കാഞ്ഞിരപ്പള്ളി ഫോട്ടോഫിനിഷിംഗിലേക്ക്

Tuesday 10 May 2016 10:00 pm IST

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തില്‍ യുഡിഎഫ് എല്‍ഡിഎഫ് ക്യാമ്പുകള്‍ എന്‍ഡിഎയുടെ അപ്രതീക്ഷിത മുന്നേറ്റത്തില്‍ ആശങ്കയില്‍. വിജയം ഉറപ്പിച്ചെത്തിയ യുഡിഎഫും പിടിച്ചടക്കാനെത്തിയ എല്‍ഡിഎഫും ഇപ്പോള്‍ എന്‍ഡിഎയുടെ പടയോട്ടത്തിന് മുമ്പില്‍ പതറുകയാണ്. തുടക്കത്തില്‍ ഇരുമുന്നണികളും രഹസ്യമായി സമ്മതിച്ചിരുന്ന ഈ സത്യം ഇപ്പോള്‍ അവരുടെ പ്രവര്‍ത്തകരുടെ വാക്കുകളിലൂടെയും അങ്കലാപ്പിലൂടെയും മണ്ഡലമാകെ അംഗീകരിച്ചു കഴിഞ്ഞു. ജനകീയനായ യുവ നേതാവ് വി.എന്‍. മനോജിനെ രംഗത്തിറക്കിയ എന്‍ഡിഎ പ്രചാരണ രംഗത്തും ഏറെ മുമ്പിലാണ്. എന്‍ഡിഎയുടെ ശക്തമായ യുവനിരയ്‌ക്കൊപ്പം നിഷ്പക്ഷരായ യുവജനതയുടെ ഒഴുക്കുകൂടിയായപ്പോള്‍ എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികള്‍ അമ്പരക്കുകയാണ്. പരമ്പരാഗത മുന്നണികളെ യുവനിര കൈയ്യൊഴിയുന്ന കാഴ്ച അവരുടെ പ്രചാരണ രംഗങ്ങളിലും ബാധിച്ചു കഴിഞ്ഞു. ഇവരുടെ പ്രചാരണയോഗങ്ങളിലെ ശുഷ്‌കമായ സദസ് ഇതിന് തെളിവായി. യുഡിഎഫ്-എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്തി എന്‍ഡിഎ സ്ഥാനാര്‍ത്ഥി വി.എന്‍. മനോജ് പ്രചാരണ രംഗത്ത് മുന്നിലെത്തിയതും ബിജെപി ദേശീയ അദ്ധ്യക്ഷന്‍ കഴിഞ്ഞദിവസം മണിമലയില്‍ എത്തിയതും എന്‍ഡിഎ പ്രവര്‍ത്തകര്‍ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്. മണിമലയില്‍ കഴിഞ്ഞ ദിവസം അമിത് ഷാ പങ്കെടുത്ത സമ്മേളനത്തിലേക്ക് ആയിരങ്ങളാണ് ഒഴുകിയെത്തിയത്. എന്‍ഡിഎയുടെ മുന്നേറ്റത്തിന്റെയും മണ്ഡലത്തിലെ രാഷ്ട്രീയ സമവാക്യങ്ങളുടെ മാറ്റത്തിന്റെയും പരിഛേദമായിരുന്നു ഈ സമ്മേളനം. മൂന്നും നാലും തവണ ഗൃഹസന്ദര്‍ശനം നടത്താന്‍ സാധിച്ചത് ആവേശം ബൂത്തുതലംവരെയുള്ള പ്രവര്‍ത്തകരില്‍ എത്തിയെന്നുള്ളതിന്റെ തെളിവായി എന്‍ഡിഎ നേതാക്കള്‍ പറയുന്നു. പ്രചാരണ രംഗത്ത് വി.എന്‍. മനോജ് എന്ന സ്ഥാനാര്‍ത്ഥിക്ക് മണ്ഡലത്തില്‍ ലഭിച്ച സ്വീകാര്യത വിജയം നേടാന്‍ കഴിയുമെന്ന് എന്‍ഡിഎയുടെ പ്രവര്‍ത്തകര്‍ കരുതുന്നു. രാജീവ്ഗാന്ധി നാഷണല്‍ സെന്റര്‍ ഏര്‍പ്പെടുത്തിയ ജില്ലയിലെ മികച്ച പഞ്ചായത്തംഗത്തിനുള്ള പുരസ്‌കാരം ലഭിച്ച വി.എന്‍. മനോജിന് കാഞ്ഞിരപ്പള്ളി മണ്ഡലത്തില്‍ വികസനം എത്തിക്കാന്‍ കഴിയുമെന്ന് വോട്ടര്‍മാര്‍ പറയുന്നു. പത്തുവര്‍ഷം എംഎല്‍എ ആയിരുന്നിട്ടും മണ്ഡലത്തില്‍ അടിസ്ഥാന വികസന പ്രവര്‍ത്തനം നടപ്പാക്കാന്‍ യുഡിഎഫ് എംഎല്‍എയ്ക്കായില്ലെന്ന് മുന്നണിയില്‍ നിന്ന് വിമര്‍ശനം ഉയരുന്നത് ഡോ. എന്‍. ജയരാജിന് വിനയായി. കേരള കോണ്‍ഗ്രസിലെ ഒരു വിഭാഗം പ്രചാരണ രംഗത്ത് സജീവമല്ലാത്തതും വോട്ടുചോര്‍ച്ചയ്ക്ക് കാരണമാകും. ചില സ്ഥാപിത താല്‍പര്യക്കാരുടെ പിടിയിലാണ് എംഎല്‍എയെന്നാണ് ഇവരുടെ വാദം. കോണ്‍ഗ്രസും പ്രചാരണത്തില്‍ സജീവമല്ലാത്തത് വിമര്‍ശന വിധേയമായിട്ടുണ്ട്. പുതിയ വികസന കാഴ്ചപ്പാടുകളൊന്നും അവതരിപ്പിക്കാനില്ലാതെയാണ് എല്‍ഡിഎഫിന്റെ മത്സരം. മണ്ഡലത്തിന്റെ പുറത്തുനിന്ന് സ്ഥാനാര്‍ത്ഥിയെ ഇറക്കുമതി ചെയ്തത് മുന്നണിയില്‍ തന്നെ ആക്ഷേപങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.