തട്ടകം നിലനിര്‍ത്താന്‍ പാടുപെട്ട് മുന്നണികള്‍

Thursday 12 May 2016 9:04 pm IST

യുഡിഎഫിന്റെ തട്ടകമായിരുന്ന കോട്ടയം ജില്ലയില്‍ മാറ്റത്തിന്റെ പാതവെട്ടിത്തുറന്ന് എന്‍ഡിഎ മുന്നേറ്റം. കാലങ്ങളായി നിലനിന്ന രാഷ്ട്രീയ സമവാക്യങ്ങള്‍ ഇക്കുറി മാറിമറിയുമോ എന്ന ആശങ്കയിലാണ് ഇടത്, വലത് മുന്നണികള്‍. പരസ്യപ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കടക്കുമ്പോള്‍ വൈകാരിക തന്ത്രങ്ങള്‍ വരെ ഇരുമുന്നണികളും പയറ്റുന്നു. എല്ലാ മണ്ഡലങ്ങളിലും ഇടത് വലത് മുന്നണികള്‍ക്ക് വിമര്‍ശിക്കാന്‍ എന്‍ഡിഎ സഖ്യം മാത്രമാണ് വിഷയം. വരള്‍ച്ചയും അഴിമതിയും വികസന പ്രതിസന്ധിയുമെല്ലാം അവര്‍ പ്രചാരണങ്ങളില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നു. ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിന് പേരുകേട്ട കോട്ടയത്ത് എന്‍ഡിഎ നടത്തിയ മുന്നേറ്റവും പരിപാടികളിലെ ജനപങ്കാളിത്തവും എല്‍ഡിഎഫിനെയും യുഡിഎഫിനെയും ആശങ്കയിലാക്കിയിട്ടുണ്ട്. ഏറ്റുമാനൂര്‍ ഒഴികെ ജില്ലയിലെ കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന മണ്ഡലങ്ങളില്‍ ഇടത് മുന്നണി ഇക്കുറി മൃദു സമീപനമാണ് കൈക്കൊണ്ടിരിക്കുന്നത്. എന്‍ഡിഎ ശക്തമായ മത്സരം കാഴ്ചവയ്ക്കുന്നതിനാല്‍ നിയമസഭയില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥ ഉണ്ടായേക്കും. ഈ സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്റെ സഹായത്തോടെ മന്ത്രിസഭ രൂപീകരിക്കുകയാണ് സിപിഎം ലക്ഷ്യം. എന്‍ഡിഎ വന്‍ മുന്നേറ്റമുണ്ടാക്കുമെന്ന് ഉറപ്പായതോടെയാണ് ഇടതു മുന്നണിയുടെ ഈ തീരുമാനം. കേരളത്തില്‍ ഒരു തൂക്കുമന്ത്രിസഭയ്ക്കുള്ള സാധ്യത സിപിഎമ്മും തള്ളിക്കളയുന്നില്ല. ഈ പശ്ചാത്തലത്തിലാണ് രണ്ട് തവണ പിണറായി വിജയന്‍ ചതുഷ്‌കോണ മത്സരം നടക്കുന്ന പൂഞ്ഞാറിലെത്തിയത്. പൂഞ്ഞാറില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഉല്ലാസ്, പി.സി. ജോര്‍ജ്ജ് എന്നിവര്‍ ജയിക്കാന്‍ പാടില്ലെന്നാണ് പാര്‍ട്ടി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇടതു മുന്നണി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്യണമെന്ന് നിര്‍ബന്ധിക്കുന്നുമില്ല. ഇത് വിരല്‍ ചൂണ്ടുന്നത് സിപിഎം-കേരള കോണ്‍ഗ്രസ് (എം) രഹസ്യ ധാരണയിലേക്കാണ്. കേരള കോണ്‍ഗ്രസ് (എം) മത്സരിക്കുന്ന മണ്ഡലങ്ങളില്‍ ശക്തരായ സ്ഥാനാര്‍ത്ഥികളെ എല്‍ഡിഎഫ് രംഗത്തിറക്കിയിട്ടില്ലെന്ന് എന്‍ഡിഎ മുന്‍പ്തന്നെ ആക്ഷേപിച്ചിരുന്നു. ഏറ്റുമാനൂരില്‍ എന്‍ഡിഎയുമായി എല്‍ഡിഎഫ് നേരിട്ടാണ് മത്സരം. അതിനാലാണ് പരിചിതനായ സ്ഥാനാര്‍ത്ഥിയെ എല്‍ഡിഎഫ് രംഗത്തിറക്കിയത്. കേരള രാഷ്ട്രീയത്തിലെ പ്രമുഖര്‍ മാറ്റുരയ്ക്കുന്ന ജില്ല കൂടിയാണ് കോട്ടയം. ഈ മണ്ഡലങ്ങളില്‍ എല്‍ഡിഎഫിന്റെ പ്രചാരണം ഒരു ചലനവും സൃഷ്ടിച്ചിട്ടില്ല. ഇത് യുഡിഎഫും എല്‍ഡിഎഫും തമ്മിലുള്ള സഖ്യത്തെയാണ് വെളിവാക്കുന്നത്. പുതുപ്പളളി, പാലാ, കോട്ടയം നിയോജകമണ്ഡലങ്ങളില്‍ എന്‍ഡിഎയാണ് പ്രചാരണത്തിലും ജനപങ്കാളിത്തത്തിലും മുന്നിലേക്കെത്തുന്നത്. എല്‍ഡിഎഫ് ഇവിടെ മൂന്നാംസ്ഥാനത്താണ്. ചങ്ങനാശേരിയില്‍ വിമത ഭീഷണിയാണ് ഇരു മുന്നണികളും നേരിടുന്ന പ്രധാന വെല്ലുവിളി. മണ്ഡലത്തില്‍ എന്‍ഡിഎയുടെ പ്രചാരണം ചിട്ടയോടെയാണ് മുന്നേറിയത്. വികസനകാര്യങ്ങളില്‍ മണ്ഡലം പിന്നാക്കം നില്‍ക്കുന്നത് നിലവിലുള്ള എംഎല്‍എയ്ക്ക് ഭീഷണിയാണ്. ശക്തമായ ത്രികോണ മത്സരം അരങ്ങേറുന്ന ചങ്ങനാശ്ശേരയില്‍ എന്‍ഡിഎയ്ക്ക് വിജയപ്രതീക്ഷയുണ്ട്. ജില്ലയില്‍ ഏറ്റവും കടുത്ത ത്രികോണ മത്സരം നടക്കുന്നത് കാഞ്ഞിരപ്പള്ളിയിലാണ്. മണ്ഡലത്തില്‍ വിജയമുറപ്പിക്കുന്ന പ്രവര്‍ത്തനങ്ങളുമായാണ് എന്‍ഡിഎ മുന്നേറുന്നത്. മുന്‍ തെരഞ്ഞെടുപ്പുകളില്‍ മണ്ഡലത്തില്‍ ബിജെപിക്കുണ്ടായ വോട്ട് വര്‍ദ്ധനയും സ്വീകാര്യതയും ഇക്കുറി വര്‍ദ്ധിക്കും. ഇത് വിജയത്തിലേക്ക് നയിക്കുമെന്നാണ് പ്രവര്‍ത്തകര്‍ കരുതുന്നത്. മണ്ഡലത്തില്‍ എല്‍ഡിഎഫിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കാര്യമായ ചലനങ്ങള്‍ ഉണ്ടാക്കാന്‍ സാധിച്ചിട്ടുമില്ല. ദേശീയ നേതാക്കളുടെ പ്രചാരണ യോഗങ്ങളിലും സുരേഷ് ഗോപി എംപി നടത്തിയ റോഡ് ഷോയിലും മറ്റും വന്‍ ജനപങ്കാളിത്തമാണ് ഉണ്ടായത്. നിലവിലുള്ള എംഎല്‍എയ്ക്ക് മണ്ഡലത്തില്‍ കാര്യമായ വികസന പദ്ധതികള്‍ കൊണ്ടുവരാന്‍ കഴിയാതെ പോയത് അവര്‍ക്ക് കനത്ത തിരിച്ചടിയാവുമെന്നും വിലയിരുത്തപ്പെടുന്നു. വൈക്കം മണ്ഡലം എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റാണ്. എന്നാല്‍ ഇക്കുറി സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം മുതല്‍ ഇടതു മുന്നണിയില്‍ കല്ലുകടി തുടങ്ങി. യുഡിഎഫിലും അസ്വാരസ്യങ്ങള്‍ ഉയര്‍ന്നു. ഇത് പ്രചാരണത്തെയും ബാധിച്ചിരുന്നു. ഈ ഘടകങ്ങള്‍ മണ്ഡലത്തില്‍ നിലവിലുണ്ടെന്ന് വിശ്വസിക്കപ്പെട്ടിരുന്ന രാഷ്ട്രീയ ചായ്‌വിനെ ബാധിച്ചിട്ടുണ്ട്. കേരളത്തിലെ ഏറ്റവും പിന്നാക്കമായ രണ്ട് പഞ്ചായത്തുകള്‍ ഈ മണ്ഡലത്തിലാണ്. നിലവിലുള്ള സ്ഥിതിയില്‍ നിന്നും ഒരു മാറ്റം ഇന്ന് വൈക്കം ആഗ്രഹിക്കുന്നു. 66,000 ത്തോളം എസ്എന്‍ഡിപി വോട്ടുകളാണ് ഇവിടെയുള്ളത്. ഇതാകും നിര്‍ണ്ണായകമായ ഘടകം. എല്‍ഡിഎഫ് പ്രചാരണ രംഗത്തുപോലും പാടെ പിന്നാക്കം പോയ മണ്ഡലമാണ് കടുത്തുരുത്തി. ഇവിടെ എന്‍ഡിഎയും യുഡിഎഫും തമ്മിലാണ് മത്സരം. കേരളാ കോണ്‍ഗ്രസ്സിന് നിര്‍ണ്ണായക സ്വാധീനമുള്ള പ്രദേശമാണ് കടുത്തുരുത്തി. ഇവിടെ പഞ്ചായത്തിന്റെ ഭരണം സിപിഎമ്മിന് നല്‍കിയത് മോന്‍സ് ജോസഫ് എംഎല്‍എയുടെ നീക്കത്തിലൂടെയാണ്. ഇതിന് പ്രത്യുപകാരമായാണ് മണ്ഡലത്തില്‍ പ്രചാരണ രംഗത്തുപോലും എല്‍ഡിഎഫ് പിന്നാക്കം പോയത്. പ്രചാരണം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന അവസാന മണിക്കൂറുകളില്‍ പോലും ഇടത് വലത് മുന്നണികള്‍ ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിന്റെ ചുരുള്‍ നിവര്‍ത്തുകയാണ്. തെരഞ്ഞെടുപ്പിലെ തിരിച്ചടികള്‍ മുന്‍കൂട്ടികണ്ട് ജനങ്ങളെ കബളിപ്പിക്കുവാനുള്ള തന്ത്രമാണ് ഇവരിടെ അരങ്ങേറുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.