അഴിമതിയെക്കുറിച്ച് പറയുമ്പോള്‍ വൈകാരിക രാഷ്ട്രീയം കളിക്കുന്നത് പഴയ തന്ത്രം: ഗഡ്കരി

Tuesday 10 May 2016 10:58 pm IST

തിരുവനന്തപുരം: അഴിമതി ആരോപണങ്ങള്‍ ഉയരുമ്പോള്‍വൈകാരിക രാഷ്ട്രീയം കളിക്കുകയെന്നത് കോണ്‍ഗ്രസിന്റെ പഴയ തന്ത്രമാണെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. കേസരി ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ 'വോട്ടുകാര്യം' പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ തന്ത്രത്തിന്റെ കാലം കഴിഞ്ഞു. സ്‌പെക്ട്രവും കോമണ്‍വെല്‍ത്തും ടുജിയും ത്രിജിയുമൊക്കെ ജനങ്ങള്‍ കണ്ടതാണ്. അഗസ്റ്റ ഹെലിക്കോപ്ടറില്‍ മോദിയോ സര്‍ക്കാരോ സോണിയയ്‌ക്കെതിരെ ഇത്രയുംകാലം എന്തെങ്കിലും പറഞ്ഞോ? പറഞ്ഞത് ഇറ്റലിയിലെ ഹൈക്കോടതിയാണ്. ഇറ്റലിയിലെ കോടതിവിധിക്ക് ബിജെപിയെ പഴിക്കുന്നതെന്തിന്. രാജ്യവുമായി ബന്ധപ്പെട്ട സംഭവമായതിനാല്‍ അനേ്വഷിക്കാതിരിക്കാന്‍ സര്‍ക്കാരിനാവില്ല. ഉത്തരാഖണ്ഡില്‍ വിശ്വാസ വോട്ടെടുപ്പ് ഫലത്തെ അംഗീകരിക്കുന്നു. ഇതിന് ബിജെപിയെ പഴിക്കുന്നതെന്തിനെന്ന് മനസ്സിലാവുന്നില്ല. കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്‌നങ്ങളാണ് വിശ്വാസ വോട്ടിലേക്കെത്തിച്ചത്. അതിനു മോദിയെയും ബിജെപിയെയും കുറ്റപ്പെടുത്തുന്നതെന്തിനാണ്. ഗഡ്കരി പറഞ്ഞു. ബിജെപി അധികാരത്തിലെത്തുമ്പോള്‍ പ്രതിദിനം രണ്ട് കിലോമീറ്റര്‍ റോഡ് നിര്‍മ്മിച്ചിരുന്നത് ഇന്ന് പ്രതിദിനം 20കിലോമീറ്ററായി. ഒന്നരലക്ഷം കോടി രൂപയുടെ റോഡ് നിര്‍മ്മാണവും ഒരുലക്ഷം കോടി രൂപയുടെ തുറമുഖ വികസനവും രണ്ടരലക്ഷം കോടിയുടെ അടിസ്ഥാനസൗകര്യ വികസനപദ്ധതികളും നടന്നുവരികയാണ്. കേരളത്തില്‍ വിഴിഞ്ഞം പദ്ധതി യാഥാര്‍ത്ഥ്യമാകുന്നു. ബിജെപി അധികാരത്തില്‍വന്നപ്പോള്‍ ജിഡിപി നിരക്ക് 4.25 ആയിരുന്നത് ഇന്ന് 7.5 ആയി. രണ്ടുവര്‍ഷത്തിനുള്ളില്‍ ഇത് 10 ആക്കാന്‍ കഴിയും. ബിജെപി ഭരണകാലത്ത് രാജ്യത്തെ പ്രധാന തുറമുഖങ്ങളില്‍നിന്ന് 6000 കോടി രൂപയുടെ ലാഭമുണ്ടാക്കാനായി. സാഗര്‍മാല പദ്ധതിയിലൂടെ എട്ടുലക്ഷം കോടിരൂപയുടെ വികസന പദ്ധതികളാണ് നടപ്പാക്കുക. തുറമുഖ വികസനത്തിന് നാലു ലക്ഷം കോടി രൂപയുടെയും അടിസ്ഥാന സൗകര്യ വികസനത്തിന് 12 ലക്ഷം കോടി രൂപയുടെയും പദ്ധതികളാണ് നടപ്പാക്കിവരുന്നത്. കാര്‍ഷിക സംസ്ഥാനങ്ങളില്‍ വേണ്ടത്ര ജലസേചനപദ്ധതികള്‍ ഇല്ലാത്തതാണ് കര്‍ഷകര്‍ നേരിടുന്ന പ്രധാനപ്പെട്ട വെല്ലുവിളി. ഇത് മറികടക്കാന്‍ ചരിത്രത്തിലാദ്യമായി ബജറ്റില്‍ വകയിരുത്തിയത് 80,000 കോടി രൂപയാണ്. 89 സുപ്രധാന ജലസേചനപദ്ധതികള്‍ രാജ്യത്ത് നടപ്പാക്കാന്‍ നടപടി ആരംഭിച്ചു കഴിഞ്ഞു. ബിജെപി വക്താവ് ജെ.ആര്‍. പത്മകുമാര്‍, കെയുഡബ്ലിയുജെ ജില്ലാ പ്രസിഡന്റ് സി. റഹീം, ട്രഷറര്‍ പി. ശ്രീകുമാര്‍ എന്നിവരും പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.