ജിഷയുടെ അമ്മയുടെ മൊഴി രേഖപ്പെടുത്തി

Wednesday 11 May 2016 12:01 pm IST

കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ ഏറ്റവും നിര്‍ണായകമെന്ന് പോലീസ് കരുതുന്ന അമ്മ രാജേശ്വരിയുടെ മൊഴി രേഖപ്പെടുത്തി. ഇന്നു രാവിലെ ഒമ്പത് മണിയോടെ പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ വനിതാ സെല്‍ സി.ഐ രാധാമണിയുടെ നേതൃത്വത്തിലാണ് മൊഴിയെടുത്തത്. മകളുടെ മരണത്തെ തുടര്‍ന്ന് ആശുപത്രിയിലായതോടെ ഇവരുടെ മൊഴി രേഖപ്പെടുത്താന്‍ ഇതുവരെ കഴിഞ്ഞിരുന്നില്ല. എന്നാല്‍ അന്വേഷണം എങ്ങുമെത്താത്ത ഘട്ടത്തില്‍ സാഹചര്യത്തെളിവുകള്‍ ബലപ്പെടുത്തുന്നതിനും സഹോദരി ദീപ, അയല്‍ക്കാര്‍ എന്നിവരുടെ മൊഴികള്‍ സാധൂകരിക്കുന്നതിനും രാജേശ്വരിയുടെ മൊഴി നിര്‍ണായകമാണ്. ജിഷയുടെ കൊലപാതകിയെന്ന് സംശയിച്ച് പോലീസ് നേരത്തെ പുറത്തിറക്കിയ രേഖാചിത്രം ജിഷയുടെ അമ്മയോ അയല്‍ക്കാരോ തിരിച്ചറിഞ്ഞിരുന്നില്ല. 28ന് വൈകിട്ട് ആറുമണിയോടെ ജിഷയുടെ വീടിനടുത്തെ കനാല്‍ പരിസരത്ത് ഒരാളെ കണ്ടെന്ന മൊഴി കേന്ദ്രീകരിച്ചാണ് ഇപ്പോഴും പ്രത്യേക സംഘത്തിന്റെ അന്വേഷണം പുരോഗമിക്കുന്നത്. സംഭവ സ്ഥലത്തോട് ചേര്‍ന്ന് പരിചയമില്ലാത്ത ഒരാളെ കണ്ടുവെന്ന് പ്രദേശത്തുള്ള നാലുപേര്‍ പോലീസിനോട് പറഞ്ഞിരുന്നു. ഇയാളെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ജിഷയുടെ അമ്മയില്‍നിന്നും ലഭിക്കുമെന്നാണ് പോലീസ് കരുതുന്നത്. വീടുമായി അടുപ്പമുള്ളയാളാണ് കൊലയാളിയെന്നാണ് പോലീസിന്റെ നിഗമനം. ദൃക്‌സാക്ഷിയില്ലാത്തതിനാല്‍ ഇക്കാര്യങ്ങളില്‍ അമ്മയുടെ മൊഴി പ്രധാന വഴിത്തിരിവാകുമെന്ന് കണക്കുകൂട്ടല്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.