡിയാട്രിക് സബ്‌സ്‌പെഷ്യാലിറ്റികളും ഉണ്ടാകും. മുന്‍ മുഖ്യ വിവരാവകാശ കമ്മീഷണര്‍ സത്യാനന്ദ മിശ്രയും സന്നിഹിതനായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.