കാലടി: ആർഷഭാരതത്തിന് അദ്വൈതം ഉപദേശിച്ച ജഗദ്ഗുരു ആദിശങ്കരാചാര്യരുടെ ജന്മദിനത്തിൽ അദ്വൈത വീഥികളെ പ്രകമ്പനംകൊള്ളിച്ച് മഹാപരിക്രമ നടന്നു. വയനാട് കാസർകോട്, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള തീർത്ഥാടകർ മഹാപരിക്രമയിൽ പങ്കാളികളായി. പരിക്രമക്ക് മുന്നോടിയായി നടന്ന ജയന്തിസമ്മേളനത്തിൽ ആർഎസ്എസ് പ്രാന്തസംഘചാലക് പി.ഇ.ബി. മേനോൻ അധ്യക്ഷത വഹിച്ചു. സ്വാമി വിവിക്താനന്ദ (ചിന്മയമിഷൻ-കേരളഘടകം മേധാവി) മുഖ്യപ്രഭാഷണം നടത്തി.
വി.കെ. വിശ്വനാഥൻ, എം.കെ. കുഞ്ഞോൽ എന്നിവർ ആശംസകൾ നേർന്നു. സീമാജാഗരൺ മഞ്ച് അഖിലഭാരതീയ പ്രമുഖ് എ. ഗോപാലകൃഷ്ണൻ ജയന്തിസന്ദേശം നൽകി. കെ.എസ്.ആർ. പണിക്കർ സ്വാഗതവും കെ.പി. ശങ്കരൻ നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന മഹാപരിക്രമ കാഞ്ചി കാമകോടി കീർത്തിസ്തംഭത്തിൽ നിന്ന് പഞ്ചവാദ്യം, ശങ്കരാചാര്യരുടെ ജീവിതത്തിലെ നിരവധി സംഭവങ്ങൾ പ്രദർശിപ്പിച്ചുകൊണ്ടുള്ള നിശ്ചലദൃശ്യങ്ങൾ, ശങ്കരാചാര്യസ്വാമികളുടെ വേഷങ്ങൾ അണിഞ്ഞ കുട്ടികൾ, സ്വാമികളുടെ ധ്യാനത്തിലുള്ള വിഗ്രഹം വഹിച്ചുകൊണ്ടുള്ള രഥവുമെല്ലാം മഹാപരിക്രമക്ക് മാറ്റുകൂട്ടി. പരിക്രമ കാലടി ജംഗ്ഷൻ, ശ്രീരാമകൃഷ്ണ അദ്വൈതാശ്രമം, ആദിശങ്കര ജന്മഭൂമി ക്ഷേത്രം, കാലടി ശ്രീരാമകൃഷ്ണസ്വാമി ക്ഷേത്രം വഴി മുതലക്കടവിൽ എത്തി.
തുടർന്ന് പൂർണാനദീപൂജയും മുതലക്കടവ് മഹാസ്നാനവും നടന്നു. ആലുവ തന്ത്രവിദ്യപീഠം തന്ത്രി മുല്ലപ്പിള്ളി കൃഷ്ണൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ പൂജകൾ നടന്നു. നദീപൂജക്ക് പി. സദാനന്ദൻ നേതൃത്വം നൽകി. പരിക്രമക്ക് ടി.ആർ. മുരളീധരൻ, സി.പി. അപ്പു, രാജേഷ് തിരുവൈരാണിക്കുളം, വി.സി. ത്യാഗരാജൻ, ബ്രഹ്മചാരി ഭാർഗവരാമൻ, സി.പി. ശ്രീകുമാർ, രാജേഷ്ബാബു എന്നിവർ നേതൃത്വം നൽകി.
ആദിശങ്കര ജന്മദേശ വികസന സമിതി കാഞ്ചി കാമകോടി കീർത്തി സ്തംഭത്തിൽ സംഘടിപ്പിച്ച സന്യാസിസംഗമത്തിൽ നൂറ്കണക്കിന് സന്യാസി ശ്രേഷ്ഠർ പങ്കെടുത്തു. സംഗമത്തിൽ സ്വാമി ദർശനാനന്ദ സരസ്വതി അദ്ധ്യക്ഷനായി. വാഴൂർ തീർത്ഥപാദാശ്രമം അദ്ധ്യക്ഷൻ പ്രജ്ഞാനാനന്ദ തീർത്ഥപാദർ, ശിവഗിരി മഠത്തിലെ സ്വാമി സുകൃതാനന്ദ, സ്വാമി വിശ്വരൂപാനന്ദ, സരസ്വതിസ്വാമി സത്സ്വരൂപാനന്ദ സരസ്വതി, സ്വാമി വിരജാനന്ദ തീർത്ഥ, സ്വാമി അയ്യപ്പദാസ് എന്നിവർ പ്രസംഗിച്ചു. നെടുമ്പാശ്ശേരി വിമാനത്താവളത്തിന് ശ്രീശങ്കരാചാര്യ അന്താരാഷ്ട്ര വിമാനത്താവളം എന്ന് നാമകരണം ചെയ്യണമെന്ന് സംഗമം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: