യെച്ചൂരിയെ വീഴ്ത്താന്‍ കാരാട്ട്; ആകെ കുഴപ്പത്തിലായത് അണികള്‍

Thursday 12 May 2016 10:11 pm IST

കൊച്ചി: പശ്ചിമ ബംഗാളില്‍ സിപിഎമ്മിന് കോണ്‍ഗ്രസുമായി സഖ്യമുണ്ടെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സ്വയം സമ്മതിച്ചതാണ്. കോണ്‍ഗ്രസ് നേതാക്കളും അതു ശരിവെച്ചു. കേരളത്തിലെ കുട്ടിസഖാക്കളും അതു തലകുലുക്കി സമ്മതിച്ചു. പക്ഷേ, മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറയുന്നു, അങ്ങനെ ഒരു തീരുമാനം പാര്‍ട്ടിയ്ക്കില്ലായിരുന്നുവെന്ന്. ഇതുവഴി, മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, അടുത്ത പോളിറ്റ് ബ്യൂറോ യോഗത്തില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയ്‌ക്കെതിരേയുള്ള യുദ്ധത്തിന് പ്രഖ്യാപനം നടത്തുകയായിരുന്നു. നേതാക്കളുടെ ഭിന്നാഭിപ്രായത്തില്‍ കേരളത്തിലെ അണികളാകട്ടെ ആകെ ആശയക്കുഴപ്പത്തിലുമായി. ബിജെപിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസുമായി ധാരണയിലെത്തിയിരിക്കുകയാണ് കേരളത്തിലും സിപിഎം. സോണിയയും സീതാറാം യെച്ചൂരിയും എ. കെ. ആന്റണിയും ചേര്‍ന്നുണ്ടാക്കിയ ദേശീയ പദ്ധതിയുടെ ഭാഗമായാണിത്. ഇവരുടെ രഹസ്യ കൂടിക്കാഴ്ച വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെയാണ് കാരാട്ടിന്റെ പരസ്യ പ്രഖ്യാപനം. കോണ്‍ഗ്രസുമായി ഒരു തരത്തിലുള്ള സഖ്യത്തിനും ധാരണയ്ക്കും പാര്‍ട്ടി തീരുമാനം ഇല്ലെന്നാണ് കാരാട്ടു പറഞ്ഞത്. ഇത് യെച്ചൂരിയുടെയും മറ്റു നേതാക്കളുടെയും അവകാശവാദങ്ങളെ ചെറുക്കലാണ്. പാര്‍ട്ടിയില്‍ യെച്ചൂരിയുടെ കോണ്‍ഗ്രസ് ബന്ധനയത്തെ എതിര്‍ക്കുന്ന കാരാട്ട് തുറന്ന യുദ്ധത്തിന് ഒരുമ്പെട്ടാണ്. കേരളത്തില്‍ പിണറായി, കോടിയേരി കൂട്ടരുടെ പിന്തുണ യെച്ചൂരിയ്ക്കുണ്ടെങ്കിലും പിബിയിലുള്ള ചില കേരള നേതാക്കള്‍ കാരാട്ടു പക്ഷത്താണ്. എന്നാല്‍, കാരാട്ടിന്റെ പ്രഖ്യാപനം ആകെ ആശയക്കുഴപ്പത്തിലാക്കിയത് പാര്‍ട്ടി അണികളെയാണ്. കോണ്‍ഗ്രസുമായി സംസ്ഥാനത്ത് സിപിഎം ഉണ്ടാക്കിയിരികുന്ന ധാരണകള്‍ക്ക് തടയിടുന്നതാണ് കാരാട്ടിന്റെ നിലപാട്. കാരാട്ടിന്റെ നിലപാടാണ് ശരിയെന്നും അതാണു പിന്തുടരേണ്ടതെന്നും ശക്തമായി വാദിയ്ക്കുന്നവര്‍ക്ക് വീറു പകരുന്നതാണ് പുതിയ പ്രസ്താവന. പാര്‍ട്ടിയെ കോണ്‍ഗ്രസിന് അടിയറവെക്കുന്ന നാണംകെട്ട നയത്തിനെതിരേ നിലപാടെടുക്കാന്‍ കാരാട്ടിന്റെ പ്രസ്താവന അവര്‍ക്ക് ശക്തി നല്‍കിയിട്ടുണ്ട്. പോളിറ്റ്ബ്യൂറോയുടെ അടുത്ത യോഗം മെയ് മൂന്നാം വാരം ന്യുദല്‍ഹിയില്‍ നിശ്ചയിച്ചിട്ടുണ്ട്. യെച്ചൂരി-സോണിയ-ആന്റണി രഹസ്യ കൂടിക്കാഴ്ചയും ബംഗാള്‍-കേരള രാഷ്ട്രീയ സഖ്യവുമായിരിക്കും മുഖ്യ ചര്‍ച്ചാ വിഷയം. യെച്ചൂരിക്കെതിരേ കാരാട്ട് പിന്തുണ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. '' 1964-ല്‍ ശ്രീപാദ് അമൃത് ഡാങ്കെ എന്ന എസ്.ആര്‍. ഡാങ്കെ നേരിട്ട വിമര്‍ശനവും വെല്ലുവിളിയും യെച്ചൂരിക്ക് പിബിയില്‍ വരും ദിവസങ്ങളില്‍ നേരിടേണ്ടിവരും. 1970 കളില്‍ ബംഗാളില്‍ സിപിഐയും സിപിഎമ്മും തമ്മില്‍ മത്സരിക്കാനിടയായ സാഹചര്യം പോലൊന്ന് വരും നാളുകളില്‍ സിപിഎമ്മിലെ യെച്ചൂരി-പിണറായി ലൈനിനെ എതിര്‍ക്കുന്ന വിഭാഗവുമായി ഉണ്ടായിക്കൂടെന്നില്ല,'' പാര്‍ട്ടിയുടെ സജീവ നിരീക്ഷകന്‍ പറഞ്ഞു. കാരാട്ടിന്റെ വാക്കുകളാണ് പാര്‍ട്ടി നയമെങ്കില്‍ അതു പരസ്യമായും ഔദ്യോഗികമായും പറയാന്‍ യെച്ചൂരിയും കോടിയേരിയും പിണറായിയും തയ്യാറാകണം, അല്ലെങ്കില്‍ എന്തപേരിലായാലും കോണ്‍ഗ്രസിന് വോട്ടുചെയ്യാന്‍ പറയുന്നതിനെ അനുകൂലിയ്ക്കാനും വോട്ടുചെയ്യാനും പോകില്ല, സിപിഎമ്മിലെ ആദര്‍ശ നിലപാടുള്ളവര്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.