വീണ്ടും സോളാര്‍: ഡിജിറ്റല്‍ തെളിവുകളുമായി

Wednesday 11 May 2016 11:20 pm IST

കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മകന്‍ ചാണ്ടി ഉമ്മന്‍, മന്ത്രിമാര്‍, എംഎല്‍എമാര്‍ എന്നിവരുമായി തനിക്കുള്ള ബന്ധം തെളിയിക്കുന്ന ഡിജിറ്റല്‍ തെളിവുകള്‍ സോളാര്‍ കമ്മീഷന് കൈമാറിയതായി സരിത. എസ്. നായര്‍. രണ്ട് പെന്‍ഡ്രൈവുകളും സുപ്രധാന രേഖകള്‍ അടങ്ങിയ രണ്ട് ഫയലുകളുമാണ് ഇന്നലെ സോളര്‍ കമ്മീഷനില്‍ സമര്‍പ്പിച്ചത്. വിവാദമായ കത്തും സരിത ഇന്നലെ ഹാജരാക്കി. കേരളത്തിന് താങ്ങാനാവാത്ത കൂടുതല്‍ തെളിവുകള്‍ 13ന് സോളാര്‍ കമ്മീഷന്‍ മുമ്പാകെ സമര്‍പ്പിക്കുമെന്നും സരിത പറഞ്ഞു. ജസ്റ്റിസ് ജി. ശിവരാജന്‍ കമ്മീഷന്‍ മുമ്പാകെ തെളിവുകള്‍ ഹാജരാക്കിയശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. സോളാര്‍ മാത്രമല്ല അഴിമതിയെന്നും കൊച്ചി ബോള്‍ഗാട്ടി പാലസിനടുത്ത് ലുലു കണ്‍വന്‍ഷന്‍ സെന്ററുമായി ബന്ധപ്പെട്ട ഭൂമി കച്ചവടത്തിന് ദൗര്‍ഭാഗ്യവശാല്‍ മുഖ്യമന്ത്രിയുടെ ഇടനിലക്കാരിയായി പ്രവര്‍ത്തിക്കേണ്ടി വന്നിട്ടുണ്ടെന്ന് സരിത ഇന്നലെ പുതിയ വെളിപ്പെടുത്തല്‍ നടത്തി. ലുലു കണ്‍വെന്‍ഷന്‍ സെന്ററുമായി ബന്ധപ്പെട്ട ഭൂമികച്ചവടത്തിന് ഉമ്മന്‍ചാണ്ടി ഒരു വ്യവസായിയുമായി നടത്തിയ ഫോണ്‍സംഭാഷണവും സോളാര്‍കേസുമായി ബന്ധപ്പെട്ട് നടത്തിയ ഗൂഢാലോചന തെളിയിക്കുന്ന ശബ്ദരേഖയുമാണ് സരിത ഹാജരാക്കിയ രണ്ട് പെന്‍ഡ്രൈവുകളില്‍. ഒരു സാധാരണ സ്ത്രീ തൊഴില്‍ സംരംഭകയെന്ന നിലയില്‍ തനിക്ക് ശാരീരികമായും മാനസികമായും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ചാണ്ടി ഉമ്മന്‍, മുന്‍ കേന്ദ്രമന്ത്രി കെ സി വേണുഗോപാല്‍, മന്ത്രിമാരായ എ.പി. അനില്‍കുമാര്‍, അടൂര്‍ പ്രകാശ്, ആര്യാടന്‍ മുഹമ്മദ്, എംഎല്‍എമാരായ ഹൈബി ഈഡന്‍, പി.സി. വിഷ്ണുനാഥ്, മോന്‍സ് ജോസഫ്, കോണ്‍ഗ്രസ് നേതാവ് എന്‍ സുബ്രഹ്മണ്യം എന്നിവരില്‍ നിന്നും മോശം അനുഭവങ്ങളുണ്ടായി. സാക്ഷരകേരളത്തിനെ ഞെട്ടിക്കുന്ന ചില ദൃശ്യങ്ങള്‍ 13 ന് സോളാര്‍ കമ്മീഷനില്‍ സമര്‍പ്പിക്കും. സ്ത്രീയെന്ന നിലയില്‍ താനനുഭവിച്ച കാര്യങ്ങള്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ വെളിപ്പെടുത്തുന്നതിന് തനിക്ക് ബുദ്ധിമുട്ടുണ്ട്. ഉമ്മന്‍ചാണ്ടിയുടെ അത്രയും തൊലിക്കട്ടി തനിക്കില്ലെങ്കിലും മാനസികമായി ഇതിനായി തയ്യാറെടുപ്പുകള്‍ നടത്തിവരികയാണെന്നും സരിത പറഞ്ഞു. കമ്മീഷന്‍ മുമ്പാകെ തുടര്‍ച്ചയായി ഹാജരാകുന്നതില്‍ വീഴ്ച വരുത്തിയ സരിതയെ ഇനി വിസ്തരിക്കുന്നില്ലെന്നും പ്രത്യേക അപേക്ഷ നല്‍കി വേണമെങ്കില്‍ തെളിവുകള്‍ ഹാജരാക്കാവുന്നതാണെന്നും നേരത്തെ കമ്മീഷന്‍ ഉത്തരവിട്ടിരുന്നു. ഇന്നലെ രാവിലെ 11 മണിയോടെ കമ്മീഷന്‍ ഓഫീസിലെത്തിയ സരിത മൂന്ന് മണിക്കൂറിന് ശേഷമാണ് മടങ്ങിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.