രണ്ടേകാല്‍ കിലോ കഞ്ചാവുമായി രണ്ട് പേര്‍ എക്‌സൈസ് പിടിയില്‍

Thursday 12 May 2016 9:50 pm IST

വണ്ടിപ്പെരിയാര്‍:  രണ്ടേകാല്‍ക്കിലോ കഞ്ചാവ്  കടത്തികൊണ്ട് വന്ന രണ്ട് പേര്‍ എക്‌സൈസ് പിടിയില്‍. കൊല്ലം അഷ്ടമുടി മുക്ക് സൗപര്‍ണ്ണിക വീട്ടില്‍ ഉദയകുമാര്‍(38), ആറ്റിങ്ങല്‍ കുന്നുവാരം വൈശാഖ് വീട്ടില്‍ രമേശ്(34) എന്നിവരെ വണ്ടിപ്പെരിയാര്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. തമിഴ്‌നാട് കമ്പം സ്വദേശിയില്‍ നിന്നും കുമളി ഗ്രേസി തിയേറ്ററിന്റെ കോമ്പൗണ്ടില്‍ വച്ച്  കഞ്ചാവ് വാങ്ങി പുറത്തേയ്ക്ക് ഇറങ്ങി വരുന്ന വഴിയാണ് ഇവര്‍ പിടിക്കപ്പെട്ടത്. കമ്പം സ്വദേശിയുമായി ഫോണ്‍ വഴി കച്ചവടം ഉറപ്പിച്ച ശേഷം രണ്ട് പേരും തിയേറ്ററില്‍ കാത്ത് നില്‍ക്കുകയായിരുന്നു. രണ്ടേകാല്‍ക്കിലോ കഞ്ചാവ്  പേപ്പറില്‍ പൊതിഞ്ഞ് തോള്‍ ബാഗിലാക്കി ഒളിപ്പിച്ച നിലയിലായിരുന്നു. പിടിക്കപ്പെട്ട ഉദയകുമാര്‍കൊല്ലം ജില്ലയില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. പ്രതികളെ പീരുമേട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. വണ്ടിപ്പെരിയാര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സുനില്‍രാജ് സി കെ, പ്രിവന്റീവ് ഓഫീസര്‍മാരായ സേവ്യര്‍ പി ഡി, കൃഷ്ണകുമാര്‍ സി പി,  സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ രാജ്കുമാര്‍ ബി, രവി വി, അനീഷ് ടി എ, ഡ്രൈവര്‍ സുമേഷ് എന്നിവര്‍ ചേര്‍ന്നാണ് കേസ് കണ്ടുപിടിച്ചത്. കഴിഞ്ഞ നാല് മാസത്തിനിടെ നൂറികിലോയിലധികം കഞ്ചാവാണ് ജില്ലയില്‍ പിടിച്ചത്. വണ്ടിപ്പെരിയാറില്‍ നിന്നാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.