തൃശൂര്‍: തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസും സിപിഎമ്മും ഒന്നിക്കില്ലെന്ന് പ്രഖ്യാപിക്കാമോയെന്ന് അമിത് ഷാ വെല്ലുവിളിച്ചു. എന്‍ഡിഎ മണലൂര്‍ നിയോജകമണ്ഡലം സ്ഥാനാര്‍ത്ഥി എ. എന്‍. രാധാകൃഷ്ണന്റെ പ്രചാരണത്തിന്റെ ഭാഗമായി കാഞ്ഞാണിയില്‍ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അഗസ്റ്റ വെസ്റ്റ്ലാന്റ് ഹെലിക്കോപ്ടര്‍ ഇടപാടില്‍ കരാറില്‍ മാറ്റം വരുത്തുകയും പരിശോധന ഇറ്റലിയില്‍ നടത്തുകയും ചെയ്തത് ആര് പറഞ്ഞിട്ടാണെന്ന് അന്നത്തെ പ്രതിരോധമന്ത്രി എ.കെ. ആന്റണി വെളിപ്പെടുത്തണമെന്നും ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ ആവശ്യപ്പെട്ടു.
ഇടത് വലത് മുന്നണികളാണ് കേരളത്തിന്റെ വികസനത്തിന് തടസം നില്‍ക്കുന്നത്.ഈ മുന്നണികള്‍ക്ക് നേതൃത്വം നല്കുന്ന സിപിഎമ്മും കോണ്‍ഗ്രസും പ്രത്യയ ശാസ്ത്രമില്ലാത്ത പാര്‍ട്ടികളാണ്. ബംഗാളില്‍ സഖ്യത്തിലുള്ള ഇവര്‍ കേരളത്തില്‍ തെരഞ്ഞെടുപ്പിന് ശേഷം ഒന്നിക്കില്ലെന്ന് പ്രഖ്യാപിക്കാനാകുമോയെന്ന് അമിത് ഷാ വെല്ലുവിളിച്ചു.
കേന്ദ്രസര്‍ക്കാര്‍ തങ്ങളെ കുടുക്കാന്‍ നോക്കുന്നുവെന്നാണ് സോണിയയുടെ ആരോപണം. ആരേയും കുടുക്കലല്ല, മറിച്ച് അഴിമതിക്കാരെ വെറുതെ വിടരുതെന്നാണ് എന്‍ഡിഎ നയം, അമിത് ഷാ പറഞ്ഞു. രണ്ട് വര്‍ഷം പിന്നിടുന്ന മോദി സര്‍ക്കാരിനെതിരെ ഒരഴിമതിയാരോപണം പോലും ഇതുവരെ ഉന്നയിക്കാന്‍ കഴിഞ്ഞിട്ടില്ല. ടുജി, ആദര്‍ശ് ഫഌറ്റ്, അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഹെലിക്കോപ്ടര്‍, കല്‍ക്കരി തുടങ്ങിയ അഴിമതികള്‍ നടത്തിയ യുപിഎക്ക് നേതൃത്വം കൊടുക്കുന്ന സോണിയക്ക് അഴിമതിയെപ്പറ്റി പറയാനും പുത്രസ്നേഹം മാത്രമുള്ള അവര്‍ക്ക് ദേശസ്നേഹം പറയാനും അര്‍ഹതയില്ല.
യുഡിഎഫിന്റെ ടൈറ്റാനിയം,സോളാര്‍,ബാര്‍ തുടങ്ങിയ അഴിമതികള്‍ക്കെതിരെയുള്ള എല്‍ഡിഎഫിന്റെ മൗനം അവര്‍ തമ്മിലുള്ള സഹകരണത്തിന്റെ തെളിവാണ്. ഒരു സാഹചര്യത്തിലും ബിജെപി ഇവരുമായി സഖ്യമുണ്ടാക്കില്ല. രാജ്യത്ത് നിന്ന് കോണ്‍ഗ്രസും ലോകത്ത് നിന്ന് കമ്മ്യൂണിസവും തുടച്ചു നിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സമയത്താണ് തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നതെന്ന് അമിത് ഷാ അഭിപ്രായപ്പെട്ടു.ബിജെപി ക്രമസമാധാനം തകര്‍ക്കുന്നുവെന്ന സിപിഎം ആരോപണത്തിന് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ യാതൊരു ക്രമസമാധാന പ്രശനവും ഇല്ലെന്നായിരുന്നു മറുപടി.
വിഎസിനെ മുന്നില്‍ നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടുകയും ഭരണം ലഭിച്ചാല്‍ പിണറായിയെ മുഖ്യമന്ത്രിയാക്കുകയുമാണ് സിപിഎം ലക്ഷ്യമിടുന്നത്.എട്ട് ലക്ഷം പേര്‍ക്ക് ബാങ്ക് അക്കൗണ്ട്,സൗജന്യ പാചകവാതകം,വിവിധ പെന്ഷന്-ഇന്‍ഷൂറന്‍സ് പദ്ധതികള്‍, മുദ്രാ ബാങ്ക്,സ്റ്റാര്‍ട്ടപ്പ് ഇന്ത്യ,മെയ്ക്ക് ഇന്‍ ഇന്ത്യ തുടങ്ങി നിരവധി ജനക്ഷേമ പദ്ധതികള്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തിനകം മോദി സര്‍ക്കാര്‍ നടപ്പിലാക്കിക്കഴിഞ്ഞു. ഈ നേട്ടങ്ങള്‍ മുഴുവനായും ജനങ്ങളിലെത്താന്‍ കേരളത്തില്‍ എന്‍ഡിഎ അധികാരത്തിലെത്തണമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് സര്‍ജു തൊയക്കാവ് അദ്ധ്യക്ഷനായി. ബിജെപി മധ്യമേഖല ജനറല്‍ സെക്രട്ടറി എന്‍. പി. ശങ്കരന്‍കുട്ടി ,കേരള കോണ്‍ഗ്രസ് ചെയര്മാന് പി. സി. തോമസ്, ബിജെപി ജില്ലാ പ്രസിഡന്റ് എ. നാഗേഷ് സ്ഥാനാര്‍ത്ഥി എ.എന്‍. രാധാകൃഷ്ണന്,ബിഡിജെഎസ് മണ്ഡലം പ്രസിഡന്റ് വിമലാനന്ദന് മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: