കണ്ണൂര്‍: ഇന്നലെ പ്രസിദ്ധീകരിച്ച ഹയര്‍സെക്കന്ററി പ്ലസ്ടു പരീക്ഷയില്‍ സംസ്ഥാനതലത്തില്‍ വിജയശതമാനത്തില്‍ ഒന്നാംസ്ഥാനം കണ്ണൂരിന്. ജില്ലയില്‍ 84.86ശതമാനം വിദ്യാര്‍ഥികളും ഉന്നതപഠനത്തിന് യോഗ്യത നേടി. 159 എച്എസ്എസ്സുകളിലായി 28976 വിദ്യാര്‍ഥികളാണ് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തത്. ഇവരില്‍ പരീക്ഷ എഴുതിയ 28832 പേരില്‍ 24467വിദ്യാര്‍ഥികളും വിജയിച്ച് ഉന്നതപഠനത്തിന് അര്‍ഹരായി. 907 പേര് എല്ലാവിഷയത്തിലും എപ്ലസ് നേടി.
ഓപ്പണ്‍ വിഭാഗത്തില്‍ 3721 വിദ്യാര്‍ഥികളാണ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ പരീക്ഷയെഴുതിയ 3619 പേരില്‍ 1444 പേര്‍ക്ക് മാത്രമാണ് വിജയകടമ്പ കടക്കാന്‍ കഴിഞ്ഞത്. വിജയശതമാനം 39.9.
മാഹിമേഖലയില്‍ ആറ് ഹയര്‍സെക്കണ്ടറി സ്കൂളില്‍ നിന്നായി 653 വിദ്യാര്‍ഥികളാണ് പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ പരീക്ഷയെഴുതിയ 649 പേരില്‍ 521 പേര് വിജയികളായി. വിജയശതമാനം 80.28. എല്ലാ വിഷയത്തിലും എപ്ലസ് നേടിയത് 25പേരാണ്.
വിഎച്ച്എസ്ഇ വിഭാഗത്തില്‍ വിജയശതമാനം 78.29ആണ് (പാര്‍ട് ഒന്ന്,രണ്ട്, മൂന്നില്‍ വിജയിച്ചവര്‍-ഇവര്‍ക്കാണ് ഉന്നത പഠനത്തിന് യോഗ്യത). അതേസമയം പാര്‍ട് ഒന്ന്, രണ്ട് മാത്രമായി വിജയിച്ചവര്‍ 88.45ശതമാനമാണ്.(ഇവര്‍ക്ക് വോക്കേഷനല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് ലഭിക്കും).
കണ്ണൂരില്‍ 1377പേരാണ് വിഎച്ച്എസ്ഇ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ പാര്‍ട്ട് ഒന്ന്, രണ്ട് എന്നവയില്‍ മാത്രമായി 1218 പേര് വിജയിച്ചു. എല്ലാ പാര്‍ട്ടിലും വിജയിച്ച് ഉന്നത പഠനത്തിന് യോഗ്യത നേടിയവര്‍ 1078പേരാണ്. കഴിഞ്ഞ വര്‍ഷം 79.08ആയിരുന്നു വിജയശതമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: