വിഎസ്സിനായി വോട്ടു ചോദിച്ചത് തെറ്റായിരുന്നുവെന്ന് പ്രീതി നടേശന്‍

Thursday 12 May 2016 10:20 am IST

പൂച്ചാക്കല്‍: താന്‍ ആദ്യകാലങ്ങളില്‍ കണിച്ചുകുളങ്ങരയിലെ ഓരോ വീട്ടിലും കയറിഇറങ്ങി വിഎസ്സിനുവേണ്ടി വീടുകളില്‍ ചെന്ന് വോട്ട് ചോദിച്ചത് ജീവിതത്തിലെ ഏറ്റവും വലിയ തെറ്റാണെന്ന് പ്രീതിനടേശന്‍. അരൂര്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ടി. അനിയപ്പന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം വിജയത്തിലെത്തിക്കുവാന്‍ പൂച്ചാക്കല്‍ വരേകാട് ഹാളില്‍ നടന്ന 'സ്ത്രീശക്തി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു എസ്എന്‍ട്രസ്റ്റ് മെമ്പറും കൂടിയായ പ്രീതി നടേശന്‍. എസ്എന്‍ഡിപി വിഭാവനം ചെയ്ത മൈക്രോ ഫിനാന്‍സ് സംരഭങ്ങളെ തകര്‍ക്കാനാണ് സിപിഎമ്മിന്റെ നീക്കമെന്നും സുതാര്യമായ മൈക്രോഫൈനാന്‍സിങ്ങിലൂടെ ലക്ഷക്കണക്കിനു വനിതകള്‍ക്ക് സ്വാശ്രയത്വം ആര്‍ജ്ജിക്കുവാന്‍ കഴിഞ്ഞെന്നും 60 വര്‍ഷം ഭരിച്ച ഇടതു വലതു മുന്നണികളുടെ ദുര്‍ഭരണത്തിന്റെ പരിണിത ഫലമായി പാരമ്പര്യതൊഴിലുകള്‍ നഷ്ടപ്പെട്ടിട്ടും ജനങ്ങള്‍ക്ക് ആശ്രയമായത് എസ്എന്‍ഡിപിയുടെ മൈക്രോഫൈനാന്‍സ് സംരംഭം ആയിരുന്നുവെന്നും പ്രീതി നടേശന്‍ കൂട്ടിച്ചേര്‍ത്തു. നാട്ടില്‍ സമത്വം പുലരണമെങ്കില്‍ പിന്നാക്കക്കാരിലും രാഷ്ട്രീയധികാരം എത്തണം. നരേന്ദ്രമോദിയുടെ കരങ്ങള്‍ക്ക് ശക്തി പകരുവാന്‍ കേരളത്തില്‍ എന്‍ഡിഎ അധികാരത്തിലെത്തിക്കണമെന്ന് അവര്‍ അഭ്യര്‍ത്ഥിച്ചു. എന്‍ഡിഎ മഹിളാസെല്‍ അരൂര്‍ മണ്ഡലം കമ്മറ്റിയാണ് സ്ത്രീശക്തി സംഗമം സംഘടിപ്പിച്ചത്. മഹിളാ മോര്‍ച്ച നിയോജക മണ്ഡലം പ്രസിഡണ്ട് വത്സ അഗസ്റ്റിന്‍ അദ്ധ്യക്ഷത വഹിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന ഉപാദ്ധ്യക്ഷ പി.ജി. ശശികല, എന്‍ഡിഎ ജനറല്‍ കണ്‍വീനര്‍ ടി. സജീവ് ലാല്‍, ബിഡിജെഎസ് മണ്ഡലം പ്രസിഡണ്ട് കെ.എസ്. ഷിബുലാല്‍, അമ്പിളി മധു, വിജയമ്മ ലാലു തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.