മണ്ണഞ്ചേരിയില്‍ ആവേശം വിതറി രണ്‍ജിത് ശ്രീനിവാസ്

Thursday 12 May 2016 8:24 pm IST

ആലപ്പുഴ: മണ്ണഞ്ചേരി പഞ്ചായത്തിലെ ഓരോ വാര്‍ഡിലും ആവേശം വിതറിയാണ് എന്‍ഡിഎ ആലപ്പുഴ മണ്ഡലം സ്ഥാനാര്‍ത്ഥി രണ്‍ജിത് ശ്രീനിവാസ് ഇന്നലെ പ്രചാരണം നടത്തിയത്. രാവിലെ ബിജെപി ജില്ലാവൈസ് പ്രസിഡന്റ് സജു സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്ത വാഹന പര്യടനം പഞ്ചായത്തിലെ എല്ലാ മേഖലകളിലും എത്തി സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി. മണ്ണഞ്ചേരിയിലെ കുടിവെള്ള പ്രശ്‌നങ്ങള്‍ കഴിഞ്ഞ പതിനഞ്ചുവര്‍ഷമായി ഇവിടെ നിന്നും വിജയിച്ച് നിയമസഭയില്‍ എത്തിയ ആള്‍ക്ക് പരിഹാരം കാണാന്‍ കഴിഞ്ഞിട്ടില്ലെന്നും തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ വൃക്ഷത്തൈകളുമായി ഇറങ്ങിയത് വോട്ടു തട്ടാനുള്ള അടവാണെന്ന് ജനങ്ങള്‍ക്ക് ബോദ്ധ്യമായതായും സ്വീകരണത്തിന് നന്ദിപ്രകാശിക്കവേ രണ്‍ജിത് ശ്രീനിവാസ് അഭിപ്രായപ്പെട്ടു. പെരുമ്പാവൂരിലെ ജിഷയുടെ ഒറ്റമുറി വീടിനേക്കാള്‍ ശോചനീയമായ കുടിലുകള്‍ മണ്ഡലത്തിലെ കായല്‍ പ്രദേശങ്ങളില്‍ കാണാന്‍ കഴിയും. ഏതുസമയത്തും ഇത്തരം കുടിലുകളില്‍ അപകടസാദ്ധ്യത കൂടുതലാണ്. മാറി മാറി ഭരിച്ച ഇടതും വലതും മുന്നണികള്‍ ജില്ലയിലെ ഈ മേഖലകള്‍ കാണാതെ പോയത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. ചിലര്‍ പറയുന്നു അവര്‍ വന്നാല്‍ എല്ലാം ശരിയാകുമെന്ന്. 15 വര്‍ഷമായി അവരിലൊരാളാണ് ഇവിടെ എംഎല്‍എ ആയിരുന്നത്. എവിടെയാണ് ശരിയാക്കിയതെന്ന് ചൂണ്ടിക്കാണിക്കുമോ? മറ്റുചിലര്‍ പറയുന്നു തുടരണം ഈ ഭരണമെന്ന്. സോളാര്‍ മുതല്‍ മെത്രാന്‍ കായല്‍ നികത്തില്‍ വരെ അഴിമതി കാട്ടിയവരുടെ ഭരണമാണോ തുടരേണ്ടതെന്ന് വോട്ടര്‍മാരോട് ചോദിച്ചുകൊണ്ടാണ് മിക്ക സ്ഥലങ്ങളിലും സ്വീകരണങ്ങള്‍ക്ക് രണ്‍ജിത് മറുപടി പറഞ്ഞത്. ഉച്ചയ്ക്കുശേഷം വലിയ കലവൂരില്‍ നിന്ന് തുടങ്ങിയ പര്യടനം മാരാരിക്കുളം തെക്ക്, കാട്ടൂര്‍ തുടങ്ങിയ സ്ഥലങ്ങളിലൂടെ വൈകിട്ട് ഏഴിന് മാരാരിക്കുളം തെക്ക് പഞ്ചായത്തില്‍ സമാപിച്ചു. സമാപന സമ്മേളനം ബിജെപി ദക്ഷിണമേഖലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്‍ ഉദ്ഘാടനം ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.