രാജ്യം കട്ടുമുടിച്ചവര്‍ക്ക് രാജ്യസ്‌നേഹത്തെക്കുറിച്ച് പറയാനവകാശമില്ല: അമിത് ഷാ

Thursday 12 May 2016 10:06 pm IST

  കോഴിക്കോട്: രാജ്യം കട്ടുമുടിച്ചവര്‍ക്ക് രാജ്യസ്‌നേഹത്തെക്കുറിച്ച് പറയാനവകാശമില്ലെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ. ഇന്നലെ കോഴിക്കോട്ടും, കുന്ദമംഗലത്തും നടന്ന എന്‍ഡിഎ പ്രചാരണ യോഗങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സോണിയ ഗാന്ധി കേരളത്തില്‍ വന്ന് വികാരഭരിതയായി സംസാരിച്ചുവെന്നറിഞ്ഞു. പത്ത് വര്‍ഷത്തെ യുപിഎ ഭരണം കൊണ്ട് പന്ത്രണ്ട് ലക്ഷം കോടി രൂപയുടെ അഴിമതിയാണ് അവര്‍ നടത്തിയത്. മന്‍മോഹന്‍ സര്‍ക്കാരിന്റെ ഭരണകാലത്ത് നടന്ന അഴിമതികള്‍ രാജ്യത്ത് പൊതുഖജനാവിന് വന്‍ നഷ്ടമുണ്ടാക്കി. കേരളത്തിലും പാമോലിന്‍ മുതല്‍ ബാര്‍ വരെ നിരവധി അഴിമതികള്‍ നടന്നു. കേരളത്തിലേക്ക് ബിജെപി മന്ത്രിമാരും നേതാക്കളും വരുന്നതിനെ വിമര്‍ശിക്കുന്ന എ.കെ. ആന്റണിക്ക് മറുപടിയായി ബിജെപിക്ക് രഹസ്യ അജണ്ടയൊന്നുമില്ലെന്നും എല്‍ഡിഎഫിനെയും യുഡിഎഫിനെയും കേരള രാഷ്ട്രീയത്തില്‍ നിന്ന് ഉച്ഛാടനം ചെയ്യുകയെന്ന പരസ്യ അജണ്ടയണുള്ളതെന്നും അദ്ദേഹം പറഞ്ഞു. ബിജെപി അധികാരത്തില്‍ വന്നാല്‍ മതേതരത്വം തകരുമെന്നാണ് യെച്ചൂരി ആരോപിക്കുന്നത്. എന്നാല്‍, രാജ്യത്ത് നാല് സംസ്ഥാനങ്ങളില്‍ പോലും ഭരണമില്ലാത്ത പാര്‍ട്ടിയാണ് പതിനാല് സംസ്ഥാനങ്ങള്‍ ഭരിക്കുന്ന ബിജെപിയെ വിമര്‍ശിക്കുന്നത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സമ്പൂര്‍ണ്ണ ശാന്തിയും വികസനവുമാണുള്ളത്. അധികാരലബ്ധിക്കായി എന്ത് ചെയ്യാനും തയാറെന്ന് ഇരുമുന്നണികളും തെളിയിച്ചിരിക്കുന്നു. അവര്‍ക്ക് ആദര്‍ശ രാഷ്ട്രീയമില്ല. പശ്ചിമ ബംഗാളില്‍ ഒന്നിച്ചവര്‍ കേരളത്തില്‍ രണ്ടായി മത്സരിക്കുന്നു. കേരളത്തില്‍ ഇതുവരെ നിഷേധാത്മക വോട്ടായിരുന്നു. യുഡിഎഫ് ഭരിക്കുമ്പോള്‍ യുഡിഎഫിനെ തോല്‍പ്പിക്കാനും എല്‍ഡിഎഫ് ഭരിക്കുമ്പോള്‍ എല്‍ഡിഎഫിനെ തോല്‍പ്പിക്കാനുമായിരുന്നു കേരളം വോട്ട് ചെയ്തത്. നിഷേധാത്മക വോട്ടിനു പകരം ബിജെപിയെ വിജയിപ്പിക്കുന്നതിനു കേരളം പോളിങ് ബൂത്തിലെത്തണം. കേരളത്തെ സാംസ്‌കാരികമായി തകര്‍ത്ത ഇരുമുന്നണികളും വികസനത്തെ പുറകോട്ടടിക്കുന്നു. വികസനത്തിന്റെ എല്ലാ സാദ്ധ്യതകളെയും അവര്‍ ഇല്ലാതാക്കി. കേരളത്തിലെ മിടുക്കരായ യുവതീയുവാക്കള്‍ക്ക് ഇവിടെ തന്നെ ജോലി ലഭിക്കുന്ന അവസരമുണ്ടാകണം - അദ്ദേഹം പറഞ്ഞു. വിഎസ്സിനെ മുഖ്യമന്ത്രിയാക്കാന്‍ സിപിഎം തയാറുണ്ടോ?. ഈ ചോദ്യത്തിന് സിപിഎം ഇതുവരെ മറുപടി നല്‍കിയിട്ടില്ല. വി.എസ്സിനെ ഉയര്‍ത്തിക്കാട്ടി പിണറായിയെ മുഖ്യമന്ത്രിയാക്കാനാണ് സിപിഎം ശ്രമമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. എന്‍ഡിഎ നോര്‍ത്ത് മണ്ഡലം സ്ഥാനാര്‍ത്ഥി കെ.പി. ശ്രീശന്‍, ബേപ്പൂര്‍ മണ്ഡലം സ്ഥാനാര്‍ത്ഥി അഡ്വ.കെ.പി. പ്രകാശ് ബാബു, സൗത്ത് മണ്ഡലം സ്ഥാനാര്‍ത്ഥി കുറ്റിയില്‍ സതീശന്‍, ബിഡിജെഎസ് നാഷണല്‍ എക്‌സിക്യൂട്ടീവ് അംഗം അരയാക്കണ്ടി സന്തോഷ്, കൊല്ലം തുളസി, അഹല്യ ശങ്കര്‍, പി. രഘുനാഥ്, പി. ജിജേന്ദ്രന്‍, ടി. ബാലസോമന്‍, ടി.വി. ഉണ്ണികൃഷ്ണന്‍, പി.സി. മോഹനന്‍ മാസ്റ്റര്‍, ബി.കെ. പ്രേമന്‍ എന്നിവര്‍ പങ്കെടുത്തു. അഡ്വ.വി.പി. ശ്രീപത്മനാഭന്‍ അമിത് ഷായുടെ പ്രസംഗം പരിഭാഷപ്പെടുത്തി. കുന്ദമംഗലത്ത് നടന്ന ബിജെപി മഹാസമ്മളനത്തില്‍ സ്ഥാനാര്‍ത്ഥികളായ സി.കെ. പത്മനാഭന്‍, അലി അക്ബര്‍, ഗിരി പാമ്പനാല്‍ എന്നിവര്‍ പങ്കെടുത്തു. ചേറ്റൂര്‍ ബാലകൃഷ്ണന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.